ഭിന്നശേഷിക്കാരനായ ആരാധകന് സഞ്ജുവിന്റെ സ്‌നേഹ സമ്മാനം; വീഡിയോ ഏറ്റെടുത്ത് ആരാധകർ

January 10, 2024

മലയാളികളുടെ അഭിമാനമാണ് ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സ്ഥാനമുറപ്പിക്കാനായില്ലെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി താരത്തിന് വലിയ രീതിയില്‍ ആരാധക പിന്തുണയുണ്ട്. ( Sanju Samson gifted Rajasthan Royals cap to specially abled fan )

നിലവില്‍ രഞ്ജി ട്രോഫി കളിക്കുന്ന കേരള ടീമിന്റെ ഭാഗമാണ് സഞ്ജു സാംസണ്‍. ആലപ്പുഴയിലാണ് ഉത്തര്‍പ്രേദേശിനെതിരായ കേരളത്തിന്റെ ആദ്യ മത്സരം നടന്നത്. ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരം കാണാനായി നിരവധിയാളുകളാണ് എത്തിയിരുന്നത്. സഞ്ജുവിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി വലിയ ആരാധകക്കൂട്ടം തന്നെ ഗ്രൗണ്ടിന് പുറത്തുണ്ടായിരുന്നു.

മത്സരശേഷം ആരാധകരുടെ ഹൃദയം കീഴടക്കിയാണ് ഗ്രൗണ്ട് വിട്ടത്. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ ആരാധകന്‍ സഞ്ജുവിന്റെ ശ്ര്ദ്ധയില്‍പെടുന്നത്. ഇതോടെ ആരാധകന്റെ അടുത്തെത്തി സംസാരിച്ച സഞ്ജു, രാജസ്ഥാന്‍ റോയല്‍സിന്റെ തൊപ്പി സമ്മാനമായി നല്‍കുകയായിരുന്നു. പിന്നാലെ മറ്റു ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത ശേഷമാണ് സഞ്ജു മടങ്ങിയത്.

രാജസ്ഥാന്‍ റോയല്‍സ് അവരുടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. വീഡിയോ താഴെ സഞ്ജുവിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് നിരവധി ആരാധകര്‍.

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി മത്സരത്തിനിടെയാണ് സഞ്ജുവിന് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ഇതോടെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരത്തില്‍ ടീമിനെ നയിക്കാനാകില്ല. ജനുവരി 12ന് അസമിനെതിരെ ഗുവാഹത്തിലാണ് കേരളത്തിന്റെ അടുത്ത മത്സരം

അഫ്ഗാനിസ്ഥാനെതിരായ പരമ്പയ്ക്ക് നാളെ മൊഹാലിയില്‍ തുടക്കമാകും. മുന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന് പകരമായിട്ടാണ് സഞ്ജുവിനെ ടീമിലേക്ക് തെരഞ്ഞെടുത്തത്. മറ്റൊരു യുവ വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയും ടീമിലുണ്ട്.

Story highlights : Sanju Samson gifted Rajasthan Royals cap to specially abled fan