ഒരു വർഷം മുൻപുവരെ സെക്യൂരിറ്റി ഗാർഡ്, ഇപ്പോള്‍ വിന്‍ഡീസിന്റെ സൂപ്പർ ഹീറോ; ഷമാർ ജോസഫിന്റെ ത്രില്ലർ ജീവിതം.!

January 29, 2024

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസ് മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയത്തിന്റെ ആവേശത്തിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഗാബയില്‍ കരീബിയന്‍ ടീമിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കണ്ണീരണിഞ്ഞ വിന്‍ഡീസ് മുന്‍ താരങ്ങളായ ബ്രയാന്‍ ലാറയുടെയും കാള്‍ ഹൂപ്പറിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഏകദിന ലോകകപ്പിന്റെ പൊലിമയില്‍ എത്തിയ കരുത്തരായ ഓസ്‌ട്രേലിയയെ എട്ട് റണ്‍സിനാണ് വിന്‍ഡീസ് പട പരാജയപ്പെടുത്തിയത്. 1997-ല്‍ പെര്‍ത്ത് ടെസ്റ്റില്‍ നേടിയ വിജയത്തിന് ശേഷമുള്ള ആദ്യ ടെസ്റ്റ് വിജയമെന്ന റെക്കോഡും ഇതോടെ വിന്‍ഡീസ് മാറ്റിയെഴുതി. ( Life Story of West Indies Cricketer Shamar Joseph )

ഈ ചരിത്ര വിജയത്തിനൊപ്പം ക്രിക്കറ്റ് ലോകം ചേര്‍ത്തുവയ്‌ക്കേണ്ട ഒരു താരം കൂടിയുണ്ട്. പേര് ഷമാര്‍ ജോസഫ്. തന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയ ഷമാര്‍ ജോസഫ് ഗാബ ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയാണ് ക്രിക്കറ്റ് ലോകത്തേക്ക് വരവറിയിച്ചിട്ടുള്ളത്. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറില്‍ വലതു കാലിന് പരിക്കേറ്റ് കണ്ണീരോടെ കളംവിട്ട ഷമാറിന് മത്സരം നഷ്ടമാകുമെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പരിക്ക് ഗുരുതരമല്ലാതിരുന്നതോടെ നാലാം ദിനം വിന്‍ഡീസ് ടീമിന്റെ പേസാക്രമണത്തെ നയിക്കാന്‍ ഷമാര്‍ ജോസഫ് തിരികയെത്തി. 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കരുതലോടെ ബാറ്റുവീശിത്തുടങ്ങിയ സമയത്താണ് ഷമാര്‍ ആദ്യമായി പന്തെറിയാനെത്തിയത്. യുവതാരത്തിന്റെ ആദ്യ ഓവറില്‍ പത്തും രണ്ടാം ഓവറിലെ ആദ്യ നാല് പന്തില്‍ തന്ന ഒമ്പത് റണ്‍സും നേടിയ താരത്തെ നേരിടുന്നതില്‍ ഓസീസ് നയം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഓസീസ് ഇന്നിങ്‌സിലെ 31 ഓവറിലെ അവസാന രണ്ട പന്തില്‍ കാമറൂണ്‍ ഗ്രീനിനെയും ട്രാവിസ് ഹെഡിനെയും പവലിയിനേക്ക് അയച്ച ഷമാര്‍ ജോസഫ് വരാനിരിക്കുന്ന തകര്‍ച്ചയെക്കുറിച്ച് ഓസീസ് ടീമിന് ചെറിയൊരു മുന്നറിയിപ്പ് നല്‍കി. അവിടെ നിന്നായിരുന്നു ഷമാര്‍ ജോസഫ് തന്റെ കണ്ണീരിന് പകരം ചോദിച്ചു തുടങ്ങിയത്. പിന്നീട് മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവരെ പുറത്താക്കിയ ഷമാര്‍ ജോസഫ് ഓസീസിനെ സമ്മര്‍ദത്തിലാക്കി. ഒടുവില്‍ വിജയത്തിന് എട്ട റണ്‍സകലെ ജോഷ് ഹെയ്‌സല്‍വുഡിനെ മടക്കിയ ആ 24-കാരന്‍ ഗാബയില്‍ പുതുചരിത്രമെഴുതുകയായിരുന്നു.

ഇന്ന് കൈവന്നിരിക്കുന്ന താരപരിവേഷത്തിന് മുന്‍പൊരു കാലമുണ്ടായിരുന്നു ഷാമര്‍ ജോസഫിനുണ്ടായിരുന്നു. ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് ഈ യുവതാരം വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ആദ്യ രാജ്യന്തര മത്സരത്തിന് കളത്തിലിറങ്ങിയത്. വിശപ്പിനെതിരെ പോരാടിയ ജീവിതമാണ് ലോകമറിയുന്ന ക്രിക്കറ്റര്‍ എന്ന നിലയിലേക്കെത്തുന്നത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസകള്‍ക്ക് അര്‍ഹനായ ഈ യുവതാരം ഒരു വര്‍ഷം മുമ്പാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..?

