മാമ്പഴത്തെക്കാൾ വില മാവിലയ്ക്ക്; കുറ്റിയാട്ടൂർ ഗ്രാമവാസികൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ!

January 30, 2024

മാങ്ങയെക്കാൾ വില മാവിലയ്‌ക്കോ? നെറ്റി ചുളിക്കണ്ട, കേട്ടത് സത്യമാണ്. നമ്മൾ ഉപയോഗശൂന്യം എന്ന് കരുതുന്ന പല വസ്തുക്കളിൽ നിന്നും സ്വപ്നം കാണാൻ പറ്റാത്ത വരുമാനം ഉണ്ടാക്കാൻ കഴിയും എന്ന് പറഞ്ഞാൽ സംശയിക്കേണ്ട. അത് പ്രാവർത്തികമാക്കി കാണിച്ചിരിക്കുകയാണ് കണ്ണൂർ കുറ്റിയാട്ടൂരിലെ കുടുംബശ്രീ അംഗങ്ങൾ. (Villagers Earn Lakhs of rupees selling dried Mango Leaves)

ഒരു കിലോ മാങ്ങയ്ക്ക് 80 രൂപ ലഭിക്കുന്ന സ്ഥാനത്താണ് ഒരു കിലോ മാവിലയ്ക്ക് ഇരട്ടിക്ക് മേൽ മൂല്യം. കുറ്റിയാട്ടൂരിലെ കുടുംബശ്രീ പ്രവർത്തകർ ഉണങ്ങി വീഴുന്ന കുറ്റിയാട്ടൂർ മാവിന്റെ ഇലകൾ പെറുക്കി സമ്പാദിച്ചത് 6 ലക്ഷത്തോളം രൂപയാണ്. ഒരു കിലോ മാവിലയ്ക്ക് ലഭിക്കുന്ന തുക 150 രൂപയാണ്. അങ്ങനെ മൂന്ന് തവണയോളം മാവിലകൾ വിറ്റപ്പോൾ ഒരു വാർഡിൽ നിന്ന് മാത്രം കിട്ടിയത് 2.5 ലക്ഷത്തോളം രൂപ.

Read also: 30 സെന്റിൽ വിത്തുപാകി സംരക്ഷിച്ചത് 650 ലധികം നെല്ലിനങ്ങൾ, ഒരേക്കറിൽ പ്രകൃതിദത്ത വനവും; ഇത് രാജ്യം പത്മശ്രീ നൽകി ആദരിച്ച കേരളത്തിന്റെ സ്വന്തം കർഷകൻ

ഏറ്റവും അലക്ഷ്യമായി തൂത്തു വാരി കത്തിച്ചുകളയുന്ന കരിയിലയ്ക്ക് ഇത്രയും വലിയ തുക ലഭിച്ചത് നാട്ടുകാർക്കാകെ അതിശയമായിരുന്നു. ശൂന്യതയിൽ നിന്നും വരുമാനം ഉണ്ടാക്കിയ അത്ഭുതമായിരുന്നു എല്ലാവർക്കും. തൊഴിൽ രഹിതരായ വീട്ടമ്മമാർക്കും ജോലി അന്വേഷിക്കുന്ന പുരുഷന്മാർക്കും ഇതോടെ പുതിയൊരു തൊഴിൽ സാധ്യത കൂടി തുറന്ന് കിട്ടിയിരിക്കുകയാണ്.

നീലേശ്വരത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് മാവിലകൾ മുഴുവനായി ശേഖരിക്കുന്നത്. മാവില ഉപയോഗിച്ച് പൽപൊടി നിർമ്മിക്കുന്ന കമ്പനിയാണ് മാവിലകൾ നാട്ടുകാരിൽ നിന്ന് വാങ്ങിയത്. കുറ്റിയാട്ടൂരെ മാങ്ങയുടെ ഗുണമേന്മ തിരിച്ചറിഞ്ഞതോടെയാണ് കമ്പനിക്കാർ നാട്ടുകാരെ സമീപിച്ചത്. എല്ലാ മാവിലകൾക്കും ഔഷധഗുണങ്ങളും, രുചിയും മണവുമുണ്ടെങ്കിലും ഇലകളുടെ കനം കണക്കിലെടുത്താണ് ഈ മാവുകൾ തിരഞ്ഞെടുത്തത്.

Story highlights: Villagers Earn Lakhs of rupees selling dried Mango Leaves