‘ജിയോ ബേബിയുടെ കാതലിന് മഴവില്ലഴകാണ്’; കാതലിലെ ഇഷ്ടരംഗത്തെക്കുറിച്ച് ശബരിനാഥൻ!
അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധയും പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’. സിനിമ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ പേരാണ് കോൺഗ്രസ് നേതാവ് കെ. എസ്. ശബരിനാഥന്റേത്. (Sabarinathan about his favorite scene from ‘Kaathal’)
കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശബരിനാഥൻ ചിത്രത്തിൽ തന്നെ ഏറെ സ്പർശിച്ച രംഗത്തെക്കുറിച്ചും മമ്മൂട്ടി എന്ന മഹാനടന്റെ അതിമനോഹരമായ പ്രകടനത്തെക്കുറിച്ചും വാചാലനായത്. ചിത്രത്തിലെ ഏറ്റവും മനോഹരമ രംഗമായി തനിക്ക് തോന്നിയത് കുടുംബകോടതി സീൻ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇഷ്ടരംഗത്തെ സൂക്ഷ്മതയോടെ തന്നെ അദ്ദേഹം കുറിപ്പിൽ വിവരിച്ചിട്ടുമുണ്ട്. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ കാതലിന് മഴവില്ലഴകാണെന്നാണ് ശബരിനാഥൻ പറയുന്നത്.
ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ തനിക്കെന്നും ഒരു വിസ്മയമാണെന്നും തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും അക്കൂട്ടത്തിൽ ഇടംപിടിച്ചെന്നും അദ്ദേഹം പറയുന്നു. മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരമെന്നും ശബരിനാഥൻ കുറിച്ചു.
Read also: ‘എല്ലാ സിനിമകളെയും ഒരേ ആർജവത്തോടെ സമീപിക്കുന്ന ഒരേയൊരു നടൻ’; മമ്മൂട്ടിയെക്കുറിച്ച് അനൂപ് മേനോൻ
ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
“ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും( മമ്മൂട്ടി) ഭാര്യ ഓമനയും(ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്ത്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു. തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല. ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, dignity ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.
പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണ് – തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും.മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം.”
Love you all
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച കാതൽ തിയേറ്ററിൽ മികച്ച പ്രതികരണം നേടിയതിന് ശേഷം ഈ മാസം അഞ്ചാം തീയതി മുതൽ ഒടിടിയിലും ലഭ്യമാണ്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Story highlights: Sabarinathan about his favorite scene from ‘Kaathal’