മനുഷ്യത്വം മരവിച്ച കാഴ്ച; കൂട്ടത്തിലൊരാൾ തളർന്നുവീണിട്ടും ഒപ്പന നിർത്തിയില്ല, വിമർശനം
മലയാള നാടിന് ആഹ്ലാദിക്കാനും അഭിമാനിക്കാനും കഴിയുന്ന നിലയിലാണ് ഈ വര്‍ഷത്തെ കേരള സ്കൂള്‍ കലോത്സവം കൊല്ലത്ത് സമാപിച്ചത്. അഞ്ച് ദിവസം നീണ്ടുനിന്ന കുട്ടികളുടെ സാസ്കാരിക മഹോത്സവത്തില്‍ കോഴിക്കോടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കണ്ണൂരാണ് ഇത്തവണ സ്വര്‍ണ്ണ കപ്പ് സ്വന്തമാക്കിയത്. എന്നാല്‍ കലോത്സവത്തിന് കൊടിയിറങ്ങി ദിവസങ്ങള്‍ക്ക് ശേഷം സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഒപ്പന മത്സരത്തിന്റെ വീഡിയോയാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. ( Oppana video from school Kalolsavam recieves criticism )
കൈകളില്‍ മൈലാഞ്ചിയണിഞ്ഞ് ഇമ്പമുള്ള മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ക്ക് ചുവടുവയ്ക്കുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീഴുകയാണ്. എന്നാല്‍ വീണുകിടക്കുന്ന വിദ്യാര്‍ഥിനിയെ കണ്ട ഭാവം നടിക്കാതെ ബാക്കിയുള്ള കുട്ടികള്‍ ഒപ്പന തുടരുന്നതാണ് വീഡിയേയില്‍ കാണാനാകുന്നത്. കൂട്ടുകാരിയെ ശ്രദ്ധിച്ചാല്‍ അത് മത്സരഫലത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് കുട്ടികളെ അതില്‍ നിന്നും പിന്നോട്ടടിച്ചതെന്നും അവരുടെ മുഖഭാവത്തില്‍ നിന്നും മനസിലാകുന്നത്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് പ്രതികരണവുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്. നൃത്തകയും നടിയുമായ അനുമോള്‍ ഉള്‍പ്പെടയുള്ളവരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. പലപ്പോഴും, കലയുടെ ഉത്സവമാണെന്ന കുട്ടികള്‍ മറക്കുകയാണ് എന്നാണ് അനുമോള്‍ പ്രതികരിച്ചത്. സമകാലിക ലോകത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇതെന്ത് വിദ്യാഭ്യാസമാണ് എന്ന ചോദ്യവുമായി മേഘാ നിശാന്ത് എന്ന ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
Read Also : വേദിയിൽ തെന്നിവീണ് മത്സരാർഥി, മൈക്കില്‍ നിന്നും ഷോക്ക്; ഒപ്പന വേദിയുടെ രസം കെടുത്തിയ മണിക്കൂറുകൾ
ഒരു ജീവനേക്കാള്‍ വിലയാണോ ഗ്രേസ് മാര്ക്കിനെന്നും സ്വാര്‍ത്ഥതയുടെ ലോകമാണിത് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് കമന്റുകളില്‍ ഏറെയുമുള്ളത്. കലയെ മത്സരബുദ്ധിയോടെ മാത്രം കാണുന്നതാണ് ഇത്തരത്തിലൊരു മനോഭാവത്തിന് കാരണമാകുന്നതെന്നും മറിച്ചായിരുന്നെങ്കില്‍ കുട്ടിയെ ശ്രദ്ധിക്കുമായിരുന്നുവെന്നും ഒരകൂട്ടം ആളുകള്‍ പ്രതികരിച്ചു.
Story highlights : Oppana video from school Kalolsavam recieves criticism