“താങ്ങായി എന്നും കൂടെയുണ്ട്”; കലോത്സവ വേദിയെ ഈറനണിയിച്ച നിമിഷങ്ങൾ!

January 10, 2024

ജനുവരി 4 മുതൽ 8 വരെ കൊല്ലം ജില്ലയിൽ അരങ്ങേറിയ കേരള സ്കൂൾ കലോത്സവം ആവേശത്തിന്റെയും ആകാംഷയുടെയും നാളുകളായിരുന്നു. കലാകാരന്മാർ അരങ്ങ് വാണപ്പോൾ വേദിക്ക് ഉള്ളിലും പുറത്തുമുള്ള വിശേഷങ്ങൾ വാർത്തകളിൽ ഇടം പിടിച്ചു. കലോത്സവ മണ്ണിൽ നിന്നുമുള്ള കഠിനാദ്ധ്വാനത്തിന്റെയും, പരിശ്രമത്തിന്റെയും ധീരതയുടെയും കഥകൾ മലയാളികൾ കാതോർത്തു. മത്സരാർത്ഥികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും വാർത്തയിൽ താരങ്ങളാകുന്നത് നമ്മൾ കണ്ടു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരച്ഛനെ കലോത്സവേദിയിൽ കേരളം കണ്ടിരുന്നു. (Viral video of Father from Kerala School Kalolsavam)

‘കലോത്സവവേദിയിലെ ഇന്നത്തെയും എക്കാലത്തെയും മറക്കാനാകാത്ത സുവർണ്ണ നിമിഷങ്ങൾ’ എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ ജനങ്ങൾ നെഞ്ചോട് ചേർത്തു. വേദിയിൽ നാടക മത്സരം നടക്കുകയാണ്. എന്നാൽ നമ്മുടെ താരം കാണികൾക്കിടയിൽ ആവേശം അടക്കാനാകാതെ ഒരേ സമയം കൈ കൊട്ടുകയും, കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു മത്സരാർഥിയുടെ അച്ഛനാണ്‌.

മിഴികൾ നിറയാതെ ആർക്കും വിഡിയോ കണ്ട് തീർക്കാനാകില്ല. കണ്ണ് ചിമ്മാതെ ആവേശത്തോടെ ഓരോ നിമിഷവും ശ്വാസമടക്കി പിടിച്ച് മകന്റെ പ്രകടനം കാണുകയാണ് പിതാവ്. കണ്ണുകൾ നിറഞ്ഞ് കയ്യടക്കുകയും, നാടകം മുന്നേറുമ്പോൾ പ്രകടനത്തിൽ മുഴുകി കൊച്ചു കുട്ടിയെ പോലെ പൊട്ടി ചിരിക്കുകയും ചെയ്യുന്ന അച്ഛനെ വിഡിയോയിൽ കാണാം.

Read also: ഭിന്നശേഷിക്കാരനായ ആരാധകന് സഞ്ജുവിന്റെ സ്‌നേഹ സമ്മാനം; വീഡിയോ ഏറ്റെടുത്ത് ആരാധകർ

നിരവധി പേരാണ് വിഡിയോ കാണുകയും പ്രതികരണം അറിയിക്കുകയും ചെയ്തത്. ഇങ്ങനെ ഒരച്ഛനെ കിട്ടിയ മകൻ ഭാഗ്യവാവാണെന്നും ഈ അച്ഛൻ കൂടെയുള്ളപ്പോൾ ജീവിതത്തിൽ അവന് വിജയം മാത്രമേ ഉണ്ടാകു എന്നും ആളുകൾ പറയുന്നു. ഇതുപോലെ ഒരച്ഛനെ കിട്ടാത്തത്തിന്റെ സങ്കടവും പലരും പങ്കുവെക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡോയ്ക്ക് താഴെ വന്ന കമെന്റുകളിൽ ഒന്നിങ്ങനെ:

“എല്ലാം വർഷവും കോക്കല്ലൂരിലെ നാടകം സ്റ്റേറ്റ് സ്കൂൾ കലോത്സവ അരങ്ങിൽ എത്താൻ താങ്ങായി നിൽക്കുന്ന ഞങ്ങളെ മാഷ്, രാമചന്ദ്രൻ സർ. ഈ പ്രാവിശ്യത്തെ നാടകം “കുമരു” മാഷിന് വളരെ സ്പെഷ്യൽ ആണ്. കാരണം മാഷിന്റെ മകനാണ് കുമരുവിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യദു ഈ കഥാപാത്രമായി അഭിനയിക്കുക മാത്രമല്ല ജീവിക്കുക തന്നെ ആയിരുന്നു. നാടകം തുടങ്ങിയതിനുശേഷം മാഷായിട്ടല്ല യദുവിന്റെ അച്ഛൻ എന്ന നിലയിൽ അവന്റെ ഓരോ ചലനത്തിലും അഭിമാനത്തോടെ മാഷും കൂടെയുണ്ട്. മികച്ച നാടകം കുമരുവും
മികച്ച നടൻ മാഷിന്റെ മകൻ യദു ആണെന്നും അറിഞ്ഞ നിമിഷം ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളി ചാടുന്ന മാഷിനെയും കാണാമായിരുന്നു ആ വേദിയിൽ.”

Story highlights: Viral video of Father from Kerala School Kalolsavam