മിക്ലോസ് ഫെഹർ; മൈതാനമധ്യത്തിൽ ചിരിച്ചുകൊണ്ട് മരണത്തിലേക്ക് നടന്നകന്ന മനുഷ്യൻ..!
2004, ജനുവരി 25, പോര്‍ച്ചുഗീസ് ലീഗിലെ ഏറ്റവും ആരാധകപിന്തുണയുള്ള ക്ലബുകളിലൊന്നായ ബെന്‍ഫിക്ക, വിറ്റോറിയ ഡേ ഗ്യൂമാരസുമായി ഏറ്റുമുട്ടുന്നു. മത്സരം ഒരു മണിക്കൂറിക്കിലേക്ക് കടക്കുകയാണ്. ഇരുടീമുകളും ഗോളുകളൊന്നും നേടാതെ സമനില തുടരുകയാണ്. 59-ാം മിനുട്ടില്‍ ജാഹോ പെരേരക്ക് പകരം 29-ാം നമ്പര്‍ ജേഴ്സിയണിഞ്ഞ് ഹംഗേറിയന്‍ സ്ട്രൈക്കര്‍ മിക്ലോസ് ഫെഹര്‍ കളത്തിലിറങ്ങുന്നു. തന്റെ തന്ത്രങ്ങളെല്ലാം കളത്തില്‍ അതേപടി നടപ്പിലാക്കുമെന്ന വിശ്വാസത്തോടെയാണ് ബെന്‍ഫിക പരിശീലകന് ഫെഹറിനെ കളത്തിലേക്ക് ഇറക്കുന്നത്. എന്നാല്‍ ഫെഹര്‍ എന്ന 24-കാരന്റെ അവസാന മത്സരമാണെന്ന് ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഗ്യുമാരോ അഫോന്‍സോ മൈതാനത്ത് തിങ്ങിനിറഞ്ഞ ബെന്‍ഫിക ആരാധകരെയും ലോകമെമ്പാടുമുള്ള കാല്പന്ത് പ്രേമികളെയും കണ്ണീരണിയിപ്പിച്ചുകൊണ്ട് ആ അതുല്യപ്രതിഭ ദൈവത്തിനായി പന്ത് തട്ടാന്‍ യാത്ര തിരിച്ചു. ( Remembering Hungarian Footballer Miklos Feher )
ഫുട്ബോള്‍ ചരിത്രത്തിലെ ആ കറുത്ത മഷികളാല്‍ രേഖപ്പെടുത്തിയ ആ ദിനത്തിന് ഇന്നേക്ക് 20 വര്‍ഷം തികയുകയാണ്. വിറ്റോറിയ ഡേ ഗ്യൂമാരസിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങുന്നു. ബെന്‍ഫിക പരിശീലകന് ജോസ് അന്റോണിയോ കമാച്ചോയും ആരാധകരും പ്രതീക്ഷിച്ചതുപോലെ തന്നെ ഫെഹറിന്റെ മികവില്‍ ബെന്‍ഫിക ലീഡെടുക്കുന്നു. വിറ്റോറിയന്‍ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് ബോക്സിനുള്ളില്‍ വച്ച് ഫെഹര്‍ നല്കിയ പാസിലൂടെ ഫെര്‍ണാണ്ടോ അഗ്വൂലര് ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തില്‍ പിറന്ന ഏക ഗോളും ഇതായിരുന്നു.
