എന്നെ അതിലൊരുവളായി സ്വീകരിച്ചതിന് നന്ദി- പദ്മവിഭൂഷൺ നേടിയ നർത്തകി പദ്മ സുബ്രഹ്മണ്യത്തിന് ആശംസയുമായി രചന നാരായണൻകുട്ടി
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മ അവാർഡുകൾ. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൻ്റെ തലേന്ന് പ്രഖ്യാപിക്കപ്പെടുന്നു. അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് പത്മവിഭൂഷൺ, ഉന്നത ഉത്തരവിൻ്റെ വിശിഷ്ട സേവനത്തിന് പത്മഭൂഷൺ , വിശിഷ്ട സേവനത്തിന് പത്മശ്രീഎന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്. ഇത്തവണ പത്മവിഭൂഷൺ നൽകി രാജ്യം നർത്തകി പദ്മ സുബ്രഹ്മണ്യത്തിനെ ആദരിക്കുകയാണ്.
ഭാരതനാട്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം മനസിലേക്ക് എത്തുന്ന പേര് നർത്തകി പദ്മ സുബ്രഹ്മണ്യത്തിന്റേതാണ്. ക്ലാസ്സിക്കൽ നൃത്ത രംഗത്ത് ശ്രദ്ധേയകരമായ സംഭാവനകളും നേട്ടങ്ങളും ഡോക്ടർ പദ്മ സുബ്രഹ്മണ്യത്തിന്റെ പേരിലുണ്ട്. ഈ വേളയിൽ തന്റെ ഗുരുവിനു ഹൃദ്യമായ കുറിപ്പിലൂടെ ആദരവ് അറിയിക്കുകയാണ് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി.
ബഹുമാന്യ ഗുരുവിനു, കലാദേവതയുടെ അവതാരത്തിന് പദ്മ വീഭുഷൺ!
പദ്മവിഭൂഷൺ Dr. പദ്മ സുബ്രഹ്മണ്യം.. പ്രിയ പദുക്ക, ഏറെ അഭിമാനകരമായ പത്മവിഭൂഷൺ ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, സ്നേഹം, അതിലേറെ അഭിമാനം. അവിടത്തെ അചഞ്ചലമായ സമർപ്പണവും, അഗാധമായ ജ്ഞാനവും, നിസ്വാർത്ഥ മാർഗനിർദേശവും എന്റേതുൾപ്പടെ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ചുകൊണ്ടേയിരിക്കുന്നു. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന്, ഒരു ഗുരുവായി നിന്നു എന്റെ നൃത്തത്തിലൂടെ, എന്റെ ആത്മീയ യാത്രയിൽ വെളിച്ചം വീശിയതിന്, ഒരു ഗുരു എങ്ങിനെ ആവണം എന്നു വീണ്ടും വീണ്ടും പ്രവർത്തികളിലൂടെ കാണിച്ചു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
പദുക്കയുടെ വിജ്ഞാനത്തിനായുള്ള അശ്രാന്ത പരിശ്രമവും അതിരുകളില്ലാത്ത അനുകമ്പയും മികവിനായി എപ്പോഴും പരിശ്രമിക്കാനും നീതിയുടെ പാതയിലൂടെ സഞ്ചരിക്കാനും ഞങ്ങൾ ശിഷ്യരെ എപ്പോഴും പ്രചോദിപ്പിക്കുന്നു. അവിടത്തെ അദ്ധ്യയനം ഞങ്ങളുടെ ജീവിതത്തെ ആന്തരികമായി സമ്പന്നമാക്കുക മാത്രമല്ല, മുന്നോട്ടുള്ള വഴിയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. വലിയ പടവുകൾ കയറുമ്പോഴും എന്താണ് വിനയം, എങ്ങിനെയാണ് സ്ഥിരോത്സാഹം ഉണ്ടാകേണ്ടത് അത് മനുഷ്യരാശിക്കുള്ള സേവനം ആക്കുന്നതെങ്ങനെ എന്നിവയുടെ മൂല്യങ്ങൾ എന്നിൽ പകർത്താൻ സാധിച്ചത് ഈ ഗുരുമുഖത്തെ കണ്ടുകൊണ്ടാണ്, കേട്ടുകൊണ്ടാണ്.
Read also: ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി വിരാട് കോലി; പുരസ്കാരം നേടുന്നത് നാലാം തവണ
ഈ അർഹമായ ബഹുമതി ലഭിക്കുമ്പോൾ, അവിടത്തെ പൈതൃകം അംഗീകാരങ്ങളെ മറികടക്കുകയാണ്. അറിവ് മാത്രമല്ല, ജ്ഞാനവും, പാഠങ്ങൾ മാത്രമല്ല, ഒരു ജീവിതരീതിയും നൽകി ശിഷ്യരിലേക്ക് അവിടുന്ന് പടർത്തുന്ന ഊർജ്ജം ചിരഞ്ജീവമാണ്. ഈ അംഗീകാരം സമൂഹത്തിന് പദുക്ക നൽകിയ അളവറ്റ സംഭാവനകളുടെ സാക്ഷ്യപത്രമായും വരും തലമുറകൾക്ക് പ്രചോദനത്തിന്റെ ഉറവിടമായും വർത്തിക്കട്ടെ എന്ന പ്രാർത്ഥന. നിറഞ്ഞ സ്നേഹം.
അവിടത്തെ ഏറ്റവും വലിയ വിദ്യാർത്ഥി കുടുംബത്തിലെ ഒരു ചെറിയ ഭാഗമാണ് ഞാൻ എന്നതിൽ സന്തോഷമുണ്ട്. എന്നെ അതിലൊരുവളായി സ്വീകരിച്ചതിന് നന്ദി..അഗാധമായ ആദരവോടു കൂടി, എളിയ ശിഷ്യ രചന നാരായണൻകുട്ടി.
നർത്തകി, ഗവേഷക പണ്ഡിത, നൃത്തസംവിധായിക, സംഗീതസംവിധായിക, ഗായിക, അധ്യാപിക, എഴുത്തുകാരി, ഒരു ഇൻഡോളജിസ്റ്റ് എന്നിങ്ങനെ നിരവധി കഴിവുകളുടെ സംയോജനമാണ് ഡോ പദ്മ സുബ്രഹ്മണ്യം. കെ. സുബ്രഹ്മണ്യത്തിൻ്റെയും മീനാക്ഷിയുടെയും മകളായാണ് അവർ ജനിച്ചത്. ഇരുവരും കലാമേഖലയിൽ പരിചിതർ ആയിരുന്നു.
Story highlights- rachana narayannakutty about dr. Dr Padma Subrahmanyam