‘ഗഫൂര്‍ കാ ദോസ്ത്’; മാമുക്കോയയുടെ വീട്ടിലെത്തി ലാലും സത്യനും
2023-ല്‍ മലയാള സിനിമയ്ക്കുണ്ടായ വലിയ നഷ്ടങ്ങളിലൊന്നാണ് നടന് മാമുക്കോയയുടെ വേര്‍പാട്. ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി മലയാള സിനിമയില്‍ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന മാമുക്കോയ കഴിഞ്ഞ ഏപ്രില്‍ 26നാണ് വിടപറഞ്ഞത്. മാമുക്കോയയുടെ സംസ്കാര ചടങ്ങിലേക്ക് പ്രമുഖര്‍ എത്താതിരുന്നതില്‍ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. ( Mohanlal visited actor Mamukkoya’s home at Calicut )
ഇപ്പോഴിതാ മാമുക്കോയ വിടപറഞ്ഞ് ഒരു വര്‍ഷത്തിലേക്ക് അടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നടന് മോഹന്‍ലാലും സംവിധായകന് സത്യന് അന്തിക്കാടും. കോഴിക്കോടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് നടന്റെ വീട് സന്ദര്‍ശിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുപാട് സമയം ചെലവഴിച്ചതിന് ശേഷമാണ് മോഹന്‍ലാലും സത്യന് അന്തിക്കാടും മടങ്ങിയത്. മകന് നിസാര്‍ മുഹമ്മദിനും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രത്തിലുടെയാണ് മാമുക്കോയ സിനിമ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്. മോഹന്‍ലാല്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്. ചന്ദ്രലേഖ, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഒപ്പം , മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
Read Also : ബലമുള്ള എല്ലുകള്‍ക്ക് ഭക്ഷണകാര്യത്തിലും വേണം കരുതല്‍..
നാടകരംഗത്തു നിന്നാണ് മാമുക്കോയ സിനിമ ലോകത്തേക്ക് എത്തുന്നത്. കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. ജോലിക്കൊപ്പം നാടകവും ഒരുമിച്ച് കൊണ്ടുപോയിരുന്ന അദ്ദേഹം കോഴിക്കോടന്‍ ശൈലിയിലുടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ശ്രീനിവാസനോടൊപ്പമുള്ള കിടിലന്‍ കൂട്ടുകെട്ടാണ് മലയാളി പ്രേക്ഷക മനസിലേക്ക് മാമുക്കോയയിലെ അഭിനേതാവ് ആഴ്ന്നിറങ്ങിയത്.
Story highlights : Mohanlal visited actor Mamukkoya’s home at Calicut