വേദന മറക്കാൻ പാട്ടിന്റെ കൂട്ട്; പ്രസവസമയം ഈ അമ്മ തുടർച്ചയായി പാടിയത് 5 മണിക്കൂറോളം!

January 17, 2024

ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ അമ്മ അനുഭവിക്കുന്ന വേദനയാണ് ഒരാൾക്ക് മനുഷ്യായുസ്സിൽ സഹിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ വേദന. ഗർഭകാലവും കുഞ്ഞിനെ വളർത്തുന്നതും എത്ര മനോഹരമായ അനുഭവമാണെങ്കിലും പ്രസവിക്കുക എന്നത് ശാരീരികമായും മാനസികമായും ഒരു സ്ത്രീയെ ആഴത്തിൽ ബാധിക്കുന്ന ഒരനുഭവമാണ്. എന്നാൽ യു എസ്സിൽ നിന്നുള്ള 31-കാരിയായ ബിഫി ഹെല്ലിന്റെ പ്രസവം ലോകത്തിലെ എല്ലാ സ്ത്രീകളിൽ നിന്നും വ്യത്യസ്തമായിരുന്നു. (Woman sings for 5 hours continuously during labor to combat pain)

സൂചി പേടിയായതിനാൽ തന്റെ ആദ്യ പ്രസവ വേളയിൽ, വീട്ടിൽ തന്നെ പ്രസവിക്കണം എന്ന് ബിഫിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒടുവിൽ ഭർത്താവിനൊപ്പം ആശുപത്രിയിൽ തന്നെ പോകേണ്ടി വന്നു. എന്നാൽ അന്നുണ്ടായത് അത്ര നല്ലതല്ലാത്ത അനുഭവങ്ങൾ ആയതുകൊണ്ട് രണ്ടാമത്തെ പ്രസവം വീട്ടിൽ തന്നെ ആയിരിക്കണം എന്ന് ഇരുവരും ഉറപ്പിച്ചു.

Read also: മരണമടഞ്ഞ മകളുടെ ഓർമയ്ക്കായി ഏഴുകോടിയുടെ സ്ഥലം സർക്കാർ സ്‌കൂളിന് വിട്ടുനൽകി ഒരമ്മ

രണ്ടാമത്തെ പ്രസവം ആദ്യത്തേത് പോലെ ആകാതിരിക്കാൻ ബിഫി തെരഞ്ഞെടുത്തത് ഏറെ കൗതുകമുണർത്തുന്ന മാർഗമായിരുന്നു. കുഞ്ഞിന് ജന്മം നൽകുന്ന ഏകദേശം അഞ്ച് മണിക്കൂറോളം ബിഫി പാട്ട് പാടുകയായിരുന്നു. ഈ അനുഭവം കൂടുതൽ മനോഹരമാക്കാൻ ബിഫി പാട്ട് പാടുന്നതിനൊപ്പം ഭർത്താവും സംഗീതജ്ഞനുമായ ബ്രാൻഡൻ ഗിറ്റാർ വായിച്ചു കൊണ്ടിരുന്നു. ഏറെ സന്തോഷത്തോടെ അവർ തങ്ങളുടെ മകൻ ജാക്കിനെ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു.

കുഞ്ഞിനെ പ്രസവിക്കുന്ന സമയം മുഴുവനും ഒരു ഇടവേള പോലെ തോന്നിയെന്നും വേദന കുറവായിരുന്നു എന്നും ബിഫി പറയുന്നു. പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് ശ്വാസം എടുക്കുന്നത് എളുപ്പമായി. തനിക്ക് വേദന അമിതമായി അനുഭവപ്പെടാഞ്ഞതിൽ അത്ഭുതം തോന്നുന്നു എന്നും ബിഫി പറയുന്നു.

Story highlights: Woman sings for 5 hours continuously during labor to combat pain