അവഗണനകൾക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കുന്ന ക്രിക്കറ്റ് വിസ്മയം; സര്‍ഫറാസ് ആദ്യമായി ഇന്ത്യൻ ടീമിൽ

January 29, 2024

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനത്തോടെ ആരാധകരെ ഞെട്ടിക്കുന്ന താരം. 45 മത്സരങ്ങളില്‍ നിന്നായി വെറും 66 ഇന്നിങ്സുകള്‍ കളിച്ച് 3912 റണ്‍സാണ് ഈ യുവതാരത്തിന്റെ അക്കൗണ്ടിലുള്ളത്. 69.85 ശരാശരിയില്‍ ബാറ്റുവീശുന്ന ഈ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് ശേഷം ഏറ്റവുമധികം ശരാശരിയുള്ള താരവുമാണ്. 14 സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. 2019-20 സീസണില്‍ ഉത്തര്‍പ്രദേശിനെതിരെ പുറത്താകാതെ നേടിയ 301 റണ്‍സാണ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍. ( Sarfaraz Khan earns maiden India call up )

പേര് സര്‍ഫറാസ് ഖാന്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എടുത്തുപറയാന്‍ ഇത്രയധികം നേട്ടങ്ങളുണ്ടായിട്ടും 26- കാരനായ ഈ വലംകൈ ബാറ്റര്‍ക്ക് ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം അന്യം നിന്നുവരികയായിരുന്നു. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഒരുപാട് തവണ ദേശീയ ടീമില്‍ ഇടംപിടക്കുമെന്ന് തോന്നിപ്പിച്ചിരുന്നെങ്കിലും അന്നൊന്നും ആ സ്വപനം യാഥാര്‍ഥ്യമായിരുന്നില്ല. ഏറ്റവും ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോഴും സര്‍ഫറാസ് ഖാന്‍ എന്ന ക്രിക്കറ്റ് വിസ്മയം ഒരിക്കല്‍കൂടി തഴയപ്പെടുന്നതിനാണ് ആരാധകര്‍ സാക്ഷിയായത്.

വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും പിന്‍മാറിയ സമയത്തും പകരക്കാരുടെ പട്ടികയില്‍ ഉയര്‍ന്നുകേട്ടത് സര്‍ഫറാസിന്റെ പേര് തന്നെയായിരിന്നു. എന്നാല്‍ എട്ട് മാസത്തോളം രാജ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്ന രജത് പടിദാര്‍ കോലിയ്ക്ക് പകരമായി ടീമിലെത്തിയതോടെ താരത്തോടുള്ള അവഗണന തുടര്‍ക്കഥയാവുന്ന കാഴ്ച ആരാധകരെ ചൊടിപ്പിച്ചു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തങ്ങളുടെ അമര്‍ഷം പ്രകടമാ്ക്കുകയും ചെയ്തിരുന്നു.

വീണ്ടും തഴയപ്പെട്ടതിന്റെ നിരാശ മറ്റൊരു സെഞ്ച്വറിയിലൂടെയാണ് സര്‍ഫറാസ് തീര്‍ത്തത്. ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ട് ലയണ്‍സിനെതിരായി നടന്ന മത്സരത്തില്‍ ഇന്ത്യ എ ടീമിനായി നാലാം നമ്പറില്‍ ക്രീസിലെത്തിയ സര്‍ഫറാസ് 161 റണ്‍സ് നേടി സെലക്ടര്‍മാരുടെ തീരുമാനത്തെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്തു.

Read Also : ഒരു വർഷം മുൻപുവരെ സെക്യൂരിറ്റി ഗാർഡ്, ഇപ്പോള്‍ വിന്‍ഡീസിന്റെ സൂപ്പർ ഹീറോ; ഷമാർ ജോസഫിന്റെ ത്രില്ലർ ജീവിതം.!

ഒടുവില്‍ നീണ്ട കാത്തിരിപ്പിനും അവഗണനകള്‍ക്കും ശേഷം സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരിക്കുകയാണ്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ.എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്തായതോടെ സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. കരിയറില്‍ ആദ്യമായിട്ടാണ് മൂംബൈ സ്വദേശിയായ താരം ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുന്നത്. സര്‍ഫറാസിന് പുറമെ വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എ്ന്നിവരും ടീമില്‍ ഇടംപിടിച്ചുണ്ട്.

Story highlights : Sarfaraz Khan earns maiden India call up