‘43-ാം വയസിൽ ചരിത്രം’; ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടമുയർത്തി ബൊപ്പണ്ണ!

January 27, 2024

ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടി രാഹുൽ ബൊപ്പണ്ണയും മാത്യു എബ്ദനും. ഇറ്റലിയുടെ ആന്‍ഡ്രെ വാവസോറി/ സൈമണ്‍ ബോളെല്ലി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും വിജയകൊടുമുടി കയറിയത്. ടെന്നീസ് കരിയറിലെ ബൊപ്പണ്ണയുടെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം കൂടിയാണിത്. (Rohan Bopanna-Matthew Ebden Win Men’s Doubles Final)

പുരുഷ ഡബിള്‍സ് ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന അപൂര്‍വ നേട്ടത്തിന് പിന്നാലെയാണ് ബൊപ്പണ്ണ ഇപ്പോൾ വിജയകിരീടവും ചൂടിയിരിക്കുന്നത്. 43-കാരനായ ബൊപ്പണ്ണ, കരിയറില്‍ ആദ്യമായിട്ടാണ് ടെന്നിസ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 

റോഡ് ലേവർ അറീനയില്‍ നടന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് മുതൽ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. ബൊപ്പണ്ണയുടെ പരിചയ സമ്പത്തും ഇരുവരുടെയും കൂട്ടായ പ്രവർത്തനവും ടൈ ബ്രേക്കറിൽ സഹായകമായി. 7-6 സ്‌കോറിൽ ടൈ ബ്രേക്കറിൽ എതിരാളികൾക്ക് ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെയായിരുന്നു ആദ്യ സെറ്റിലെ വിജയം.

Read also: ‘ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ’; ഓസ്‌ട്രേലിയൻ ഓപ്പൺ സെമിപ്രവേശത്തിന് പിന്നാലെ ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ

രണ്ടാം സെറ്റിൽ അവസാന നിമിഷം ഇറ്റാലിയന്‍ സഖ്യത്തിന് പിഴച്ചു. ബ്രേക്ക് പോയിന്റ് സ്വന്തമാക്കാന്‍ ബൊപ്പണ്ണയ്ക്കും എബ്ദനും സാധിച്ചു. 7-5 എന്ന സ്കോറിലായിരുന്നു രണ്ടാം സെറ്റ് സഖ്യം നേടിയത്.

രോഹന്‍ ബൊപ്പണ്ണയുടെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലായിരുന്നു ഇത്. മുൻപ് രണ്ട് തവണ (2013,2023) യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ മോള്‍ട്ടെനി / ഗോണ്‍സാല സഖ്യത്തെ പരാജയപ്പെടുത്തി സെമിയിലെത്തിയതിന് പിന്നാലെയായിരുന്നു ബൊപ്പണ്ണ പുരുഷ ഡബിള്‍സില്‍ ലോക റാങ്കിങ്ങിലും ഒന്നാമതെത്തിയത്. ഈ ജയത്തോടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ മാത്യു എബ്ഡന്‍ രണ്ടാമതെത്തും.

Story highlights: Rohan Bopanna-Matthew Ebden Win Men’s Doubles Final