മകൾക്ക് പതിനാറാം പിറന്നാൾ; ആഘോഷമാക്കി അജിത്തും ശാലിനിയും

January 4, 2024

തമിഴകത്തും മലയാളികൾക്കും ഒരുപോലെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഒരുകാലത്ത് മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ചിത്രങ്ങളുടെ ഭാഗമായിരുന്ന ശാലിനി തമിഴിലേക്ക് ചേക്കേറുകയും അജിത്തുമായി പ്രണയത്തിലാകുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് 20 വർഷമായി സിനിമയിൽ നിന്നും നടി അകന്നു നില്കുകയുമാണ്. അടുത്തിടെയാണ് ശാലിനി സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങളെല്ലാം പെട്ടെന്നുതന്നെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ,മകൾ അനൗഷ്കയുടെ പിറന്നാൾ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. എന്റെ ബേബിക്ക് പിറന്നാൾ ആശംസകൾ എന്നുപറഞ്ഞുകൊണ്ടാണ് നടി ആശംസ പങ്കുവെച്ചിരിക്കുന്നത്. രണ്ടുമക്കളാണ് ശാലിനിക്കും അജിത്തിനും. അനൗഷ്കയെക്കൂടാതെ ഒരു മകനും കൂടിയുണ്ട്. മകൾ പാട്ടിലാണ് താരമെങ്കിൽ മകൻ സ്പോർട്സിലാണ്.ഇരുവരുടെയും വിശേഷങ്ങൾ ശാലിനി പങ്കുവയ്ക്കാറുണ്ട്.

മലയാള സിനിമ ലോകത്ത് വളരെ ചെറുപ്പത്തിൽ തന്നെ തരംഗമായി മാറിയതാണ് ശാലിനി. മുതിർന്നിട്ടും ബേബി ശാലിനി എന്നുതന്നെയാണ് പ്രേക്ഷകർ പ്രിയ നായികയെ വിളിച്ചത്. ഇത്രയേറെ സ്വീകാര്യത അതിനു ശേഷം ലഭിച്ച ഒരു ബാലതാരം ശാലിനിയുടെ സഹോദരി ശ്യാമിലി മാത്രമാണ്. എങ്കിലും മലയാളികൾക്കെന്നും മാമാട്ടിക്കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ ശാലിനിയോട് ഒരു പ്രത്യേക അടുപ്പമുണ്ട്.

Read also: ‘ഹാവൂ ആശ്വാസമായി’; അമ്മയുടെ കൈകളിലുറങ്ങുന്ന കുട്ടിക്കൊമ്പന്റെ വൈറൽ ചിത്രം!

ബേബി ശാലിനിയിൽ നിന്നും വർഷങ്ങൾക്ക് ശേഷം നായികയായി എത്തിയപ്പോഴും ശാലിനി അമ്പരപ്പിച്ചു. മലയാളികളെ മാത്രമല്ല തമിഴ് ജനതയെയും കയ്യിലെടുക്കാൻ ശാലിനിക്ക് സാധിച്ചു. പിന്നീട് അവരുടെ ഇഷ്ട നായകനെ വിവാഹം കഴിച്ച്‌ തമിഴകത്തേക്ക് ശാലിനി ചേക്കേറിയപ്പോൾ ആരാധകരുടെ ഇഷ്ടവും വർധിച്ചു.

ലളിതമായ ജീവിത ശൈലി കൊണ്ട് ആരാധാകരുടെ മനസിൽ ഇടം നേടിയ നടനാണ് അജിത്. അജിത്തിനോടുള്ള അതേ സ്നേഹം  ആരാധകർ ശാലിനിക്കും നൽകുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയ താരജോഡികൾ കൂടിയാണ് അജിത്തും ശാലിനിയും.  ശാലിനിയുടെ പിറന്നാളുകൾ തമിഴ്‌നാട്ടിലെ ആരാധകർ ആഘോഷമാക്കാറുണ്ട്.

Story highlights- shalini celebrating daughter anoushka’s birthday