ഒരു പാട്ട് പാടിക്കോട്ടെ എന്ന് ആരാധിക, ‘ആയിക്കോട്ടെ’ എന്ന് സാക്ഷാൽ റഹ്മാൻ; ‘മാ തുജെ സലാം’ ട്രെൻഡിങ്ങിൽ!

മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് തൻ്റെ കയ്യൊപ്പ് പതിച്ച സംഗീതജ്ഞനാണ് എ.ആർ റഹ്മാൻ. യാതൊരു ആമുഖവും ആവശ്യമില്ലാത്ത പേരും, മുഖവും, സംഗീതവുമാണത്. ഈയടുത്ത് ദുബായ് യാത്രക്കിടെ റഹ്മാനുണ്ടായ ആശ്ചര്യകരമായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദുബായിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ ഒരു ഫ്രഞ്ച് ഇന്തോനേഷ്യൻ ആരാധിക അദ്ദേഹത്തിന്റെ കാർ നിർത്തി എക്കാലത്തെയും പോപ്പുലർ റഹ്മാൻ ഹിറ്റായ “മാ തുജെ സലാം” പാടി കേൾപ്പിക്കുന്ന വിഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്ങ്. (Viral Video of Rahman’s fan singing for him)
സെലിനേഡി മാതാഹാരി എന്ന യുവതി കാറിൽ സഞ്ചരിച്ച റഹ്മാനോട് താങ്കൾ എന്റെ ഐഡൽ ആണെന്നും അങ്ങയുടെ ഒരു ഗാനം ആലപിച്ചോട്ടെ എന്നും ചോദിക്കുന്നു. അതിനെന്താ, പാടിക്കോളൂ എന്ന് റഹ്മാനും. ഉടൻ തന്നെ യുവതി കയ്യിൽ കരുതിയ ഗിറ്റാർ വായിച്ച് “മാ തുജെ സലാം” പാടിത്തുടങ്ങി. പിന്നാലെ തൻ്റെ ഫോണെടുത്ത് റഹ്മാൻ ഗാനം റെക്കോഡ് ചെയ്യുന്നതും വിഡിയോയിൽ കാണാം.
വിഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് മാതാഹാരി കുറിച്ചു, “ഇതിഹാസമായ എ.ആർ റഹ്മാനെ കണ്ടുമുട്ടിയത് ഒരു ബഹുമതിയാണ്, നിങ്ങൾക്കായി എന്നെ പാടാൻ അനുവദിച്ചതിന് നന്ദി.”
Read also: “ഇങ്ങനെയാണ് ഞാൻ ആത്മവിശ്വാസം ധരിക്കുന്നത്”; കപൂർ സിസ്റ്റേഴ്സിന്റെ അപൂർവ്വ ചിത്രം!
വിഡിയോ വ്യാപകമായി പ്രേക്ഷകർ സ്വീകരിക്കുകയും കമെന്റിലൂടെ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു. ARR-ന് മുന്നിൽ വന്ദേമാതരം പാടുന്നത് എല്ലാ കലാകാരന്മാരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണ്. നിങ്ങൾക്കതിന് സാധിച്ചുവെന്നും നമ്മളെല്ലാവരും ഇഷ്ടപ്പെടുന്ന ഗായകന്റെ മുന്നിൽ ഇത് പാടിയതിന് നന്ദി എന്നും ഒരാൾ കമെന്റിൽ കുറിച്ചു. മറ്റൊരാൾ എഴുതി, “ഇത് നമ്മുടെ നാട്ടിൽ നിന്ന് പുറപ്പെടേണ്ട സ്നേഹ സന്ദേശമാണ്. മനോഹരമായ വിഡിയോ!”
Story highlights: Viral Video of Rahman’s fan singing for him