ഒരു ജനാധിപത്യ സമൂഹത്തിൽ ഓരോ വോട്ടിനുമുണ്ട് വില; ഇന്ന് ദേശീയ വോട്ടേഴ്‌സ് ദിനം

January 25, 2024

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ ഏറ്റവും അധികം പ്രാധാന്യമുള്ള ഒന്നാണ് വോട്ടവകാശം എന്നത്. ഓരോ വോട്ടിന്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ജനുവരി 25-ന് രാജ്യവ്യാപകമായി ആചരിക്കുന്ന വാർഷിക ആഘോഷമാണ് ദേശീയ വോട്ടേഴ്‌സ് ദിനം. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വോട്ടർമാർ വഹിക്കുന്ന സുപ്രധാന പങ്ക് വിവരിക്കുന്ന ദിനമാണിത്.

2024-ലെ ദേശീയ വോട്ടേഴ്‌സ് ദിനത്തിന്റെ പ്രമേയം ‘വോട്ട് പോലെ മറ്റൊന്നുമില്ല, ഞാൻ തീർച്ചയായും വോട്ട് ചെയ്യുന്നു’ എന്നതാണ്. മുൻവർഷത്തിലും ഇതേ പ്രമേയമായിരുന്നു പിന്തുടർന്നത്. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, വോട്ടിങ്ങിനുള്ള നമ്മുടെ പ്രതിബദ്ധതയിൽ സത്യസന്ധത പുലർത്തുവാൻ ഈ ദിനം ആഹ്വാനം ചെയ്യുന്നു.

തെരഞ്ഞെടുപ്പുകളിൽ സജീവമായി പങ്കെടുക്കാൻ ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ദിവസം സൃഷ്ടിച്ചത്. വോട്ടർമാരെ ബോധവൽക്കരിക്കുക, അവബോധം സൃഷ്ടിക്കുക, ജനസമ്പർക്ക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ജനാധിപത്യ സംവിധാനത്തിൽ വോട്ടിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആഗ്രഹിച്ചു. അതിനെ തുടർന്നാണ് 2011 മുതൽ ഈ ദിനം ആചരിക്കുന്നത്.

Read also: 75-ാമത് റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന ആകർഷണങ്ങളും പ്രത്യേകതകളും

അതേസമയം, ഈ വർഷത്തെ ദേശീയ വോട്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് ഇന്ന് പ്രധാനമന്ത്രി വിർച്വൽ ആയി 5,000 ലൊക്കേഷനുകളിൽ ആദ്യമായി വോട്ടവകാശം വിനിയോഗിക്കാൻ തയ്യാറെടുക്കുന്ന വോട്ടർമാരുമായി സംവദിക്കും.

Story highlights- national voters day 2024