ബാറ്റെടുത്തപ്പോൾ നിരാശപ്പെടുത്തി, വിക്കറ്റിന് പിന്നിൽ ‘സൂപ്പർ സഞ്ജു’ ഷോ..!!

January 18, 2024

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരുന്നെങ്കിലും സഞ്ജുവിന് ആദ്യ രണ്ട് മത്സരങ്ങളിലും കളത്തിലിറങ്ങനായിരുന്നില്ല. ഇതോടെ താരത്തെ പൂറത്തിരുത്തുന്നതില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒടുവില്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ ജിതേഷ് ശര്‍മയ്ക്ക് പകരം സഞ്ജുവിനെ ആദ്യ ഇലവനില്‍ ഉള്‍പെടുത്തി. ഏറെ പ്രതീക്ഷയോടെ ക്രീസിലെത്തിയ സഞ്ജു നിരാശപ്പെടുത്തി. ( Sanju Samson Brilliant Stumping against Afghanistan )

നേരിട്ട ആദ്യ പന്തില്‍ തന്നെ പുള്‍ ഷോട്ടിന് ശ്രമിച്ച സഞ്ജു റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. അതും ടീം സ്‌കോര്‍ നാല് ഓവറില്‍ മൂന്നിന് 21 എന്ന നിലയില്‍ നില്‍ക്കുമ്പോവാണ് സഞ്ജു വിക്കറ്റ് അനാവശ്യമായി വലിച്ചെറിയുന്നത്. പിന്നീട് രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജുവിന് ആദ്യ പന്ത് തൊടാനായില്ല.

വിക്കറ്റിന് മുന്നില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ സൂപ്പര്‍ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. അഫ്ഗാന്റെ മൂന്ന് വിക്കറ്റുകളാണ് സ്റ്റമ്പിങ്ങിലുടെ സഞ്ജു ഇന്ത്യയ്ക്ക് സമ്മാനിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ 13-ാം ഓവറിലായിരുന്നു സഞ്ജുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആദ്യ സ്റ്റമ്പിങ്ങിന് ആരാധകര്‍ സാക്ഷിയായത്. ഇബ്രാഹിം സദ്രാനെയാണ് സഞ്ജു സ്റ്റമ്പ് ചെയ്യുന്നത്. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോയ പന്ത് സഞ്ജു കയ്യിലൊതുക്കയും ഡൈവിങ്ങിലുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

അതിനു ശേഷം 18-ാം ഓവറിലാണ് സഞ്ജു ഇന്ത്യക്ക് രണ്ടാമത്തെ വിക്കറ്റ് സമ്മാനിച്ചത്. മുകേഷ് കുമാര്‍ എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോളിലാണ് വമ്പനടികള്‍ക്ക് കെല്‍പ്പുള്ള കരീം ജന്നത്തിനെ സഞ്ജു റണ്ണൗട്ടാക്കിയത്. മുകേഷ് കുമാറിന്റെ യോര്‍ക്കര്‍ എഡ്ജായി വിക്കറ്റിന് പിന്നിലേക്കാണ് പോയത്. പിന്നാലെ പന്ത് ഓടിയെടുത്ത സഞ്ജുവിന്റെ നെടുനീളന്‍ ത്രോ ബേളേഴ്‌സ് എന്‍ഡില്‍ കരീം ജന്നത്തിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. അതിനുശേഷം ആദ്യ സൂപ്പര്‍ ഓവറില്‍ സഞ്ജു മറ്റൊരു കിടിലന്‍ റണ്ണൗട്ട് കൂടി നടത്തി. അപകടകാരിയായ ഗുല്‍ബദിന്‍ നയ്ബ് ആണ് ഇത്തവണ പുറത്തായത്. വിരാട് കോലിയുടെ കലക്കന്‍ ത്രോയില്‍ സഞ്ജു വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ നയ്ബ് ക്രീസിന് പുറത്തായിരുന്നു.

Read Also : ഒരൊറ്റ വിജയം, സങ്കടത്തിന്റെ എയ്‌സുകളെ അടിച്ചുപറത്തി സുമിത് നാഗൽ; പോരാട്ടവീര്യത്തിന്റെ കഥ

നിശ്ചിത ഓവറില്‍ ഇരു ടീമുകളും 212 റണ്‍സ് നേടിയതോടെ സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. 212 റണ്‍സ് പിന്തുടര്‍ന്നാണ് അഫ്ഗാന്‍ മത്സരം ടൈ ആക്കിയത്. പിന്നാലെ രണ്ട് തവണ സൂപ്പര്‍ ഓവറുകള്‍ നടന്നു. ഒടുവില്‍ ജയം സ്വന്തമാക്കി ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് തൂത്തുവാരി.

Story highlights : Sanju Samson Brilliant Stumping against Afghanistan