മുന്നിൽ അലറിപ്പാഞ്ഞെത്തിയ പുള്ളിപ്പുലി; സ്വന്തം കൈകളാൽ പുലിയുടെ അന്ത്യം കുറിച്ച അകെലിയുടെ കഥ!

January 31, 2024

ആധുനിക ടാക്സിഡെർമിയുടെ പിതാവായി കണക്കാക്കപ്പെടുന്ന കാൾ അകെലി ഒരു ടാക്സിഡെർമിസ്റ്റ് മാത്രമല്ല, പ്രകൃതിശാസ്ത്രജ്ഞനും ശിൽപിയും എഴുത്തുകാരനും കൂടി ആയിരുന്നു. കടന്ന് പോയ വഴിത്താരയിൽ കേട്ടാൽ അമ്പരന്ന് പോകുന്ന ഒരു അനുഭവത്തിലൂടെ അകെലി കടന്നുപോയി. (The Story of Carl Akeley who killed a Leopard with his bare hands)

1896-ൽ അകെലി തൻ്റെ ആദ്യ ആഫ്രിക്കൻ യാത്ര ആരംഭിച്ചു. ഈ യാത്രയിലാണ് 80 പൗണ്ട് ഭാരമുള്ള പുള്ളിപ്പുലിയുമായി അയാൾ മുഖാമുഖം ഏറ്റുമുട്ടുന്നത്. സോമാലിലാൻഡിലേക്കുള്ള ഒരു യാത്രയ്ക്കിടെ, ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയത്തിനായി ഒട്ടകപ്പക്ഷികളെ വേട്ടയാടാൻ അകെലിയും സഹായിയും കൂടി യാത്ര തിരിച്ചു. ആ യാത്രയ്ക്കിടയിലാണ് കുറ്റിക്കാട്ടിൽ എന്തോ ഒന്ന് പതിയിരിക്കുന്നതായി അയാളുടെ ശ്രദ്ധയിൽ പെട്ടത്.

ആദ്യത്തെ വലിയ യാത്രയായതിനാൽ തന്നെ, അകെലി അധികം അനുഭവപരിചയമില്ലാത്ത ആളായിരുന്നു. ആ ജീവി ഒരു പന്നിയാണെന്ന് കരുതി അകെലി തോക്കിന്റെ കാഞ്ചി വലിച്ചു. എന്നാൽ ജീവിയുടെ നിലവിളി കേട്ടപ്പോഴാണ് അയാൾക്ക് തൻ്റെ തെറ്റ് മനസിലായത്. അത് പന്നിയായിരുന്നില്ല, മറിച്ച് ജീവനുള്ള ഒരു പുള്ളിപ്പുലിയായിരുന്നു.

സ്വയം രക്ഷയ്ക്കായി അയാൾ തൻ്റെ റൈഫിൾ ഉയർത്തി പുലിക്ക് നേരെ രണ്ടുതവണ വെടിവച്ചു. പക്ഷേ രണ്ട് തവണയും ഉന്നം പിഴച്ചു. തൻ്റെ മൂന്നാമത്തെ ഷോട്ടിൽ, ബുള്ളറ്റ് പുലിയുടെ മേൽ പതിച്ചു. അലറി വിളിച്ചു കൊണ്ട് പ്രതികാരത്തിനായി അത് അകെലിയുടെ അടുക്കലേക്ക് പാഞ്ഞു.

Read also: ഏറ്റവും കൂടുതൽ ദിനോസറുകൾ ഇന്ത്യയിലോ..? മധ്യപ്രദേശിൽ കണ്ടെത്തിയത് 256 ദിനോസർ മുട്ടകള്‍..!

ഭയന്നുവിറച്ച അകെലി നാലാമത്തെ തവണയും ട്രിഗർ വലിച്ചു എന്നാൽ അപ്പോഴേക്കും കയ്യിലുണ്ടായിരുന്ന വെടിയുണ്ടകൾ തീർന്നിരുന്നു. തീർത്തും നിരാശനായ അകെലി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അവൻ ഓടുന്നതിനിടയിൽ റൈഫിളിൽ പുതിയ വെടിയുണ്ടകൾ നിറച്ചു.

വീണ്ടും വെടിയുതിർക്കാനായി തിരിഞ്ഞപ്പോൾ തനിക്ക് നേരെ പാഞ്ഞു വരുന്ന പുള്ളിപ്പുലിയെയാണ് അകെലി കണ്ടത്. എന്നാൽ ഇത്തവണ ഭാഗ്യം തുണച്ചു. പുലിയുടെ കാലുകളിൽ ഒന്നിൽ വേടിയേറ്റു. ഉന്നം പിഴച്ച പുലിയുടെ വായിലേക്ക് അകെലി തന്റെ കൈകൾ അമർത്തി കയറ്റി.

രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ജീവനുവേണ്ടി പോരാടാൻ തുടങ്ങി. അവശരായി രണ്ടുപേരും ഒടുവിൽ നിലത്തുവീണു. തക്കം നോക്കി വലതുകൈ പുള്ളിപ്പുലിയുടെ തൊണ്ടയിലൂടെ ഇടിച്ചുകയറ്റുന്നതിനിടെ ഇടതുകൈകൊണ്ട് പുലിയെ കഴുത്തുഞെരിച്ച് കൊല്ലാൻ അയാൾക്ക് കഴിഞ്ഞു.

ഇന്ന് കാലങ്ങൾക്കിപുറം ഈ കഥ കേൾക്കുമ്പോൾ യാഥാർഥ്യം എത്രത്തോളം ഉണ്ട് എന്ന സംശയം സ്വാഭാവികമായും നമ്മുടെ ഉള്ളിൽ ഉണ്ടാകാം. എന്നാൽ താൻ കൊന്ന പുള്ളിപ്പുലിയുമായി നിൽക്കുന്ന അകെലിയുടെ ഫോട്ടോ നമുക്ക് മുന്നിലുള്ള ഏക തെളിവാണ്. പിൽക്കാലത്ത് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയതും ഈ ചിത്രം തന്നെ.

Story highlights: The Story of Carl Akeley who killed a Leopard with his bare hands