ഈ ഗോളിന്റെ പിന്‍ബലത്തില്‍ ബെന്‍ഫിക വിജയമുറപ്പിച്ചതാണ്. മത്സരം ഇഞ്ച്വറി ടൈമിലേക്ക് നീങ്ങുകയാണ്. ഇതിനിടയില്‍ അനാവശ്യമായി സമയം വൈകിപ്പിച്ചെന്ന് കാരണത്താല്‍ റഫറി ഫെഹറിന് മഞ്ഞക്കാര്‍ഡ് കാണിക്കുന്നു. റഫറിയുടെ തീരുമാനത്തിന് ഒരു ചെറുപുഞ്ചിരിയോടെ മൈതാനമധ്യത്തിലേക്ക് നടന്നുനീങ്ങിയ ഫെഹര്‍ കാല്‍മുട്ടില്‍ കയ്യൂന്നി ഒരു നിമിഷം കുനിഞ്ഞുനില്ക്കുന്നു. തൊട്ടുപിന്നാലെ എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ബോധരഹിതനായി ഗ്രൗണ്ടിലേക്ക് മറിഞ്ഞുവീഴുകയാണ്…
റഫറിയും ഇരുടീമിലെയും കളിക്കാര്‍ ഫെഹറിനടുത്തേക്ക് ഓടിയെത്തി. മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സയും സിപിആറും നല്‍കിയെങ്കിലും ഫെഹര്‍ ചലനമറ്റു കിടക്കുകയാണ്. പിന്നാലെ നിമിഷങ്ങള്‍ മുമ്പുവരെ ആരവത്തില്‍ കരഘോഷം മുഴക്കിയ ആരാധകരില്‍ മൗനം തളംകെട്ടി നില്‍ക്കുന്നതായിരുന്നു കാഴ്ച. ഉടന്‍തന്നെ മൈതാനത്തേക്ക് കുതിച്ചെത്തിയ ആംബുലന്‍സില്‍ ഫെഹറിനെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. മൂന്ന് മണിക്കൂറിനകം ഫെഹര്‍ മരണപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നു. ഫെഹറിനോടുള്ള ആദരസൂചകമായി ബെന്‍ഫിക്കയുടെ ഹോംഗ്രൗണ്ടില്‍ താരത്തിന്റെ ലോഹപ്രതിമ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ബെന്‍ഫിക അവരുടെ 29-ാം നമ്പര്‍ ജഴ്സി എന്നന്നേക്കുമായി പിന്‍വലിച്ചു.
1979 ജൂലൈ 29ന് ഹംഗറിയിലെ ടാറ്റാബന്യയിലാണ് മിക്ലോസ് ഫെറിന്റെ ജനനം. ചെറുപ്പം മുതല്‍ പന്ത് തട്ടി തുടങ്ങിയ ഫെഹര്‍ 1995-ല്‍ ഹംഗേറിയന്‍ ക്ലബായ എഫ്സി ഗ്യോറി ഇ.ടി.ഒയിലൂടെ യൂത്ത് കരിയര്‍ ആരംഭിച്ചു. മൂന്ന് വര്‍ഷത്തിനൊടുവില്‍ ഫെഹര്‍ പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോയിലെത്തി. തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങള്‍ പോര്‍ട്ടോയുടെ ഭാഗമായിരുന്ന ഈ സ്ട്രൈക്കര്‍ ഇടക്കാലത്ത് ലോണില്‍ സാല്ഗ്യൂറോസ്, ബ്രാഗ ക്ലബുകളിലും കളിച്ചു. യുവതാരത്തിലെ പ്രതിഭ തിരിച്ചറിഞ്ഞ ബെന്‍ഫിക 2002-ല്‍ ഫെഹറിനെ മികച്ച തുകയ്ക്ക് തട്ടകത്തിലെത്തിച്ചു. 149 ക്ലബ്ബ് മത്സരങ്ങളില്‍ നിന്നായി 52 ഗോളുകളാണ് ഫെഹര്‍ തന്റെ കരിയര്‍ ബുക്കില്‍ എഴുതി ചേര്‍ത്തത്. 1998-2003 കാലഘട്ടത്തില്‍ ഹംഗറി ദേശീയ ടീമിന്റെ ഭാഗമായിരുന്ന താരം 25 അന്താരാഷ്ട്ര കളികളില്‍ നിന്നായി ഏഴ് ഗോളുകളാണ് നേടിയത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് സ്മാര്‍ട്ഫോണുകളും വേഗമേറിയ ട്രാന്സഫറിങ്ങുമെല്ലാം കളംപിടിക്കുന്നതിന് മുമ്പ്, വ്യാപകമയി പങ്കുവച്ചിരുന്ന ഒരു വീഡിയോയുണ്ട്. പശ്ചാത്തലത്തില്‍ Last Breath എന്ന ഗാനവുമായി പ്രചരിച്ചിരുന്ന ആ വീഡിയോയില്‍ ഫെഹര്‍ മൈതാനമധ്യത്തില്‍ ചലനമറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങളാണ്. എല്ലാവരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു ആ വീഡിയോ.. കാലമെത്ര മുന്നോട്ടുപോയാലും ഫെഹറും അദ്ദേഹത്തിന്റെ 29-ാം നമ്പറിലുള്ള ആ ചുവന്ന ജഴ്സിയും ഓരോ ഫുട്ബോള്‍ പ്രേമിയുടെ മനസിനെ കുത്തിനോവിക്കും..
Story highlights : Remembering Hungarian Footballer Miklos Feher