‘ശ്രേയ ഘോഷാലിനൊപ്പം വേദിയിൽ, പൊന്നിയൻ സെൽവൻ വേണ്ടി ട്രാക്ക്’; പാട്ടുവിശേഷങ്ങളുമായി ഗായത്രി രാജീവ്
റിയാലിറ്റി ഷോകളിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് യുവഗായികയായ ഗായത്രി രാജീവ്. സംഗീത സാമ്രാട്ട് എ.ആര് റഹ്മാന് സംഘടിപ്പിച്ച ’99 സോങ്സ് കവര്‍സ്റ്റാര്‍’ മത്സരത്തില്‍ വിജയികളായ പത്ത് മത്സരാര്‍ത്ഥികളില്‍ ഒരാളായ ഗായത്രി, ഇന്ത്യന്‍ ഐഡല്‍ ഷോയിലെ മലയാളി സാന്നിധ്യവുമായിരുന്നു. സിവില്‍ എഞ്ചിനീയറിങ്ങിന് ശേഷം സംഗീതമാണ് തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞ കാക്കനാട് സ്വദേശിനിയായ ഗായത്രി ഇപ്പോള്‍ തിരക്കിട്ട സംഗീത പരിപാടികളിലാണ്. ചുരങ്ങിയ കാലത്തിനിടയില്‍ സംഗീത ലോകത്ത് ഇടമുറപ്പിച്ച ഗായത്രി തന്റെ പാട്ടുവിശേഷം പങ്കുവയ്ക്കുകയാണ്. ( Singer Gayathri Rajiv interview )
എഞ്ചിനീയറിങ്ങില്‍ നിന്ന് സംഗീതത്തിലേക്കുള്ള ചുവടുവയ്പ്പ്; എറണാകുളം ജില്ലയിലെ കാക്കനാട് ആണ് എന്റെ വീട്. അവിടെ അച്ഛനും അമ്മയുമുണ്ട്. സംഗീത പാരമ്പര്യമൊന്നും ഇല്ലാത്ത കുടുംബമാണ്. ആറാം വയസ് മുതല്‍ സംഗീതം പഠിച്ചു തുടങ്ങി. കര്‍ണാട്ടിക് സംഗീതമായിരുന്നു പഠിച്ചു തുടങ്ങിയത്. ഒരുപാട് ഗുരുക്കന്മാരുടെ അടുത്ത് നിന്നും പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈറ്റില രമേഷ് എന്ന ഗുരുവിനൊപ്പമാണ് സംഗീതം പരശീലിക്കുന്നത്. സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് സിനിമയിലും ആല്‍ബത്തിലും കോറസ് പാടാന്‍ കൊണ്ടുപോകുമായിരുന്നു. ‘916’, ഗോപി സുന്ദര്‍ സാറിന്റെ ‘ലൈല ഓ ലൈല’ എന്നീ ചിത്രങ്ങളിലൊക്കെ പാടിയിട്ടുണ്ട്.
സംഗീതത്തില്‍ ഒരു കരിയര്‍ സാധ്യത ഉണ്ടാകുമെന്നൊന്നും അ്ക്കാലത്ത് അറിഞ്ഞിരുന്നില്ല. സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തോളം ചെന്നൈയില്‍ സിഎസ്ഐആര്‍ എന്ന റിസര്‍ച്ച് സെന്ററില്‍ പ്രോജക്ട് ചെയ്തിരുന്നു. അവിടെ നിന്നാണ് തെലുഗു ചിത്രങ്ങളിലെല്ലാം പാടാന്‍ അവസരം ലഭിച്ചത്. പിന്നീടാണ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്താല്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് തോന്നിയത്. രണ്ട് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ നിരവധി ഓണ്‍ലൈന്‍ മത്സരങ്ങളിലും പങ്കെടുത്തു. അങ്ങനെയാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്.
വേദികള്‍ കീഴടക്കാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍: ഇന്ത്യന്‍ ഐഡല്‍ ഷോയില്‍ അവസരം ലഭിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്ത്ഥികളായിട്ടുണ്ടെന്നതാണ് പ്രധാന കാരണം. ആദ്യ ലെവല്‍ ഓഡിഷന് ബെംഗളൂരുവിലായിരുന്നു. മുംബൈയില്‍ നാലിലധികം ഓഡിഷനുകള്‍ നടന്നു. ഏറ്റവും ഒടുവിലായി ചാനലിന്റെ ഭാഗത്തുനിന്നുള്ള ഓഡിഷനുമുണ്ട്. മൂന്ന് മാസത്തോളം നീണ്ട ഓഡിഷന് ശേഷമാണ് അവസരം കിട്ടിയത്.
