‘എങ്കിലും മമ്മൂക്ക എന്നെ ഓർത്തെടുത്തു, ഇനിയെന്ത് വേണമെനിക്ക്?’- അനുഭവകുറിപ്പുമായി നവാസ് വള്ളിക്കുന്ന്
പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്. സിനിമയിലെ ഓരോ കലാകാരന്മാരോടും വലുതെന്നോ ചെറുതെന്നോ നോക്കാതെ പെരുമാറുന്ന മമ്മൂട്ടിയുടെ ഹൃദ്യമായ ഒരു നിമിഷം പങ്കുവയ്ക്കുകയാണ് നടൻ നവാസ് വള്ളിക്കുന്ന്.
നവാസിന്റെ കുറിപ്പ്;
കേരള ക്രൈം ഫയൽ എന്ന എന്റെ സിനിമയുടെ ഷൂട്ട് സമയത്ത് കണ്ണൂർ സ്ക്വാഡ് ഷൂട്ടിംഗിനായി മമ്മുക്ക മഹാരാജാസിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ഒന്ന് കാണാനും പറ്റിയെങ്കിൽ അടുത്തു പോയി പരിചയപ്പെടാനുമായി അങ്ങോട്ട് ചെന്നു.
അസീസ്ക്ക എന്നെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ, അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേർത്തു. അന്തം വിട്ട് നിന്ന എന്നോട് നീ ഇന്ദ്രജിത്തിന്റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു എന്ന് ചോദിച്ചു.
ഇന്ദ്രജിത്തല്ല, പ്രിത്ഥിരാജ് ആണെന്നും സിനിമ ‘കുരുതി’ ആണെന്നും ഞാൻ പല കുറി തിരുത്തിയിട്ടും എന്നെ മറുത്തു പറയാനുവദിക്കാതെ മമ്മുക്ക അതേ ചോദ്യം തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ മമ്മുക്ക തന്നെ ‘ഹലാൽ ലൗ സ്റ്റോറി’യെന്ന് പറഞ്ഞു. ആ സിനിമയിൽ കുറഞ്ഞ സീനിൽ മാത്രം വന്നു പോകുന്ന എനിക്ക് ഇന്ദ്രൻ ചേട്ടനുമായി കോമ്പിനേഷൻ സീനില്ലാത്തതിനാൽ ഞാനത് ഓർത്തതേയില്ല, എങ്കിലും മമ്മുക്ക എന്നെ ഓർത്തെടുത്തു…
പിന്നെ, “നമ്മുടെ കൂടെയൊന്നും സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ നീ വരില്ല അല്ലേ” എന്ന് കൂടി ചോദിച്ചു…ഏറ്റെടുത്ത സിനിമയുടെ ഷൂട്ട് തീരാത്തതിനാൽ ‘നേരറിയാൻ സി.ബി.ഐ’ യിൽ നിന്നും അവസാന നിമിഷം പിൻമാറേണ്ടി വന്നതും മമ്മുക്ക ഓർത്തിരുന്നു.
ഇനിയെന്തു വേണമെനിക്ക്, ഇതിലും വലിയ പരിചയപ്പെടൽ വേറെ കാണുമോ…ചില നേരങ്ങൾ അങ്ങനെയാണ്, ആരുമല്ലെങ്കിലും നമ്മളറിയാതെ തന്നെ നമ്മൾ ആരൊക്കെയോ ആയി മാറുന്ന നല്ല നേരങ്ങളാകും.
Read also: തമോഗര്‍ത്തങ്ങളിലേക്ക് ഐഎസ്ആര്‍ഒ; കേരളീയ പെൺകരുത്തിന്റെ ചരിത്ര നേട്ടമായി വി-സാറ്റ്..!
ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാൻ അന്ന് ഉള്ളു നിറഞ്ഞ് തിരികെ മടങ്ങുമ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ ഞാൻ പാടേ മറന്നു പോയിരുന്നു. ഒരു വർഷത്തിനിപ്പുറം സോഷ്യൽ മീഡിയയിൽ നിന്നെടുത്ത് ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന ഞാൻ അറിയാതെടുത്ത വീഡിയോ കണ്ടപ്പോൾ പഴയ ഓർമകൾ ഉള്ളിൽ അറിയാതൊരു കുളിരായി പടരുന്നു.
Story highlights- navas vallikkunnu about mammootty