നൂറു ഗ്രാമങ്ങളുടെ ജലക്ഷാമം അവസാനിപ്പിച്ച വനിത- രാജസ്ഥാന്റെ ജലമാതാവ് അംല റൂയ
ഭക്ഷണം, ശുദ്ധ വായു, ജലം- ഇവയെല്ലാം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. കേരളത്തിൽ ജല ദൗർലഭ്യം അത്ര രൂക്ഷമല്ലെങ്കിലും വടക്കേ ഇന്ത്യയിലൊക്കെ ഇന്നും വെള്ളത്തിനായി ബുദ്ധിമുട്ടുന്നവർ ധാരാളമാണ്. പ്രത്യേകിച്ച് രാജസ്ഥാൻ. അവിടെ കാർഷികവൃത്തിയിലൂടെയാണ് ജീവിതം മുന്നോട്ട് നീങ്ങുന്നത്. പക്ഷെ, ജലം അവർക്കൊരു സ്വപ്നം മാത്രമാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പോലും വെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലത്ത് കൃഷിയെ ഈ ജല ദൗർലഭ്യത പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ, ആ പ്രതിസന്ധികൾ രാജസ്ഥാൻ ജനത മറന്നു തുടങ്ങിയത് അംല റൂയ എന്ന ജലദേവതയിലൂടെയാണ്.
എഴുപത്തിയഞ്ചുകാരി അംല റൂയയാണ് രാജസ്ഥാന്റെ ജലപ്രതിസന്ധിക്ക് അവസാനമിട്ടത്. രാജസ്ഥാന്റെ ജലമാതാവ് എന്നാണ് അംല റൂയ അറിയപ്പെടുന്നത്. മുംബൈ സ്വദേശിനിയായ സാമൂഹികപ്രവർത്തകയാണ് അംല റൂയ. 1998ൽ വാർത്തകളിലൂടെ രാജസ്ഥാനിലെ കടുത്ത വരൾച്ച അറിഞ്ഞ അംല റൂയ 2000ലാണ് രാജസ്ഥാനിലേക്ക് എത്തിയത്. താൽക്കാലികമായ ഒരു ആശ്വാസം എന്നതിലുപരി ശാശ്വതമായ ഒരു പരിഹാരമാണ് അംല ആവിഷ്കരിച്ചത്.
രാജസ്ഥാനിലേക്ക് എത്തിയ അംല റൂയ ആദ്യം ആകാർ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചു. ഇതിന്റെ ഭാഗമായാണ് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവർ പദ്ധതികൾ നടപ്പിലാക്കി. ചെക്ക് ഡാമുകൾ സ്ഥാപിക്കുകയും മഴക്കുഴികൾ, പരമ്പരാഗത ജല സംഭരണ രീതികൾ എന്നിവയെല്ലാം പടിപടിയായി ഒരുക്കി. സന്നദ്ധ സംഘടനകളുടെ സഹായവും ഫണ്ട് റെയ്സിങ്ങും ഉണ്ടായിരുന്നെകിലും 25 ശതമാനം തുകയും ഗ്രാമീണർ തന്നെയാണ് ചിലവാക്കിയത്.
Read also: തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ‘ഡസ്റ്റ് ഡെവിൾ’ ചുഴലിക്കാറ്റ്- വിഡിയോ
അംല റൂയയുടെ പദ്ധതിയിലൂടെ ഇന്ന് നൂറുകണക്കിന് ഗ്രാമങ്ങൾ ജലസമൃദ്ധമായി. സർക്കാർ ജലവിതരണം നടത്താത്ത സ്ഥലങ്ങളിൽ മഴക്കുഴികളിലൂടെ ഒരുകോടി ലിറ്റർ ജലം ശേഖരിക്കുന്നുണ്ട്. രാജസ്ഥാനിലെ സമ്പദ് വ്യവസ്ഥയിൽ ജലം അനുകൂലമായ മാറ്റങ്ങൾ വരുത്തി. കാർഷിക- മൃഗസംരക്ഷണ മേഖലകൾ പുഷ്ടിപ്പെടുകയും ഇവയിലൂടെ പ്രതിവർഷം 500 കോടി വരുമാനം ഗ്രാമീണർക്ക് ലഭിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാലുലക്ഷത്തിലധികം ആളുകൾക്ക് ഈ പദ്ധതി ഗുണകരമായി. ഇപ്പോൾ ചത്തീസ്ഘഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ എന്നിവടങ്ങളിലെല്ലാം അംല ഇതേ പദ്ധതി നടപ്പിലാക്കുകയാണ്.
Story highlights-amla ruia the mother of water harvesting