ഇതാണ് നാസയുടെ കണ്ണിലെ കൊച്ചി; അറബിക്കടലിന്റെ റാണിയുടെ ആകാശ ദൃശ്യം പങ്കുവച്ച് നാസ

January 16, 2024

അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ പുറത്തുവിട്ട കൊച്ചിയുടെ ആകാശം ചിത്രം വൈറലാകുന്നു. കൊച്ചിയുടെ കടലോരവും കായലും, മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളും ദൃശ്യമാകുന്ന ചിത്രം നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് പങ്കുവച്ചിട്ടുള്ളത്. ഇതിനകം തന്നെ കൊച്ചിയുടെ ഈ മനോഹരമായ ആകാശക്കാഴ്ച്ച നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 2023 ആഗസ്റ്റ് 23-നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ( Nasa published arial view of Kochi )

ചിത്രത്തോടൊപ്പം കൊച്ചി നഗരത്തിന്റെ ഭൂപ്രകൃതിയെ കുറിച്ചും ജനസാന്ദ്രതയെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു കുറിപ്പും നാസ പ്രസിദ്ധീകരിച്ചിട്ടുണ്ട.് കൃത്രിമ ദ്വീപായ വെല്ലിങ്ടണ്‍ ഐലന്റിനെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ്‌പെഡിഷന്‍ 69 ക്രൂ അംഗമായ ബഹിരാകാശ യാത്രികനാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. നിക്കോണ്‍ ഡി5 ഡിജിറ്റല്‍ ക്യാമറയില്‍ 1150 മില്ലിമീറ്റര്‍ ഫോക്കല്‍ ലെങ്ത് ഉപയോഗിച്ചാണ് ചിത്രമെടുത്തിട്ടുള്ളത്.

Read Also : ‘എന്റെ മകൾ ദിവസവും ഒന്നരലക്ഷം വരുമാനമുണ്ടാക്കുന്നു’; ഡീപ് ഫേക്കിന് ഇരയായി സച്ചിനും

ISS069-E-82075 എന്ന ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് കൊച്ചി നഗരത്തിന്റേതായിട്ടുള്ളത്. ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് ശാസ്ത്രീയ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി നാസയുടെ പ്രസിദ്ധീകരണമാണ് എര്‍ത്ത് ഒബസര്‍വേറ്ററി. 1999-ല്‍ സ്ഥാപിതമായ ഈ പ്രസിദ്ധീകരണം യുഎസ് സര്‍ക്കാര്‍ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

Story highlights : Nasa published arial view of Kochi