‘ഞാൻ തിരക്കിലാണ്’; കേരളത്തിൽ പൊന്ന് വിളയിക്കുന്ന മിലൻ!

January 20, 2024

കേരളത്തിൽ കാർഷിക മേഖലയിൽ പുതിയ തിരക്കഥയൊരുക്കുകയാണ് ഒരു പശ്ചിമ ബംഗാൾ സ്വദേശി. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ഡോംകലിൽ താമസിക്കുന്ന മിലൻ ഷെയ്ക് എന്ന ഇരുപത്തിയെട്ടുകാരൻ വർഷങ്ങൾക്ക് മുമ്പ് കേരളത്തിലേക്ക് കുടിയേറിയാണ്. ഇപ്പോൾ 50 ഏക്കറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്ന ഒരു വലിയ കർഷകനാണ് മിലൻ. (The Migrant worker who became a successful farmer in Kerala)

ജോലിക്കായി ഡോംകലിലെ വീട് വിട്ടിറങ്ങിയ സുഹൃത്തിനെ തേടിയാണ് മിലൻ ഷെയ്ക്ക് 13 വർഷം മുമ്പ് കേരളത്തിലെത്തിയത്. സുഹൃത്തിനെ തേടി കേരളത്തിലെത്തുമ്പോൾ മിലൻ ഷെയ്ക്കിന് 14 വയസ്സായിരുന്നു. കേരളത്തിലെത്തി ചുറ്റുപാടുകൾ നിരീക്ഷിച്ച അദ്ദേഹം ഇവിടെ താമസിച്ച് നിർമ്മാണ മേഖലയിൽ അതിഥി തൊഴിലാളിയായി ജോലി ചെയ്യാൻ തീരുമാനിച്ചു. എട്ട് വർഷക്കാലം മിലൻ പല നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്തു.

മരച്ചീനി ഫാമിൽ ജോലി ചെയ്യുമ്പോഴാണ് കേരളത്തിൽ പുതിയ കാർഷിക ഉൽപന്നങ്ങൾക്കും പച്ചക്കറികൾക്കും വലിയ ഡിമാൻഡുണ്ടെന്ന് മിലൻ മനസ്സിലാക്കിയത്.

കഴിഞ്ഞ അഞ്ച് വർഷമായി, മിലൻ കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ നെടുമ്പാശ്ശേരിയിലെ വിവിധ സ്ഥലങ്ങളിലായി 50 ഏക്കർ സ്ഥലം പാട്ടത്തിന് എടുത്ത് മരച്ചീനി, വാഴ, ചേന, ചീര, വെണ്ട എന്നിവ കൃഷി ചെയ്യുന്നു. കൂടാതെ തൻ്റെ ഫാമിൽ 20-ലധികം കുടിയേറ്റ തൊഴിലാളികൾക്ക് ജോലിയും നൽകിയിട്ടുണ്ട് മിലൻ. “ഞാൻ ഇവിടെ ഒരു തൊഴിലാളിയായാണ് വന്നത്, ഇപ്പോൾ ഞാൻ ഒരു കാർഷിക ബിസിനസ്സ് നടത്തുന്നു. ജീവിക്കാൻ ഏറ്റവും നല്ല സ്ഥലമായ കേരളത്തിൽ മെച്ചപ്പെട്ട ജീവിതം കണ്ടെത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്, ” മിലൻ പറയുന്നു.

Read also: ‘ഇങ്ങനൊരു ഫെയർവെൽ ഇതാദ്യം’; മലയാളി അധ്യാപകർ തീർത്ത പുത്തൻ ട്രെൻഡ്!

“ഞാൻ 365 ദിവസവും ഭൂമിയിൽ ജോലി ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾ വളരെ സൗഹാർദ്ദപരമാണ്, ഒരു കർഷകനാകാൻ പലരും എന്നെ പിന്തുണച്ചിട്ടുണ്ട്”, അദ്ദേഹം പറയുന്നു. തന്റെ കാർഷിക ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും ലുലു പോലുള്ള ഹൈപ്പർമാർക്കറ്റുകളിൽ കയറ്റുമതി ചെയ്യുകയും വിൽക്കുകയും ചെയ്യുന്നുവെന്ന് മിലൻ പറയുന്നു. “ഞാൻ ചെറിയ മുതൽമുടക്കിലാണ് കൃഷി തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഞാൻ കൃഷിയിലൂടെ ഓരോ വർഷവും ലക്ഷങ്ങൾ സമ്പാദിക്കുന്നു.” കൃഷിയിൽ നിന്ന് വിജയം കൊയ്യാൻ ഒരാൾ പരമാവധി ശ്രമിക്കണമെന്നും മിലൻറെ വാക്കുകൾ.

Story highlights: The Migrant worker who became a successful farmer in Kerala