ഓർമകളുടെ കൊടിയേറ്റം.. ഭരത് ഗോപി വിടവാങ്ങിയിട്ട് 16 വര്‍ഷങ്ങൾ..!

January 29, 2024

മലയാള സിനിമയെക്കുറിച്ചും നായക കഥാപാത്രങ്ങളെക്കുറിച്ചമുള്ള വാര്‍പ്പ് മാതൃകകളെ പൊളിച്ചെഴുതിയ നടനാണ് മലയാളത്തിന്റെ സ്വന്തം നായകന്‍ ഭരത് ഗോപി. മൂന്ന ദശാബ്ദത്തിലധികം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ഭരത് ഗോപി വെള്ളിത്തിരയിലെ മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. ഭരത് ഗോപി വിടവാങ്ങിയിട്ട് ഇന്നേക്ക് 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ( Remembering actor and director Bharath Gopi )

സ്‌കൂള്‍- കോളജ് കാലങ്ങളില്‍ നിരവധി നാടകങ്ങളില്‍ വേഷമിട്ടെങ്കിലും പ്രശസ്ത നാടകകൃത്തും നാടക സംവിധായകനുമായ ജി ശങ്കരന്‍ പിള്ളയ്‌ക്കൊപ്പം സ്ഥാപിച്ച പ്രസാധന ലിറ്റില്‍ തിയേറ്ററിന്റെ നാടകങ്ങളിലൂടെയാണ് ഭരത് ഗോപി ശ്രദ്ധ നേടുന്നത്. 1972-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരം എന്ന ചിത്രത്തിലൂടെയാണ് ഭരത് ഗോപി വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. 1978-ല്‍ മറ്റൊരു അടൂര്‍ ചിത്രമാണ് ഗോപിയുടെ സിനിമജീവിതത്തില്‍ വഴിത്തിരിവായത്. കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു.

1978-ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരുവും ഗോപിയെ തേടിയെത്തി. മലയാളത്തില്‍ നവ സിനിമയ്‌ക്കൊപ്പമായിരുന്നു ഭരത് ഗോപിയുടെ വളര്‍ച്ചയും. കൊടിയേറ്റത്തിന് പുറമെ ഓര്‍മ്മയ്ക്കായി എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചിദംബരം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഞാറ്റടി, ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

‘കൊടിയേറ്റ’ത്തിലെ ശങ്കരന്‍ കുട്ടി, ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പന്‍, ‘പഞ്ചവടിപ്പാല’ത്തിലെ ദുശ്ശാസനക്കുറുപ്പ്, ‘കള്ളന്‍ പവിത്ര’നിലെ മാമച്ചന്‍, ചിദംബരത്തിലെ മോഹന്‍ദാസ് ഏറ്റവും ഒടുവില്‍ ആകാശഗോപുരത്തിലെ അബ്രഹാം അടക്കം നിരവധ കഥാപാത്രങ്ങളെയാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഈ സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളെല്ലാം അത്യന്തം കൈയ്യടക്കത്തോടെ ഭാവ തീവ്രതയോടെ ഗംഭീരമായി സാക്ഷാത്കരിച്ച ഒരു കലാകാരനാണ് ഭരത് ഗോപി.

Read Also : ‘എഴുതിത്തീരാത്ത ഒരായിരം കഥകളുടെ ലോകത്തേക്ക് മടങ്ങിപ്പോയ ഗന്ധർവൻ’; ഓർമകളില്‍ പത്മരാജൻ..!

2008 ജനുവരി 24 ന് ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതം ഉണ്ടായതോടെ ഭരത് ഗോപിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 29 ന് 71-ാം വയസിലാണ് അദ്ദേഹത്തിന്റെ വിയോഗം.

Story highlights : Remembering actor and director Bharath Gopi