പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാവരും ശോകമൂകരായി..
അനശ്വരപ്രണയകഥകളുടെ രചയിതാവായ ഗന്ധര്വന് ഓര്‍മയായിട്ട് 33 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കഥയിലായാലും നോവലിലായാലും സിനിമയിലായാലും നിഗൂഢതകള്‍ നിറച്ച പ്രമേയങ്ങള്‍ മുത്തശ്ശിക്കഥകള്‍ പോലെ അവതരിപ്പിച്ചിരുന്ന എഴുത്തുകാരനാണ് പത്മരാജന്. ഹ്രസ്വമായ ജീവിതയാത്രയില്‍ എഴുത്തുകൊണ്ട് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മരാജന്റെ വിയോഗം കേരളക്കരയൊന്നാകെ സങ്കടത്തിലാഴ്ത്തിയ ഒന്നായിരുന്നു. ഇപ്പോഴിത അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പ്രൊഡക്ഷന്‍ മാനേജറും നടനുമായ സിദ്ധു പനക്കല്‍. ( Production manager Sidhu panakkal about Padmarajan death )
ജനുവരി 24, ആ വലിയ വേര്‍പാടിന്റെ ഓര്‍മകള്‍ക്ക് 33 വര്‍ഷം. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങള്‍ എല്ലാവര്ക്കും വലുതാണ്. പക്ഷെ എല്ലാവരും ഒരുപോലെ വലുതാണ് എന്നു കരുതുന്ന ചില നഷ്ടങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് മലയാളികളുടെ പ്രിയ കഥാകാരന്.. സംവിധായകന് പദ്മരാജന് സാറിന്റെ വേര്‍പാട്.
1991 ജനുവരി ഭരതം പടത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ട് ഞങ്ങള്‍ കോഴിക്കോടുണ്ട്. തിരക്കഥയില്‍ വന്ന ഒരു മാറ്റം കാരണം പറഞ്ഞ തിയതിക്ക് പടം തുടങ്ങാന്‍ കഴിഞ്ഞില്ല. ഒരാഴ്ച താമസിച്ചാണ് തുടങ്ങിയത്. ഷൂട്ടിങ്ങിന് റെഡിയായി വന്ന എല്ലാവരും മഹാറാണിയില്‍ താമസിക്കുന്നു. ഒരു ദിവസം രാവിലെ സെവന് ആര്‍ട്സ് വിജയകുമാര്‍ സാര്‍ എന്നെ വിളിച്ചു. പെട്ടെന്ന് രണ്ടു കാര്‍ വരാന്‍ പറയണം സിദ്ധാര്‍ത്ഥനും വരു അദ്ദേഹം തിരക്കിട്ടു താഴേക്കു നടന്നു ഞാനും. താഴെ സിബി മലയില്‍ സാറും ആനന്ദകുട്ടേട്ടനും റെഡിയായി നില്പുണ്ടായിരുന്നു. ഒരു കാര്‍ ലാലേട്ടനു വേണ്ടി മഹാറാണിയില്‍ നിര്‍ത്തിയിട്ടു, മറ്റൊന്നില്‍ ഞങ്ങള്‍ പാരമൗണ്ട് ടവറിലേക്ക് പുറപ്പെട്ടു.
ഹോട്ടലില്‍ പദ്മരാജന് സാറിന്റെ മുറിയിലെത്തി. ബെഡില്‍ പാതി അടഞ്ഞ മിഴികളുമായി ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു പദ്മരാജന് സാര്‍. ഞങ്ങള്‍ റൂമിലെത്തി അല്പസമയത്തിനുള്ളില് ലാലേട്ടന് പിവിഎസ് ഹോസ്പിറ്റലിലെ ഡോക്ടറുമായി വന്നു. നിസ്സഹായരായിരുന്നു എല്ലാവരും. പറന്നകന്ന ഗന്ധര്‍വനെ നോക്കി എല്ലാരും ശോകമൂകരായി. ഗുഡ്നൈറ്റ് മോഹന്‍ സര്, നിതീഷ് ഭരദ്വാജ്, ഗാന്ധിമതി ബാലേട്ടന് എല്ലാരും വിങ്ങിപൊട്ടലിന്റെ വക്കത്തായിരുന്നു.
ലാലേട്ടന്റെ നേതൃത്വത്തില്‍ പിന്നീട് കാര്യങ്ങള്‍ വളരെ പെട്ടെന്നു നടന്നു. നിയമപരമായ കാര്യങ്ങള്‍ക്കും മഹാറാണിയിലെ പൊതുദര്‍ശനത്തിനും ശേഷം നഗരം തങ്കളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന് വിട നല്കി.
ലാലേട്ടനടക്കം പ്രമുഖര്‍ അനുഗമിച്ചു. ആംബുലന്‍സ് അകലെ മാഞ്ഞു പോകുമ്പോള്‍ പദ്മരാജന് സാറിന്റെ പല കഥാപാത്രങ്ങളും മനസ്സില്‍ തെളിഞ്ഞു വന്നു..