മുംബൈയില്‍ ചെല്ലുമ്പോള്‍ ഹിന്ദി അറിയില്ലായിരുന്നു. ഹിന്ദിക്കാരോടൊപ്പം താമസിച്ചപ്പോള്‍ ഭാഷ പഠിച്ചു. ഇതൊരു ഒരു വലിയ ഷോ ആണ്. അതിലേക്ക് നമ്മെ ഒരുക്കി എടുക്കുന്ന പ്രോസസ്സ് വളരെ രസകരമായിരുന്നു. മുഴുവന്‍ സമയവും അവിടെത്തന്നെയാണ് പുറത്തൊന്നും പോകാന്‍ പറ്റുമായിരുന്നില്ല. ഇതെലാം കഴിഞ്ഞ ശേഷമാണ് വിശാല്‍ ദദ്ലാനി, ശ്രേയ ഘോഷാല്‍ എന്നിവരുടെ മുന്നില്‍ പാടിയത്. കുറെ മാസങ്ങളായിട്ട് മുംബൈയിലായിരുന്നു. കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്.
സ്വപ്നസാഫല്യം: ശ്രേയ ഘോഷാലിന്റെ വലിയ ആരാധികയാണ്. വേദിയില്‍ ഒരുമിച്ച് പാടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇന്ത്യന്‍ ഐഡലിലൂടെ വിശാല്‍ സാറിനേയും ശ്രേയ മാഡത്തിനേയുമെല്ലാം നേരിട്ട് കാണാനായത് തന്നെ വലിയ കാര്യമായിരുന്നു. ശ്രേയ മാഡത്തിന്റെ ഒരു ഷോ കൊച്ചിയില്‍ നടന്നിരുന്നു. അന്ന് ജോഷ് ആപ്പിന്റെ ആര്‍ട്ടിസ്റ്റായി ഞാനും പാടാന്‍ പോയിരുന്നു. ഷോ കാണാന്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ ശ്രേയ മാഡം എന്നെ വേദിയിലേക്ക് വിളിച്ചു, എനിക്ക് ഒരുപാട് സന്തോഷമായി.
സംഗീത ഇതിഹാസത്തെ കണ്ടപ്പോള്‍: ചെന്നൈയില്‍ ഉണ്ടായിരുന്ന സമയത്താണ് പൊന്നിയിന്‍ സെല്വന് 2 ലെ ‘വീരാ രാജവീരാ’ എന്ന പാട്ടിനുവേണ്ടിയാണ് ട്രാക്ക് പാടിയത്. എ.ആര് റഹ്മാന് സാറിനൊപ്പമുള്ള ആദ്യത്തെ റെക്കോഡിങ് ആയിരുന്നുവത്. ശ്രീകാന്ത് ഹരിഹരനായിരുന്നു റെക്കോഡിങ് സെഷന് കൂടെയുണ്ടായിരുന്നത്. റഹ്മാന് സാര്‍ തൊട്ടടുത്ത മുറിയിലായിരുന്നു.
അദ്ദേഹത്തിന്റെ സ്റ്റുഡിയോ കാണാന്‍ തന്നെ ഒരു ദൈവീകമായ അനുഭവമാണ്. സാറിന്റെ വീടും അവിടെത്തന്നെയാണ്. ചിത്രചേച്ചി ഒറിജിനല്‍ പതിപ്പ് പാടി. റഹ്മാന് സാറിന്റെ സ്റ്റുഡിയോയില്‍ പോകാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. 99 സോങ്സ് കവര്‍സ്റ്റാര്‍ കോണ്ടെസ്റ്റ് എന്ന മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതില്‍ അവസാനറൗണ്ടില്‍ എത്തുകയും ചെയ്തു. റഹ്മാന് സര് ഓണ്‍ലൈനായി ഞങ്ങളോടു സംസാരിച്ചിരുന്നു. സൂം കോളിലൂടെയാണ് റഹ്മാന് സാറിനോട് സംസാരിക്കുന്നത്. പിന്നെ ഒരു ദിവസം പെട്ടെന്ന് വിളിച്ചിട്ടാണ് ഒരു പാട്ട് പാടാന്‍ വരണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് വീരാ രാജവീരാ ട്രാക്ക് പാടിയത്.
Read Also : മനുഷ്യത്വം മരവിച്ച കാഴ്ച; കൂട്ടത്തിലൊരാൾ തളർന്നുവീണിട്ടും ഒപ്പന നിർത്തിയില്ല, വിമർശനം
സിനിമ വിശേഷങ്ങള്‍: മലയാളത്തില്‍ നദികളില്‍ സുന്ദരി യമുന, തല്ലുമാല തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലും പാടാന്‍ അവസരം ലഭിച്ചു. സംഗീതം ഒരു കരിയറായി തെരഞ്ഞെടുക്കാനാണ് തീരുമാനം.
Story highlights : Singer Gayathri Rajiv interview