പോലീസ് ത്രില്ലറുമായി ടൊവിനോ തോമസ്; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പ്രേക്ഷകരിലേക്ക് എത്തി

January 12, 2024

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. മനോഹരമായ തിരക്കഥകളാണ് നടനെ തേടിയെത്തുന്നത്. അത്തരത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വരാനിരിക്കുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഫെബ്രുവരി 9 മുതൽ തിയേറ്ററുകളിലെത്തും ചിത്രം.

ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തീയറ്റർ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. ജിനു വി എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും.

ടൊവിനോ തോമസ് ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യാവിഷ്ക്കാരമായിരിക്കും സമ്മാനിക്കുക. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റാണിത്. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷത ചിത്രത്തിനുണ്ട്.

സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

Read also: കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്സാപ്പിൽ ബുക്ക് ചെയ്യാം; അറിയേണ്ടത് എന്തെല്ലാം!

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, മാർക്കറ്റിങ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, പിആർഒ: ശബരി.

Story highlights- tovino thomas movie ‘anveshippin kandethum’ teaser out now