സംഗീത മാന്ത്രികന് 57-ാം പിറന്നാൾ; കേൾക്കാം ഏവർക്കും പ്രിയപ്പെട്ട റഹ്മാൻ ഹിറ്റ്സ്!
മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് തന്റ കയ്യൊപ്പ് പതിച്ച സംഗീതജ്ഞനാണ് എ.ആർ റഹ്മാൻ. യാതൊരു ആമുഖവും ആവശ്യമില്ലാത്ത പേരും, മുഖവും, സംഗീതവുമാണത്. ആറ് ദേശീയ ചലച്ചിത്ര അവാർഡുകൾ, രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ഒരു ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. 2010ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. (Masterpieces of AR Rahman to listen on his birthday)
1990 കളുടെ തുടക്കത്തിൽ തമിഴ് ചിത്രമായ റോജയിലൂടെയാണ് എആർ റഹ്മാൻ തന്റെ കരിയർ ആരംഭിച്ചത്. സ്ലംഡോഗ് മില്യണയർ (2008) എന്ന ചിത്രത്തിലെ സംഗീതത്തിന് 81-ാമത് അക്കാദമി അവാർഡിൽ മികച്ച ഒറിജിനൽ സ്കോറിനും മികച്ച ഒറിജിനൽ ഗാനത്തിനുമുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തി.
സംഗീതം കൊണ്ട് മായാജാലം തീർക്കുന്ന വിശ്വകലാകാരന്റെ ഗാനങ്ങളിൽ മികച്ചത് എന്നൊരു തിരഞ്ഞെടുപ്പ് ഏറെ ബുദ്ധിമുട്ടുള്ളതാണ്. ഇന്ന് റഹ്മാൻ പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ഒരിക്കലും മറക്കാനാകാത്ത ഗാനങ്ങളിൽ ചിലത് നിങ്ങൾക്കായി താഴെ കുറിക്കുന്നു. കണ്ണും പൂട്ടി ഓർമ്മകളെ പുണർന്ന് അവയോക്കെ ഒരു തവണ കൂടെ കേട്ട് നോക്കൂ. നിമിഷങ്ങൾക്കുള്ളിൽ നമ്മൾ മറ്റൊരു ലോകത്തേക്ക് സഞ്ചരിക്കുമെന്ന് ഉറപ്പ്.
ഉയിരേ ഉയിരേ…(ചിത്രം: ബോംബെ, 1995)
1995-ൽ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിലെ റൊമാന്റിക് ഗാനം ഇന്നും ശ്രോതാക്കൾക്ക് പ്രിയപ്പെട്ടതാണ്. അരവിന്ദ് സ്വാമി, മനീഷ കൊയ്രാള എന്നിവർ ചേർന്നഭിനയിച്ച ഗാനം ആലപിച്ചത് ഹരിഹരനും കവിതാ കൃഷ്ണമൂർത്തിയും ചേർന്നാണ്.
പുതു വെള്ളൈ മഴൈ…(ചിത്രം: റോജ, 1992)
1992-ൽ പുറത്തിറങ്ങിയ റോജ എന്ന സിനിമയിൽ ചിത്രയും എസ്പി ബാലസുബ്രഹ്മണ്യവും ചേർന്നാലാപിച്ച ഗാനം. മധുവും അരവിന്ദ് സ്വാമിയും മത്സരിച്ചഭിനയിച്ച ഗാനം കേൾക്കാത്ത ഒരു ഇൻഡ്യാക്കാരനനെഗിലും ഉണ്ടോ എന്ന് സംശയമാണ്.
ചൈയ്യ ചൈയ്യ…(ചിത്രം: ദിൽ സേ, 1998)
ഏകദേശം 25 വർഷങ്ങൾക്ക് ശേഷവും ജനമനസുകളിൽ ഉറച്ചുനിൽക്കുന്ന ഗാനങ്ങളിലൊന്നാണ് ഈ പോപ്പ്-ഫോക്ക് ഗാനം. ഓടുന്ന ട്രെയിനിന് മുകളിൽ ഷാരൂഖ് ഖാനും മലൈക അറോറയും ചേർന്നുള്ള നൃത്തരംഗങ്ങൾക്ക് ആരാധകരേറെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് സപ്ന അവസ്തിയും സുഖ്വീന്ദർ സിങ്ങും ചേർന്നാണ്.
Read also: ‘അടിച്ചുമാറ്റിയതല്ല, ഇതെല്ലാം പപ്പയുടേതാ’; ജഗതിച്ചേട്ടന് പിറന്നാൾ സമ്മാനവുമായി ശ്രീലക്ഷ്മി
കുൻ ഫയ കുൻ… (ചിത്രം: റോക്ക്സ്റ്റാർ, 2011)
എക്കാലത്തെയും മികച്ച സൂഫി ഗാനങ്ങളിലൊന്നാണ് ‘കുൻ ഫയ കുൻ’. 2011-ൽ പുറത്തിറങ്ങിയ ‘റോക്ക്സ്റ്റാർ’ എന്ന ചിത്രത്തിലേതാണ് ഈ ശ്രുതിമധുരവും ഹൃദയസ്പർശിയുമായ ഈ ഗാനം. ചിത്രത്തിൽ രൺബീർ കപൂർ പാടുന്ന ഗാനം എ ആർ റഹ്മാൻ, ജാവേദ് അലി, മോഹിത് ചൗഹാൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ജയ് ഹോ...(ചിത്രം: സ്ലംഡോഗ് മില്യണയർ, 2008)
റഹ്മാന് ഓസ്കർ നേടിക്കൊടുത്ത ചിത്രമാണ് സ്ലംഡോഗ് മില്യണയർ. ജയ് ഹോ എന്ന ഗാനം അതിലൂടെ ഓരോ ഇന്ത്യക്കാരന്റെയും ഗാനമായി മാറുകയായിരുന്നു. എആർ റഹ്മാൻ, സുഖ്വീന്ദർ സിംഗ്, തൻവി, മഹാലക്ഷ്മി അയ്യർ, വിജയ് പ്രകാശ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കുനു കുനെ…(ചിത്രം: യോദ്ധ, 1992)
മലയാള സംഗീതത്തിനുള്ള റഹ്മാന്റെ സംഭാവനയായിരുന്നു യോദ്ധ എന്ന ചിത്രത്തിലെ ഈ ഗാനം. മോഹൻലാലും മധുവും ചേർന്ന് അഭിനയിച്ച ഗാനം യേശുദാസും ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
എത്ര എഴുതിയാലും തീരാത്തത്ര മികച്ച ഗാനങ്ങൾ ഈ പ്രതിഭയ്ക്ക് സ്വന്തമായുണ്ട്. അതുകൊണ്ട് ഈ പട്ടികയിൽ അവയൊക്കെ ചേർക്കാനും നിർവ്വാഹമില്ല. റഹ്മാൻ സംഗീതത്തിൽ പിറന്ന നിങ്ങളുടെ മറ്റ് പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കാനും കൂടെ ഇന്നത്തെ ദിവസം ചിലവഴിക്കാം. സംഗീത സാമ്രാട്ടിന് ഒരായിരം ജന്മദിനാശംസകൾ.
Story highlights: Masterpieces of AR Rahman to listen on his birthday