ഒരു കുലയിൽ നാല് കിലോ മുന്തിരി.. ആലുവയിലെ യുവകർഷകന്റെ മുന്തിരിത്തോട്ടം കാണാം..!
വീട്ടുമുറ്റത്തും വീടിനോട് ചേര്‍ന്നുകിടക്കുന്ന പറമ്പുകളിലുമെല്ലാം വിവിധ തരം പച്ചക്കറികളും പഴവര്‍ഗങ്ങളും നട്ടുപിടിപ്പിക്കുന്നവരാണ് നമ്മള്. സ്വന്തമായി കൃഷി ചെയ്ത് അതില്‍ നിന്നും വിളവെടുക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം അത് വേറെ തന്നെയാണ്. ആദ്യ കാലങ്ങളില്‍ നമ്മുടെ പ്രദേശങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പഴം പച്ചക്കറി ഇനങ്ങളാണ് നട്ടുപിടിപ്പിരുന്നെങ്കിലും ഇപ്പോള്‍ വിദേശ ഇനങ്ങള്‍ അടക്കമുള്ളവയും പഴത്തോട്ടങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ( Aluva youth harvests Cambodian wild grapes )
അത്തരത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടും റമ്പുട്ടാനും മാങ്കോസ്റ്റിനും മുന്തിരുയുമെല്ലാം ഇങ്ങനെ നട്ടുപിടിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ പരിമിതമായ സ്ഥലത്ത് വ്യത്യസ്ത ഫലവര്‍ഗങ്ങള്‍ നട്ടുപിടിപ്പിച്ച് മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എറണാകുളം സ്വദേശിയും ഐടി എഞ്ചിനീയറുമായ ആഷല്‍. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതടക്കം വിവിധതരത്തിലുള്ള പത്തിനം ഫലങ്ങളാണ് ആലുവ തായിക്കാട്ടുകരയിലെ വീട്ടില്‍ വിളഞ്ഞുകിടക്കുന്നത്. എന്നാല്‍ ഈ ഫലങ്ങളുടെ കൂട്ടത്തില്‍ കംബോഡിയന്‍ ഇനത്തില്‍പ്പെട്ട മുന്തിരിയാണ് എല്ലാവരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
ആഷലിന്റെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയിരിക്കുന്ന മുന്തിരിച്ചെടി ഇത്രയും ശ്രദ്ധനേടാന്‍ ഒര കാരണവുമുണ്ട്. ഈ മുന്തിരിവള്ളിയിലെ ഒരു കുല തന്നെ നാല് കിലോയിലധികം തൂക്കം വരും. അതോടൊപ്പം തന്നെ ഏകദേശം അഞ്ഞൂറിലധികം മുന്തിരികളാണ് ഓരോ കുലയിലും ഉള്ളത്. കൃഷിയോടും ചെടികളോടും ഏറെ താല്പര്യമുള്ള ആഷല്‍ എട്ട് മാസം മുമ്പാണ് നഴ്സറിയില്‍നിന്ന് കംബോഡിയന്‍ വൈല്‍ഡ് ഗ്രേപ്സ് ഇനത്തില്‍പെട്ട മുന്തിരി തൈ വച്ചുപിടിപ്പിച്ചത്.
ആറു മാസത്തിന് ശേഷം ആദ്യമായി ഈ മുന്തിരിച്ചെടി പൂവിടുകയും ചെയ്തു. ചെറിയ പൂക്കുലയുണ്ടായി പൂവിരിഞ്ഞ് കായ്കള്‍ ഉണ്ടാകുന്നതനുസരിച്ച് കുല വളരുകയും പുതിയ പൂക്കളുണ്ടാവുകയും ചെയ്യുന്നു. കായ്കളുടെ എണ്ണം കൂടുതന്നതിനനുസരിച്ച് കുലയുടെ തണ്ടിന്റെ വലുപ്പവും കൂടുന്നുവെന്നും ആഷല്‍ പറയുന്നു. മുന്തിരിക്കുലകളുടെ ഭാരം താങ്ങാനാകാത്തവിധത്തിലാണ് ഇപ്പോള്‍ ചെടികളുടെ വളര്‍ച്ച. സംഭവം ഹിറ്റായതോടെ കര്‍ഷകര്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് മുന്തിരിയുടെ വിത്തുകള്‍ ചോദിച്ചു വിളിക്കുന്നത്.
വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുന്ന ആഷലിന് തന്റെ കൃഷിയെ പരിപാലിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നുണ്ട്. എല്ലാ കലാവസ്ഥയിലും മുന്തിരി വളരില്ലെന്ന മുന്‍വിധിയോടെ ഈ കൃഷിയെ കാണുന്നവര്‍ക്ക് മാതൃകയാണ് ആഷല്‍. അതോടൊപ്പം തന്നെ വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവര്‍ക്ക് ബോറടിമാറ്റാന്‍ ഇത്തരത്തിലുള്ള കൃഷികളും പരീക്ഷിക്കാമെന്നതും തെളിയിക്കുകയാണ് ആഷല്‍.
Story highlights : Aluva youth harvests Cambodian wild grapes