‘ഹോം ഡെലിവെറി’യായി ഇനി ‘വീടും’ എത്തും; ‘പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളുമായി ആമസോൺ..!

February 5, 2024

ആവശ്യമുള്ളത് എന്തും വീട്ടുമുറ്റത്ത് എത്തിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സേവനമാണ് ആമസോണ്‍. ഓര്‍ഡര്‍ ചെയ്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഉപയോക്താക്കളില്‍ സാധനങ്ങള്‍ എത്തിക്കുന്നു എന്നതാണ് ആമസോണിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ലോകമെമ്പാടും വലിയ ജനപ്രീതിയുള്ള കമ്പനിയാണ് ആമസോൺ. ഇപ്പോഴിതാ സേവനങ്ങള്‍ കൂടുതൽ വിപുലമാക്കു വീടുകള്‍ പോലും ‘ഹോം ഡെലിവറി’യായ് എത്തിക്കുകയാണ് കമ്പനി. ( Amazon can now deliver prefabricated homes )

‘പ്രീ-ഫാബ്രിക്കേറ്റഡ് ഹോമുകള്‍’ എന്നറിയപ്പെടുന്ന, കൂട്ടിയോജിപ്പിച്ച് താമസിക്കാന്‍ കഴിയുന്ന വീടുകളാണ് ഓര്‍ഡര്‍ അനുസരിച്ച് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. ഏകദേശം 10,37,494 രൂപ മുതല്‍ 24,89,986 രൂപ വരെ വിലമതിക്കുന്ന വീടുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 19×20 അടി വലുപ്പത്തില്‍, രണ്ട് കിടപ്പുമുറികളും ഒരു സ്വീകരണമുറിയും ഒരു ബാത്ത്റൂമും അടുക്കളയും അടങ്ങിയ വീടിന് 22,40,987 രൂപയാണ് കമ്പനി ഈടാക്കുന്ന വില. യുഎസ്എ പോലുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോൾ ഈ സേവനം ലഭ്യമാകുക എന്നതാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

മള്‍ട്ടി-വിന്‍ഡോ, ഡോര്‍ അടക്കമുള്ള സൗകര്യങ്ങൾ അടങ്ങിയ ഇത്തരം വീടുകൾ വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ എളുപ്പമാണെന്നും, വയറിങ്ങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതാണെന്നും കമ്പനി വ്യക്തമാക്കി. ലോഹം, ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയാണ് വീടിന്റെ നിർമാണത്തിനായി ഉപയോ​ഗിച്ചിട്ടുള്ളത്. ചൂടുവെള്ളത്തിനും തണുത്ത വെള്ളത്തിനും പ്രത്യേക സജ്ജീകരണം, ഡ്രെയിനേജ്, ഇന്‍സുലേഷന്‍ പൈപ്പുകള്‍ തുടങ്ങിയവയും വീടിനുണ്ട്.

Read Also : കൈകാലുകളില്ലാതെ ജനിച്ചതിനാൽ ഉപേക്ഷിക്കപ്പെട്ടു; ഇന്ന് മേക്കപ്പ് ആർട്ട് വർക്കിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായ ജീവിതം

ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ കൊണ്ടുപോകാം എന്നതു തന്നെയാണ് ഇത്തരം വീടുകളുടെ പ്രധാന പ്രത്യേകത. എന്നാല്‍, ഒരു സാധാരണ വീടുകളിൽ നിന്ന് വ്യത്യസ്തമായി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങുയ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്യാനുള്ള വീടിന്റെ കഴിവ് പരിമിതമാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

Story highlights : Amazon can now deliver prefabricated homes