‘ബൗളിങ്ങിന് കാലും, ബാറ്റിങ്ങിന് തോളും’; പ്രതിസന്ധികൾ ആമിറിന് തോൽവികളല്ല!
പരിമിതികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറിയ നിരവധി പ്രതിഭകൾ നമുക്ക് ചുറ്റുമുണ്ട്. പ്രചോദനം നൽകുന്ന അത്തരം ജീവിത സാക്ഷ്യങ്ങൾ പ്രതിസന്ധികൾക്ക് മുന്നിൽ പോരാടാനുള്ള ഊർജ്ജവും പകരും. ഇന്ത്യക്കാർ എന്ന നിലയിലും അതിലുപരി മനുഷ്യർ എന്ന നിലയിലും നമുക്ക് ഏറെ പ്രചോദനം പകരുന്ന ജീവിതാനുഭവമാണ് ജമ്മു കശ്മീരിലെ അംഗപരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആമിർ ഹുസൈൻ ലോണിന് പറയാനുള്ളത്. (Story of Kashmir Para Cricket Captain Amir Hussain Lone)
എട്ടാം വയസ്സിൽ പിതാവിന്റെ തടിമില്ലിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആമിറിന് ഇരുകൈകളും നഷ്ടപ്പെടുന്നത്. പലരും ജീവിതം വരെ അവസാനിപ്പിക്കുന്ന പ്രതിസന്ധിക്ക് മുൻപിൽ തോൽക്കാൻ പക്ഷെ ആമിർ തയ്യാറായിരുന്നില്ല. ഒരു വിധത്തിൽ പറഞ്ഞാൽ കൈകളുടെ ശക്തി അയാൾ കാലുകൾക്ക് നൽകി.
ആരോടും സഹായം ചോദിക്കാതെ സ്വന്തം കാര്യം ചെയ്യാൻ അവൻ തൻ്റെ കാലുകളെ പാകപ്പെടുത്തി. കൈകൾ കൊണ്ട് ആമിർ എഴുതാനും, ഭക്ഷണം കഴിക്കാനും, നീന്താനും തുടങ്ങി. എല്ലാത്തിലുമുപരി തനിക്കേറെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാനും ആമിർ കാലുകളെ പരിശീലിപ്പിച്ചു.
#WATCH | Anantnag, J&K: 34-year-old differently-abled cricketer from Waghama village of Bijbehara. Amir Hussain Lone currently captains Jammu & Kashmir's Para cricket team. Amir has been playing cricket professionally since 2013 after a teacher discovered his cricketing talent… pic.twitter.com/hFfbOe1S5k
— ANI (@ANI) January 12, 2024
കാലുകൾ കൊണ്ട് ആമിർ ഒന്നാന്തരമായി ബൗളിംഗ് ചെയ്യും. തോളിനും താടിക്കും മദ്ധ്യേ വെച്ച് മനോഹരമായി ബാറ്റിങ്ങും ചെയ്യും. 34 വയസ്സുകാരനായ ആമിർ ഇപ്പോൾ അംഗപരിമിതർക്കുള്ള കശ്മീർ സംസ്ഥാന ക്രിക്കറ്റ് ടീം നായകൻ മാത്രമല്ല, അവരുടെ പരിശീലകൻ കൂടെയാണ്.
കൈകൾ നഷ്ടപ്പെട്ട ആമിറിനോട് വീട്ടിൽ പോകാൻ ഒരിക്കൽ അധ്യാപകൻ പറഞ്ഞത് ഏറെ വിഷമമുണ്ടാക്കി. എങ്കിലും പരിഹാസങ്ങൾ വകവെയ്ക്കാതെ പഠിച്ച് കോളേജ് വരെയെത്തി. അവിടെ വെച്ച് ആമിറിലെ ക്രിക്കറ്ററെ ഒരു അദ്ധ്യാപകൻ തിരിച്ചറിഞ്ഞതോടെ അംഗപരിമിതരുടെ ടീമിലേക്ക് വഴി തുറന്നു. കഠിനപ്രയത്നം കൊണ്ട് വൈകാതെ തന്നെ സംസ്ഥാന ടീമിലെത്തി. വേറിട്ട ബാറ്റിങ്ങും ബൗളിങ്ങും കാരണം ആമിർ നാട്ടുകാരുടെയും, കൂട്ടുകാർക്കുമിടയിൽ ഒരു ചെറിയ സെലിബ്രിറ്റിയാണ്.
Read also: ചരിത്രം കുറിക്കാൻ യോഷിമി; ഏഷ്യൻ കപ്പിലെ ആദ്യ വനിതാ റഫറി
സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള ജേഴ്സിയണിഞ്ഞ് ക്രിക്കറ്റ് കഴിക്കുന്ന ആമിറിനെ കാണുമ്പോൾ അറിയാതെ കണ്ണ് നനയാത്തവർ ചുരുക്കം. 2013 മുതല്‍ പാര ക്രിക്കറ്റ് കളിക്കുന്ന ആമിറിന്റെ അരങ്ങേറ്റം ഡല്‍ഹിയിലായിരുന്നു. 2018-ല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ പാര ക്രിക്കറ്റ് ടീമിനായും കളിച്ചു. അതിനു ശേഷം നേപ്പാളിലും ഷാര്‍ജയിലും ദുബായിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തു.
തന്റെയും ടീമിന്റെയും ഇഷ്ട കളിക്കാർ സച്ചിനും വിരാട് കോലിയുമാണെന്ന് ആമിർ പറയുന്നു. ഇപ്പോൾ തന്റെ ജീവിതം സിനിമ കൂടി ആകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. പിക്കിൾ എന്റര്ട്ടെയ്ന്മെന്റ്സാണ് ആമിറിന്റെ ജീവിതം സിനിമയാക്കുന്നത്.
Story highlights: Story of Kashmir Para Cricket Captain Amir Hussain Lone