തൂവാനതുമ്പികളിലെ മണ്ണാര്‍ത്തോടി ജയകൃഷ്ണന്, ക്ലാര കൂടെവിടെയിലെ ക്യാപ്റ്റന്‍ തോമസ്, ഇതാ ഇവിടെവരെയിലെ വിശ്വനാഥന്, പൈലി, അമ്മിണി. മൂന്നാംപക്കത്തിലെ അപ്പൂപ്പന്, കവല. പെരുവഴിയമ്പലത്തിലെ രാമന്. ദേശാടനക്കിളികരയാറില്ല എന്ന ചിത്രത്തിലെ നിമ്മി. ശാലിനി എന്റെ കൂട്ടുകാരിയിലെ ശാലിനി. നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്, പോള്‍ പൈലോക്കാരന്, സോഫിയ. അപരനിലെ വിശ്വനാഥന്. കാണാമറയത്തിലെ റോയ് വര്‍ഗീസ്. കരിയിലകാറ്റുപോലെയിലെ അച്യുതന്‍കുട്ടി, ഹരികൃഷ്ണന്. തകരയിലെ ചെല്ലപ്പനാശാരി, തകര. കള്ളന് പവിത്രനിലെ പവിത്രന്,സീസണിലെ ജീവന്,രാപ്പാടികളുടെ ഗാഥ യിലെ ഗാഥ,രതിനിര്‍വേദത്തിലെ രതിച്ചേച്ചി, അങ്ങിനെ പലരും..
പ്രണയവും രതിയും പകയും പ്രതികാരവും ഇത്ര മനോഹരമായി സമന്വയിപ്പിച്ച തിരക്കഥാകൃത്തുക്കള്‍ നമുക്കധികം ഉണ്ടായിട്ടില്ല. ഭൂമിയില്‍ താന്‍ വിട്ടു പോകുന്ന പ്രിയപ്പെട്ടവര്‍ക്കായി ഒരുപാട് ബാക്കിവെച്ചിട്ടാണ് ഈ നക്ഷത്രങ്ങളുടെ കാവല്ക്കാരന് പോയ്മറഞ്ഞത്. ചെറുകഥകള്‍, നോവലുകള്‍, തിരക്കഥകള്‍, സിനിമകള്‍… അങ്ങിനെ ഒരുപാട്. ‘ഞാന്‍ ഗന്ധര്വ്വന്’ എന്റെ ഗുരുനാഥന് മോഹനേട്ടന് വര്‍ക്ക് ചെയ്ത സിനിമയാണ്. ഞാനും കുറച്ചു ദിവസം അതില്‍ വര്‍ക്ക് ചെയ്തിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മോഹനേട്ടന് എന്നെ അദ്ദേഹത്തിന്റെ വേറൊരു പടത്തിന് അയച്ചു.
ഗന്ധര്വ്വന് സിനിമയുടെ പ്രമോഷന് വര്‍ക്കുകളുടെ ഭാഗമായാണ് പദ്മരാജന് സാറും ടീമും കോഴിക്കോട് എത്തിയത്. രാത്രിയില്‍ നഗരത്തിലെ ഒരു തീയേറ്ററില്‍ ഗന്ധര്വ്വന് പ്രത്യക്ഷപെട്ടശേഷം റൂമില്‍ വന്നു കിടന്നതായിരുന്നു എല്ലാരും. പിന്നീട് നടന്നതാണ് ഞാന്‍ ആദ്യം വിശദീകരിച്ചത്.
Read Also : ‘എഴുതിത്തീരാത്ത ഒരായിരം കഥകളുടെ ലോകത്തേക്ക് മടങ്ങിപ്പോയ ഗന്ധർവൻ’; ഓർമകളില്‍ പത്മരാജൻ..!
ഞാന്‍ ഗന്ധര്വ്വന് സിനിമയുടെ അവസാന ഭാഗങ്ങളില്‍ ഒരു അശരീരിയുണ്ട്. ആ അശരീരി കേട്ടുകൊണ്ടായിരിക്കാം പദ്മരാജന് സാറും ടീമും തിയേറ്റര്‍ വിട്ടത്.’ സൂര്യ സ്പര്‍ശമുള്ള പകലുകളില്‍ ഇനി നീ ഇല്ല. പകലുകള്‍ നിന്നില്‍ നിന്നും ചോര്‍ത്തി കളഞ്ഞിരിക്കുന്നു. ചന്ദ്രസ്പര്ശമുള്ള രാത്രികളിലും നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം. ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശുമ്പോള്‍ നീ ഭൂമിയില്‍ നിന്ന് യാത്രയാകും ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല’ രാധാലക്ഷ്മി ചേച്ചിയുടെ പൊട്ടിക്കരച്ചിലിനോ.. അനന്തപദ്മനാഭന്റെ ഹൃദയബേധകമായ നിലവിളിക്കോ.. മകളുടെ നെഞ്ചുപൊട്ടിയുള്ള വിലാപത്തിനോ.. ഒന്നിനും….
Story highlights; Production manager Sidhu panakkal about Padmarajan death