ഇന്ത്യൻ ദമ്പതികളുടെ പാൻ അമേരിക്കൻ യാത്ര; വാനിൽ പിന്നിട്ടത് 30,000 കിലോമീറ്റർ
യാത്രകള്‍ ചെയ്യാനായി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ലോകം ചുറ്റി സഞ്ചരിക്കാന്‍ പുതുവഴി തേടുന്നവര്‍ക്കിടയില്‍ വ്യത്യസതമാകുകയാണ് ഒരു ഇന്ത്യന്‍ ദമ്പതികള്‍. സാധാരണയായി ജോലിക്കിടയിലെ ഇടവേളയിലും മറ്റു വിശേഷസമയങ്ങളിലുമെല്ലാണ് സാധാരണയായി യാത്രക്കായി ഒരുങ്ങാറുള്ളത്. എന്നാല്‍ ഈ പരമ്പരാഗത യാത്ര രീതികളെയെല്ലാം തിരുത്തിക്കുറിച്ചാണ് ഐ.ടി കണ്‍സള്‍ട്ടന്റായ കാര്‍ത്തിക് വാസനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ സ്മൃതി ബദൗരിയും. ( Pan American Vanlifing of Indian Couple Completes 30000 Km )
ലോകം ചുറ്റിക്കാണാനിറങ്ങിയ ഈ ദമ്പതികള്‍ ഇപ്പോള്‍ അമേരിക്കയിലാണ്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു വാനിലാണ് ഇവരുടെ സ്വപ്നയാത്ര. കുട്ടിക്കാലത്ത് കണ്ട ചില ബോളിവുഡ് ചിത്രങ്ങള്‍ തങ്ങളുടെ യാത്രയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. അമേരിക്കന്‍ വന്‍കരയിലെ തങ്ങളുടെ യാത്രയുടെ മനോഹരമായ കാഴ്ചകള്‍ thebrownvanlife എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇരുവരും പങ്കുവയ്ക്കുന്നത്. പേര് പോലെത്തന്നെ ബ്രൗണ്‍ നിറത്തിലുള്ള വാനില്‍ തന്നെയാണ് ഇവരുടെ യാത്ര.
കൊവിഡ് ലോകത്തെ സ്തംഭിപ്പിക്കുന്നതിനും മുമ്പുതന്നെ ഇരുവരുടെയും ജോലികള്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയതോടെയാണ് യാത്രകള്‍ക്ക് വഴിയൊരുക്കിയത്. ഈ സമയത്താണ് ‘വാന്‍ ലൈഫ്’ എന്ന ആശയത്തിലേക്ക് എത്തുന്നതും ഇതിനായി ഒരു വിന്റേജ് വാന്‍ സ്വന്തമാക്കുന്നതും. 2020 ഓടെ സൗഹൃദം കുടുംബജീവിതത്തിലേക്ക് വഴിമാറിയത്.
ഇതിനിടെ കൊവിഡ് ലോക്ഡൗണില്‍ വീട്ടിലിരുന്ന് ബുദ്ധിമുട്ടിയതോടെയാണ് യാത്രകള്‍ക്കുള്ള ഒരുക്കം തുടങ്ങുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് സ്വപ്നയാത്രക്കായി ഇരുവരും വീട് വിട്ടിറങ്ങിയത്. യാത്രക്കായി തയ്യാറാക്കിയ വാനിലൊരു പാന്‍ അമേരിക്കന്‍ യാത്രയ്ക്കാണ് ഇരുവരും തുടക്കമിട്ടത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡായ പാന്‍-അമേരിക്കന്‍ ഹൈവേയാണ് ഇതിനായി തെരഞ്ഞെടുത്തത്. വടക്കേ അമേരിക്ക മുതല്‍ തെക്കേ അമേരിക്ക വരെയുള്ള 15 രാജ്യങ്ങളിലൂടെയായി 30,000 കിലോമീറ്ററാണ് ഈ റോഡിന്റെ ദൂരം.
2021 ഏപ്രില്‍ മെക്സിക്കോ സന്ദര്‍ശിച്ച ഇവര്‍ 2022 മാര്‍ച്ചില്‍ പനാമയിലേക്ക് കയറി. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായിട്ടും പിന്‍വലിക്കാതിരുന്നതിനാല്‍ ശക്തമായ പോട്ടോക്കാള് പരിശോധനകള്‍ കടന്നായിരുന്നു യാത്ര. ഇവര്‍ക്ക് കൂട്ടിനായി രണ്ട് വളര്‍ത്തു നായകളുമുണ്ട്. 2023 ഡിസംബറിലാണ് 30000 കിലോമീറ്റര്‍ പിന്നിട്ടുകൊണ്ട് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. അര്‍ജന്റീനയിലെ ഉഷുവായയിലായിരുന്നു യാത്ര അവസാനിച്ചത്. അടുത്തതായി യുറോപ്പും ഏഷ്യയുമാണ് ഈ ദമ്പതികളുടെ ലിസ്റ്റിലുള്ളത്.
Story Highlights : Pan American Vanlifing of Indian Couple Completes 30000 Km