സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ; പരിക്കും ശസ്ത്രക്രിയയും ജോലിയുടെ ഭാഗമെന്ന് താരം

January 23, 2024

ട്രൈസെപ്‌സിനും കാല്‍മുട്ടിനും ശസ്ത്രക്രിയയ്ക്ക് വിധേയനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. പുതിയ ചിത്രത്തില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റിരുന്നു. അതുമായി ബന്ധപ്പെട്ടതാണ് പുതിയ സര്‍ജറികളെന്നാണ് താരവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ താരം സുഖം പ്രാപിച്ചുവരികയാണ്. ( Saif Ali Khan undergoes knee and tricep surgery )

ചെറിയ ശസ്ത്രക്രിയയാണ് നടന്നതെന്നും ഒരുപാട് കാലമായി ചെയ്യണമെന്ന് കരുതിയതായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നുവെന്നാണ് താരവുമായി ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളെ അറിയിച്ചത്. ദേവര എന്ന തെലുഗു സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സെയ്ഫിന് തോളിനും കാല്‍മുട്ടിനും പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ശസ്ത്രക്രിയ പഴയ പരിക്കുമായി ബന്ധപ്പെട്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

”ഈ പരിക്കും തുടര്‍ന്നുള്ള സര്‍ജറിയും ഞങ്ങള്‍ ചെയ്യുന്ന ജോലിയുടെ ഭാഗമായുട്ടള്ളതാണ്. വിദഗ്ധരായ ഡോക്ടര്‍മാരുടെ കരങ്ങളില്‍ ശസ്ത്രക്രിയക്ക് എത്തിയത് ഭാഗ്യമായി കരുതുന്നു. രോഗശാന്തി നേര്‍ന്ന എല്ലാ അഭ്യുദയകാംക്ഷികള്‍ക്ക് നന്ദിയും സ്‌നേഹവും അറിയിക്കുന്നു- ശസ്ത്രക്രിയയ്ക്ക് ശേഷം സെയ്ഫ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സങ്ങളിൽ നിന്ന് പിൻമാറി വിരാട് കോലി

ആദിപുരുഷ് എന്ന പാന്‍ ഇന്ത്യ ചിത്രത്തിലാണ് സെയ്ഫ് അലി ഖാന്‍ അവസാനമായി അഭിനയിച്ചത്. പ്രഭാസ്, കൃതി സനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഓം റൗട്ടാണ് സംവിധാനം ചെയ്തത്. ജൂനിയര്‍ എന്‍ടിആര്‍, ജാന്‍വി കപൂര്‍ എന്നിവര്‍ക്കൊപ്പം തെലുഗു ചിത്രമായ ദേവരയാണ് സെയ്ഫിന്റെ പുതിയ ചിത്രം.

Story highlights : Saif Ali Khan undergoes knee and tricep surgery