‘എല്ലാ സിനിമകളെയും ഒരേ ആർജവത്തോടെ സമീപിക്കുന്ന ഒരേയൊരു നടൻ’; മമ്മൂട്ടിയെക്കുറിച്ച് അനൂപ് മേനോൻ

January 6, 2024

മമ്മൂട്ടി – ജോ ബേബി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായ കാതല്‍ തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസായത്. മികച്ച ഉള്ളടക്കവും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാതല്‍ കണ്ട് അഭിപ്രായം അറിയിച്ചിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ( Anoop Menon’s review Mammootty and Kathal Movie )

കാതലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്;

കാതല്‍ കണ്ടു. തെലുഗിലും ബോളിവുഡില്‍ നിന്നുമുള്ള ഉള്ളടക്കമില്ലാത്ത മസാലപ്പടങ്ങള്‍ക്ക് മുന്നില്‍ മലയാള സിനിമ വിധേയത്വം കാണിക്കുന്ന ഈ സമയത്ത്, അതിശയകരമായ കഴിവുള്ള എഴുത്തുകാരായ ആദര്‍ശിനും പോള്‍സണുമൊപ്പം ജിയോ ബേബി എത്തിയിരിക്കുകയാണ്. കെ.ജി ജോര്‍ജും പത്മരാജനും ലോഹിതദാസും ഭരതനും എംടിയുമെല്ലാം മലയാള സിനിമയ്ക്ക് ധാര്‍മികതയും ചാരുതയും തിരികെ കൊണ്ടുവന്നിരിക്കുകയാണ് ഇവര്‍. അവരുടെ സിനിമകളാണ് ലോകത്തിന് മുന്നില്‍ നമ്മുടെ സിനിമകളെ വേറിട്ടു നിര്‍ത്തിയിരുന്നത്.

കാതലില്‍ ഇത്രയും സൂക്ഷ്മമായ ഒരു വിഷയത്തെ എത്ര സമര്‍ഥമായാണ് മൂവരും കൈകാര്യം ചെയ്തിരിക്കുന്നത്. മാത്യുവിന്റെയും ഓമനയുടെയും പ്രണയകഥ ശരീരത്തിന് അപ്പുറത്ത് നില്‍ക്കുന്ന ഒന്നാണ്. ഓമന പോയതിനുശേഷം അനാഥമായ അടുക്കളയിലേക്ക് നോക്കി നില്‍ക്കുന്ന മാത്യുവിന്റെ ഒരു ട്രാക്ക് ഷോട്ട് വേദനയുണ്ടാക്കുന്ന ഒന്നാണ്. നിങ്ങളുടെകൂടി സ്‌നേഹത്തിനായാണ് താന്‍ പൊരുതുന്നതെന്ന ഓമനയുടെ ആ ഒറ്റ വാചകം നിങ്ങളെ സ്പര്‍ശിക്കും.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും തടസങ്ങളില്ലാതെയുള്ള ഒഴുക്കായിട്ടാണ് തോന്നിയത്. ആ കവലയില്‍ വച്ച് വേനല്‍മഴക്കിടയില്‍ മാത്യുവും തങ്കനും പരസ്പരം കൈമാറുന്ന ആ നോട്ടം നമ്മുടെ സിനിമയിലെ എക്കാലത്തെയും കാവ്യാത്മക നിമിഷങ്ങളില്‍ ഒന്നായിരിക്കും.

Read Also : പുതു വെള്ളൈ മഴൈ..’ ഫിൻലൻഡിൽ നിന്നും തണുത്തുറഞ്ഞൊരു പാട്ടുമായി റിമി ടോമി; വിഡിയോ

ഇനി മമ്മൂക്കയോട്, ഒരേ ആര്‍ജവത്തോടെ എല്ലാത്തരം സിനിമയെയും സമീപിക്കുന്ന ഒരേയൊരു നടനെന്ന് കാലം നിങ്ങള്‍ എന്നെന്നേക്കുമായി ഓര്‍മ്മിക്കപ്പെടും. സ്വന്തം താരപരിവേഷം നിങ്ങള്‍ നല്‍കിയിരുന്നില്ലെങ്കില്‍ ജിയോയ്ക്ക് ഇത്ര വലിയ പ്രേക്ഷക സ്വീകര്യത നേടാനാകുമായിരുന്നില്ല. ഒരുപക്ഷേ ജിയോയ്ക്ക് ഈ ചിത്രം തന്നെ സാധ്യമാകുമായിരുന്നില്ല. ആ മഹാമനസ്‌കതയ്ക്ക് ഒരു സിനിമാ പ്രേമി എന്ന നിലയില്‍ നന്ദി അറിയിക്കുകയാണ്.

Story highlights : Anoop Menon’s review Mammootty and Kathal Movie