‘ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ’; ഓസ്‌ട്രേലിയൻ ഓപ്പൺ സെമിപ്രവേശത്തിന് പിന്നാലെ ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ

January 24, 2024

കരിയറിലാദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ ഇടംപിടച്ചതിന് പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. പുരുഷ ഡബിള്‍സ് ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന അപൂര്‍വ നേട്ടമാണ് ബൊപ്പണ്ണയെ തേടിയെത്തിയത്. 43-കാരനായ ബൊപ്പണ്ണ, കരിയറില്‍ ആദ്യമായിട്ടാണ് ടെന്നിസ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ( Rohan Bopanna becomes oldest tennis world number one )

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രോഹന്‍ ബൊപ്പണയും സഹതാരമായ എബ്ഡെനും മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. നേരത്തെ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയതോടെ, ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കി ഒരു വര്‍ഷത്തിനുള്ളിലാണ് താരത്തെ കാത്ത് പുതിയ റെക്കോഡ് എത്തുന്നത്.

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ 6-4, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ – എബ്‌ഡെന്‍ സഖ്യത്തിന്റെ സെമി പ്രവേശനം. ഈ ജയത്തിന് പിന്നാലെ പുതിയ ഡബിള്‍സ് റാങ്കിങ്ങില്‍ ഓസ്ട്രേലിന്‍ താരം മാത്യു എബ്ഡെന്‍ രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രലിയന്‍ ഓപ്പണില്‍ കിരീടം നേടാനായാല്‍ ബൊപ്പണ്ണയുടെ കരിയറില്‍ ആദ്യമായി ഗ്രാന്‍ഡ്സ്ലാം കിരീടമായി മാറും. മുമ്പ് രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം കിരീടത്തിന് അരികിലെത്തിയെങ്കിലും ബൊപ്പണ്ണയുടെ സഖ്യം പരാജയപ്പെടുകയായിരുന്നു.

Read Also : മികച്ച ടി-20 താരമായി സൂര്യകുമാർ യാദവ്; പുരസ്‌കാരനേട്ടം തുടർച്ചയായ രണ്ടാം തവണ

അമേരിക്കന്‍ ഡബിള്‍സ് സ്പെഷ്യലിസ്റ്റ് രാജീവ് റാമിന്റെ പേരിലായിരുന്നു റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ്. 2022-ല്‍ 38-ാം വയസിലാണ് രാജീവ് റാം ഒന്നാമതെത്തിയത്. മഹേഷ് ഭൂപതി, ലിയാണ്ടര്‍ പേസ്, സാനിയ മിര്‍സ എന്നിവര്‍ക്ക് ശേഷം ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ബൊപ്പണ്ണ.

Story highlights : Rohan Bopanna becomes oldest tennis world number one