‘അമ്മ ഉപേക്ഷിച്ചു, അച്ഛനും കൈയൊഴിഞ്ഞു’; പിഞ്ചുകുഞ്ഞിനെ മുലയൂട്ടി വിജയകുമാരി!

January 30, 2024

മാതൃത്വം എന്നത് ഒരു അനുഭൂതിയാണ്. അത് സ്ത്രീ എന്ന വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല. ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു അമ്മയുണ്ട്, അത് പുരുഷനായാലും സ്ത്രീയായാലും. കരുതലും വാത്സല്യവും അത് സ്വന്തം കുഞ്ഞുങ്ങളോട് മാത്രമല്ല, നിസ്സഹായതയിൽ ഏത് കുഞ്ഞിനെ കണ്ടാലും മനസ്സലിയുന്നിടത്താണ് ഓരോ അമ്മയും അക്ഷരാർത്ഥത്തിൽ അമ്മയാകുന്നത്. അത് തന്നെയാണ് പാലക്കാട്ടുകാരിയായ വിജയകുമാരിയും ചെയ്തത്. (Woman breast feeds baby abandoned by Parents)

ചന്ദ്രനഗർ കാട്ടുപാതയിൽ ലോട്ടറി വില്പനക്കാരിയാണ് വിജയകുമാരി. തൻ്റെ കടയ്ക്ക് മുന്നിലൂടെ കൈക്കുഞ്ഞുമായി അലയുന്ന അസം സ്വദേശിയെ കണ്ട വിജയകുമാരി കാര്യം തിരക്കി. താൻ ഉറങ്ങി കിടക്കുമ്പോൾ ഭാര്യ കുഞ്ഞിനെ ഉപേക്ഷിച്ചു പോയി എന്നായിരുന്നു അയാളുടെ മറുപടി. വിവരം പറഞ്ഞ അയാൾ കുഞ്ഞിനെ വിജയകുമാരിയെ ഏൽപ്പിച്ചു.

തൻ്റെ കൈകളിലേക്ക് അപ്രതീക്ഷിതമായി എത്തിയ കുഞ്ഞിനെ തിരികെ ഏൽപ്പിച്ചാൽ അനിഷ്ടമായ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകുമോ എന്ന് അവർ ഭയന്നു. കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ മറിച്ചൊന്ന് ചിന്തിക്കാതെ അവർ മുലയൂട്ടി. തൻ്റെ മക്കളോടൊപ്പം ആ പെൺകുഞ്ഞും കുമാരിയുടെ മടിയിൽ സുരക്ഷിതയായി ഇരുന്നു.

Read also: ദുരന്തമുഖത്ത് ഭക്ഷണമില്ലാതെ 24 മണിക്കൂര്‍; 4 മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി പൊലീസ് ഓഫിസര്‍

രണ്ട് വയസ്സുള്ള ഒരു കുഞ്ഞ് തനിക്കും ഉണ്ടെന്നും അവൻ കരഞ്ഞാൽ തൻ്റെ ചങ്ക് പിടയുമെന്നും വിജയകുമാരി പറയുന്നു. അതുപോലെ തന്നെ കുഞ്ഞ് അമ്മയില്ലാതെ തൻ്റെ മുന്നിലിരുന്ന് കരഞ്ഞപ്പോൾ സഹിക്കാനായില്ലെന്നും അവർ പറയുന്നു. മനസ്സിൽ ഇപ്പോഴും ആ കുഞ്ഞിന്റെ മുഖമാണ്.

പൊതുപ്രവർത്തകൻ വിവരമറിയിച്ച് പോലീസ് എത്തി കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിറ്റുതീർക്കാൻ ലോട്ടറികൾ നിരവധി ഉണ്ടായിട്ടും ഒന്നും ആലോചിക്കാതെ വിജയകുമാരി പോലീസുകാർക്കൊപ്പം സ്റ്റേഷനിലേക്ക് പോയി. ഒരു വിവാഹത്തിന് പോയ കുമാരിയുടെ ഭർത്താവ് തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പൂർണ പിന്തുണയോടെ അദ്ദേഹവും ഭാര്യയ്‌ക്കൊപ്പം ചേർന്നു.

കുഞ്ഞിൻറെ അമ്മയെ ഇപ്പോഴും അന്വേഷിച്ച് വരികയാണ്. അസം സ്വദേശിയായ അമ്മ തിരികെ എത്തുന്നത് വരെ മലമ്പുഴ ‘ആനന്ദഭവൻ’ ജീവനക്കാരുടെ സംരക്ഷണയിലായിരിക്കും കുട്ടി.

Story highlights: Woman breast feeds baby abandoned by Parents