‘ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്ന വർഷം, അതിജീവിച്ചത് ഇവരിലൂടെ..’- കുടുംബത്തിനൊപ്പം വിഘ്‌നേഷ് ശിവൻ

January 2, 2024

നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ജീവിതം അവരുടെ ഇരട്ട മക്കളായ ഉയിർ, ഉലഗ് എന്നിവരുടെ വരവോടെയാണ് കൂടുതൽ നിറപ്പകിട്ടാർന്നതായത്. ഓരോ വിശേഷ ദിവസങ്ങളിലും മക്കളുടെ വിശേഷങ്ങൾ ഇവർ പങ്കിടാറുണ്ട്. ഇപ്പോഴിതാ, പുതുവർഷത്തിൽ 2023ൽ ഉണ്ടായ കാര്യങ്ങളിലേക്ക് ഒരു യാത്ര നടത്തുവകയാണ് വിഘ്‌നേഷ് ശിവൻ.2023ൽ തനിക്ക് ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും 2024ലേക്ക് കാത്തിരിക്കുകയാണെന്നും സുഹൃത്തുക്കളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത വിഘ്നേഷ് ശിവൻ പരാമർശിച്ചു.

‘നൂറുകണക്കിന് തിരിച്ചടികൾക്കിടയിൽ 2023 കഠിനമായിരുന്നെങ്കിലും ഈ രണ്ട് ആൺകുട്ടികളുടെയും എന്റെ ഭാര്യയുടെയും അവളുടെ നിരുപാധികമായ സ്നേഹത്താലും ഈ യാത്ര സുഗമമായി. അങ്ങനെ എന്റെ അഭിലാഷ ലക്ഷ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യാനും പുരോഗതി പ്രാപിക്കാനുമുള്ള എല്ലാ ഊർജവും ഇവർ നൽകുന്നു!’ 2023ൽ തനിക്ക് ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും അത് അവിസ്മരണീയമാക്കിയത് തന്റെ ഭാര്യ നയൻതാരയും രണ്ട് മക്കളായ ഉയിർ, ഉലഗ് എന്നിവരാണെന്നും വിഘ്നേഷ് ശിവൻ വെളിപ്പെടുത്തി. തന്റെ സിനിമയിൽ തന്നിൽ വിശ്വാസമർപ്പിച്ച ‘ലവ് ഇൻഷുറൻസ് കോർപ്പറേഷന്റെ’ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും അദ്ദേഹം നന്ദി പറഞ്ഞു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read also:കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം; സമാപന സമ്മേളനത്തില്‍ നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥി


2023 അവസാനിക്കുമ്പോൾ ധാരാളം പുതിയ തുടക്കങ്ങൾക്ക് തിരികൊളുത്തിയിരുന്നു നടി നയൻ‌താര. ഇൻസ്റ്റാഗ്രാമിൽ പേജ് ആരംഭിച്ചു, സ്കിൻ കെയർ പ്രൊഡക്ട്സിനായി ഒരു ബ്രാൻഡ്, സാനിറ്ററി നാപ്കിന് വേണ്ടി ഒരു ബ്രാൻഡ് എന്നിങ്ങനെ നീളുന്നു തുടക്കങ്ങൾ. സംവിധാനത്തിലും ചുവടുറപ്പിക്കുന്നു എന്ന സൂചനയും നൽകിയിരുന്നു.  അതേസമയം, തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെടുന്ന നയൻതാര ഒരു മുൻനിര നടി മാത്രമല്ല, ഒരു സംരംഭക കൂടിയായിരിക്കുകയാണ്. തന്റെ ചർമ്മസംരക്ഷണ ബ്രാൻഡായ 9 സ്കിൻ അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

Story highlights- nayanthara and vighnesh shivan celebrating new year with kids