മില്ലി ജനിച്ച് വീണത് പോലീസിന്റെ കൈകളിൽ; ഗർഭിണിക്ക് രക്ഷയായത് നിയമപാലകർ!
സഹജീവികൾക്ക് സഹായമായി എന്നും നമ്മൾ മനുഷ്യർ തന്നെ ഉണ്ടാകണം എന്നത് എല്ലാ തത്വങ്ങൾക്കും മുകളിലുള്ള സത്യമാണ്. യുഎസിലെ ന്യൂജേഴ്സിയിലുള്ള സ്പാർട്ട പോലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈയിടെ തണുപ്പിലും മഞ്ഞുവീഴ്ചയിലും പെട്ട ഗർഭിണിയായ സ്ത്രീയെ പ്രസവിക്കാൻ സഹായിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ആളുകൾക്ക് ഏറെ സന്തോഷം പകരുന്നത്. (Police Officer helps woman deliver a baby in Snowy Weather)
സ്പാർട്ട പോലീസിന്റെ ഫേസ്ബുക് പേജിൽ തന്നെയാണ് സംഭവം വിവരിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജനുവരി 15-ന് സഹായം ചോദിച്ചുകൊണ്ട് പോലീസ് ഡിപ്പാർട്ട്മെന്റിലേക്ക് ഒരു കോൾ വരുന്നു. ഒരു സ്ത്രീ പ്രസവിക്കാൻ പോകുകയാണെന്നും അവരുടെ കാർ ഹൈവേയുടെ വശത്ത് പാർക്ക് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഒരു മിനിറ്റിനുള്ളിൽ തന്നെ ഓഫീസർ ക്രിസ്റ്റഫർ ബോട്ട കാർ കണ്ടെത്തി ഉള്ളിലുണ്ടായിരുന്ന ടൈലറും സ്റ്റെഫനിയുമായി ബന്ധപ്പെട്ടു.
കുഞ്ഞിന്റെ തല അപ്പോഴേക്കും പുറത്ത് വന്നിരുന്നു. അത് കണ്ട ഓഫീസർ ബോട്ട പൊക്കിൾകൊടി കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. എല്ലാം സാധാരണ നിലയിലാണെന്ന് സ്ഥിതീകരിച്ച് നിമിഷങ്ങൾക്കകം ഓഫീസർ ബോട്ടയുടെ കൈകളിലേക്ക് ഒരു പെൺകുഞ്ഞ് പിറന്ന് വീണു.
Read also: ഒരു മാസം ഫോൺ ഉപയോഗം നിർത്തിയാൽ സമ്മാനം എട്ടര ലക്ഷം രൂപ; പുതിയ ഡിജിറ്റൽ ഡീറ്റോക്സ് ചലഞ്ച്!
ആദ്യ എയർ സ്ക്വാഡ് സ്ഥലത്ത് എത്തുന്നതുവരെ സുരക്ഷ ഉറപ്പാക്കുന്നതിനും അമ്മയുടെയും മകളുടെയും ആരോഗ്യം പരിശോധിക്കുന്നതിനുമായി മറ്റ് പട്രോളിംഗ് സംഘങ്ങളും സ്ഥലത്തെത്തി. തണുത്ത കാലാവസ്ഥ കാരണം കുഞ്ഞിനെയും സ്റ്റെഫനിയെയും പുതപ്പിൽ പൊതിഞ്ഞ് ഓഫീസർമാർ സംരക്ഷിച്ചു. ഒടുവിൽ സ്റ്റെഫനിയെയും കുഞ്ഞിനെയും മോറിസ്ടൗൺ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
മില്ലി എന്ന് പേരിട്ട പെൺകുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നു. പ്രസവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം കുടുംബത്തിന്റെ ആരോഗ്യനില തിരക്കാനായി പോലീസുകാർ സ്റ്റെഫനിയേയും ടൈലറിനെയും വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. വൈകാതെ മാതാപിതാക്കൾ കുഞ്ഞിനേയും കൂട്ടി അവരെ സന്ദർശിക്കാൻ വരുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഷെയർ ചെയ്തതിന് ശേഷം ആയിരത്തിലധികം ലൈക്കുകലാണ് പോസ്റ്റ് നേടിയിരിക്കുന്നത്. നിരവധി ആളുകളാണ് സംഭവത്തിൽ ആശംസകളും സ്നേഹം നിറഞ്ഞ പ്രതികരണങ്ങളും അറിയിച്ചിരിക്കുന്നത്.
Story highlights: Police Officer helps woman deliver a baby in Snowy Weather