കരിബീയന്‍ ദ്വീപുകളിലെ ഏറ്റവും ജനവാസം കുറവുള്ള ദ്വീപുകളില്‍ ഒന്നാണ് ബരകാറ. വെറും 350 പേര്‍ മാത്രം താമസിക്കുന്ന പുറംലോകവുമായി വലിയ ബന്ധങ്ങളൊന്നും ഇല്ലാത്ത ഈ ദ്വീപിലാണ് ഷമാര്‍ ജോസഫ് ജനിച്ചുവളര്‍ന്നത്. ഗയാനയില്‍നിന്ന് കാഞ്ചെ നദിയിലൂടെ 225 കീലോമീറ്ററിലധികം സഞ്ചരിച്ചാല്‍ എത്തുന്ന ഒരു കൊച്ചു ദ്വീപായ ബരകാറയില്‍ കൃഷിയും മല്‍സ്യബന്ധനവുമാണ് ഉപജീവനമാര്‍ഗമായിട്ടുള്ളത്. ഇന്‍ര്‍നെറ്റും മൊബൈല്‍ ഫോണുകളും ഇല്ലാത്ത, വികസനം എന്തെന്ന അറിയാത്ത ഈ ദ്വീപില്‍ ക്രിക്കറ്റ് എന്നല്ല ഒരു കായിക ഇനത്തിനും സ്വീകാര്യത ഇല്ലാത്ത ഒരു നാട്. കളിക്കാന്‍ നല്ലൊരു ഗ്രൗണ്ട് പോലുമില്ലാത്ത ഈ നാട്ടില്‍ നിന്നാണ് ഷമാര്‍ ജോസഫ് എന്ന പ്രതാപകാലത്തെ വിന്‍ഡീസ് പേസര്‍മാര്‍ അനുസ്മരിപ്പിക്കുന്ന പേസ് ബോളര്‍ രൂപം കൊള്ളുന്നത്.

ദൈനംദിന ജീവിതത്തില്‍ ചെലവിനുള്ള പണം കണ്ടെത്തുന്നതിനായി രാത്രിയില്‍ ഉറക്കമൊഴിച്ച് സെക്യൂരിറ്റി ജീവനക്കാരനായിട്ടാണ് ഷമാര്‍ ജോസഫ് ജോലി ചെയ്തിരുന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരികെയെത്തിയ ശേഷം പകല്‍ മുഴുവനും കിടന്നുറക, ശേഷം ജോലിക്ക് പോകുന്നതിന് മുമ്പായി വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം കുറച്ച് സമയം ക്രിക്കറ്റ് കളിക്കുക എന്നതായിരുന്നു ക്രിക്കറ്റുമായി ഷമാറിന്റെ ബന്ധം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന സമയത്ത് തന്നെ ഷമാര്‍ മികച്ച രീതിയില്‍ പന്തെറിയുമായിരുന്നു.

ലോകമറിയുന്ന ഒരു ക്രിക്കറ്റ് താരമായി മാറണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സാധ്യമാകുമെന്ന പ്രതീക്ഷയൊന്നും ഷമാറിന് ഉണ്ടായിരുന്നില്ല. അങ്ങനെ ജീവിതപങ്കാളിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിയില്‍ നിന്ന് രാജിവച്ച ശേഷം മുഴുനീള ക്രക്കറ്റ് പരിശീലനത്തിനായി ഗയാനയിലേക്ക് പോയി. അവിടെ നിന്നും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഷമാറിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ കിട്ടിയത്. തുടര്‍ന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഷമാര്‍ ജോസഫ് പതിയെ മികവിലേക്ക് ഉയര്‍ന്നു. ഷെപ്പേര്‍ഡിന്റെ കീഴിലുള്ള പരിശീലനം തന്റെ പോരായ്മകളെ മനസിലാക്കാനും അത് തിരുത്തുന്നതിനും ഷമാറിന് വലിയ രീതിയില്‍ സഹായകമായി.

Read Also : ‘43-ാം വയസിൽ ചരിത്രം’; ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടമുയർത്തി ബൊപ്പണ്ണ!

2023 ഫെബ്രുവരി ഒന്നിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ഷമാര്‍ ഗയാനയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ചുരങ്ങിയ കാലത്തിനുള്ളില്‍ വീന്‍ഡീസ് സെലക്ടര്‍മാരുടെ ലിസ്റ്റില്‍ ഇടംപിടിച്ചതോടെ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള വിന്‍ഡീസ് എ ടീമില്‍ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 12 വിക്കറ്റുകളുമായി മിന്നും പ്രകടനം പുറത്തെടുത്ത ഷമാറിനെ വിന്‍ഡീസ് ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ടീമില്‍ ഇടം നേടുമ്പോള്‍ ഒരു ശരാശരി ക്രിക്കറ്റര്‍ എന്നതിലുപരി കാര്യമായ നേട്ടങ്ങളൊന്നും എടുത്ത് പറയാനുണ്ടായിരുന്നില്ല. കരുത്തരായ ഓസ്‌ട്രേലിയക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയ ഷമാര്‍ അഞ്ച് വിക്കറ്റുമായിട്ടാണ് കളം വിട്ടത്. രണ്ടാം മത്സരത്തിലും തന്റെ മികവ് തുടര്‍ന്ന ഷമാര്‍ വിന്‍ഡീസ് ടീമിന് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നേടിയ ഷമാര്‍, രണ്ടാം ഇന്നിങ്‌സില്‍ 68 റണ്‍സ് വഴങ്ങി ഏഴ് ഓസീസ് വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. പ്രതിസന്ധികളെ തരണം ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ സ്ഥാനം നേടിയെടുത്ത 24-കാരനായ ഷമാര്‍ ജോസഫ് ക്രിക്കറ്റ് ലോകത്തിന് കൂടുതല്‍ മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം..

Story highlights : Life Story of West Indies Cricketer Shamar Joseph