ബിഗ് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

January 21, 2024

ബിഗ് സൈസ് ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിനായി ആന്‍ഡ്രോയ്ഡ് ഫോണുകളിലുള്ള ഫീച്ചറാണ് ‘നിയര്‍ ബൈ ഷെയര്‍’. സമാനമായ ഫീച്ചര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. അടുത്തുള്ള ഉപയോക്താക്കളുമായി വേഗത്തില്‍ കൈമാറാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കുന്നത്. ( Whatsapp introducing file sharing feature )

നിലവില്‍ ആന്‍ഡ്രോയിഡിലെ വാട്‌സ്ആപ്പ് ബീറ്റാ 2.24.2.17 പതിപ്പില്‍ സേവനം ലഭ്യമാണെന്ന് ‘WABetaInfo’ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സേവനം ഉപയോഗിക്കുന്നതിനായി പുതിയ ഒരു സെക്ഷന്‍ തുറക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയലുകള്‍ കൈമാറുന്നതിനായി മൊബൈല്‍ ഫോണ്‍ ‘ഷേക്ക്’ ചെയ്ത് തൊട്ടടുത്തുള്ളയാള്‍ക്ക് അഭ്യത്ഥന അയക്കാം. എന്നാല്‍ ഫോണില്‍ സേവ് ചെയ്ത നമ്പറുകളിലേക്ക് മാത്രമേ ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാനാകു.

വാട്‌സ്ആപ്പിലെ ടെക്സ്റ്റ് മെസേജുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും സമാനമായി രീതിയില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണത്തിലായിരിക്കും പുതിയ ഫീച്ചറും പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ സമാന സേവനം, വര്‍ഷങ്ങളായി ലഭ്യമാണെങ്കിലും അത്യാധുനിക സുരക്ഷയൊരുക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണത്തില്‍ ഫയലുകള്‍ കൈമാറാം എന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത.

Read Also : ഏഴാം വയസിൽ ആദ്യ ശസ്ത്രക്രിയ; ലോകത്തിലെ പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ധനായ ഇന്ത്യക്കാരൻ..!

വാട്‌സ്ആപ്പ് ഫയല്‍ ഷെയറിങ് ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണെന്നും, ഭാവി അപ്‌ഡേറ്റുകളില്‍ ലഭ്യമായേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു, എന്നാല്‍ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോള്‍ ലഭ്യമാകും എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

Story highlights : Whatsapp introducing file sharing feature