മികച്ച പ്രകടനങ്ങളും അമ്പരപ്പിക്കുന്ന കഥാമുഹൂർത്തങ്ങളുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’- റിവ്യൂ

ഏറെ ആകാംഷകൾക്കൊടുവിൽ ഡാർവിൻ കുര്യാക്കോസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസിന് പിന്നാലെ ഇപ്പോഴിതാ പ്രേക്ഷക പ്രതികരണങ്ങളും എത്തുകയാണ്. തൊണ്ണൂറുകളിൽ നടന്ന രണ്ട് ക്രൂരമായ കൊലപാതകങ്ങൾ. അവയുടെ പിന്നാലെയുള്ള നാല് പോലീസുകാരുടെ ജീവിതം, അതിനിടയിൽ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങൾ, ഉദ്വേഗ ഭരിതമായ നിമിഷങ്ങള്‍, എല്ലാം ചേർന്ന തികവാർന്ന കുറ്റാന്വേഷണ സിനിമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. (‘Anweshippin Kandethum’ Movie Review)
കോരിച്ചൊരിയുന്ന മഴയത്ത് കോട്ടയം ജില്ലാ പോലീസ് കാര്യാലയത്തിലേക്ക് ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന ടൊവിനോയുടെ കഥാപാത്രമായ എസ്.ഐ ആനന്ദ് നാരായണനിലാണ് സിനിമ ആരംഭിക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ശേഷം തിരിച്ച് സർവ്വീസിൽ കയറുന്നതിന് മുൻപ് എസ്.പിക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് അയാളുടെ വരവ്. അവിടെവെച്ച് മറ്റുചില സംഭാഷണങ്ങൾക്കിടെ അയാള്‍ സസ്പെൻഷനിൽ ആകാനിടയായ പ്രമാദമായ ലൗലി മാത്തൻ കൊലക്കേസ് അയാളുടെ കാതിലെത്തുന്നു.
അതോടെ അന്ന് നടന്ന സംഭവങ്ങൾ അയാളുടെ മനസ്സിലേക്ക് ഇരച്ചെത്തുകയാണ്. സർവ്വീസിലുണ്ടായിരുന്ന അച്ഛന്റെ പാത പിന്തുടർന്ന് അയാള്‍ പോലീസിലെത്തുന്നതും കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ എസ്ഐ ആയി ആദ്യ പോസ്റ്റിങ്ങ് ലഭിക്കുന്നതും അയാള്‍ ഉള്‍പ്പെട്ട നാലംഗ അന്വേഷണ സംഘം ലൗലി എന്ന പെൺകുട്ടിയുടെ മിസ്സിങ്ങ് കേസ് അന്വേഷിക്കുന്നതും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് പിന്നീട് സ്ക്രീനിൽ തെളിയുന്നത്.
ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമുള്ള രണ്ട് ക്ലൈമാക്സുകളാണ് ചിത്രത്തെ ഏറെ വേറിട്ടതാക്കുന്നത്. ആദ്യ പകുതിയിൽ ലൗലി മാത്തൻ എന്ന പെൺകുട്ടിയുടെ കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് കഥ നീങ്ങുന്നത്. മതത്തിന്റെ രാഷ്ട്രീയമൊക്കെ ഒട്ടും മുഴച്ചുനിൽക്കാത്ത രീതിയിൽ ചേർത്തിട്ടുണ്ട്. രണ്ടാം പകുതിയിൽ മറ്റൊരു കേസിന് പിന്നാലെയാണ് എസ്.ഐ ആനന്ദും സംഘവും.
രണ്ട് ക്ളൈമാക്സുകളും തീർത്തും അപ്രതീക്ഷിതവുമാണ്. കേരളത്തിൽ അടുത്ത കാലത്ത് ഏറെ ചർച്ചയായ ദുരഭിമാനക്കൊല സിനിമയിൽ വിഷയമാകുന്നുണ്ട്. എസ്.ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായി ടൊവിനോ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഒപ്പം സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഏറെ മികവ് പുലർത്തിയിട്ടുണ്ട്.
Read also: പ്രതീക്ഷകൾക്കും മുകളിൽ; ‘മഞ്ഞുമ്മൽ ബോയ്സ്’ ട്രെയ്ലർ ട്രെൻഡിങ്ങിൽ!
മുൻപ് അവതരിപ്പിച്ചിട്ടുള്ള പോലീസ് വേഷങ്ങളുമായി യാതൊരു സാമ്യതയും ഇല്ലാത്ത രീതിയിൽ ടൊവിനോ ഈ വേഷം മനോഹരമാക്കിയിട്ടുണ്ട്. ഓരോ നോക്കിലും വാക്കിലും നടപ്പിലും ഇരിപ്പിലും വരെ അക്ഷരാര്‍ത്ഥത്തിൽ എസ്ഐ ആനന്ദായി ടൊവിനോ മാറിയിട്ടുണ്ട്.
ടൊവിനോയോടൊപ്പം അന്വേഷണ സംഘത്തിൽ പെട്ട പോലീസുകാരായി എത്തുന്ന വിനീത് തട്ടിലും, പ്രമോദ് വെളിയനാടും, രാഹുൽ രാജഗോപാലും തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്. കൊല്ലപ്പെടുന്ന ലൗലിയുടെ അച്ഛൻ കഥാപാത്രം മാത്തച്ചൻ ആയി എത്തിയിരിക്കുന്നത് വെട്ടുകിളി പ്രകാശാണ്. താൻ കടന്നുപോകുന്ന വേദനയുടെ ആഴം പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
ഇവരെ കൂടാതെ, കോട്ടയം നസീർ, മധുപാൽ, ബാബുരാജ്, സിദ്ധിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, സാദിഖ്, അസീസ് നെടുമങ്ങാട്, ശ്രീജിത് രവി, ബാലാജി ശർമ്മ, പ്രേംപ്രകാശ്, നന്ദു, അർത്ഥന ബിനു, അശ്വതി മനോഹരൻ, രമ്യ സുവി തുടങ്ങിയവരുടേയും പ്രകടനം ഏറെ മികച്ചുനിൽക്കുന്നതായിരുന്നു.
ജിനു വി എബ്രാഹാം ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്.
അതിസൂക്ഷ്മമായി കൃത്യതയോടെ ഒരുക്കിയിരിക്കുന്ന തിരക്കഥ കൊണ്ടു തന്നെ സിനിമയിൽ വന്നുപോകുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ഐഡന്റിറ്റി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളിൽ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ റിയലിസ്റ്റിക്കായും അതേസമയം സിനിമാറ്റിക്കായും സ്ക്രീനിലെത്തിക്കുന്നതിൽ തിരക്കഥ ഏറെ വിജയിച്ചിട്ടുണ്ട്.
ആദ്യ സംവിധാന സംരംഭമായിട്ടുകൂടി ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകന്റേത് കൈയ്യടക്കമുള്ള മേക്കിങ്ങാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന ഴോണറിനോട് നീതി പുലർത്തിക്കൊണ്ട് ചിത്രത്തെ ഏറെ മികവുറ്റതായി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
കഥ നടക്കുന്ന കാലഘട്ടത്തെ ഭൂപ്രകൃതി, വേഷവിധാനം, വാഹനങ്ങള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങി പിരീഡ് സിനിമ എടുക്കുമ്പോഴുള്ള എല്ലാ വെല്ലുവിളികളേയും അസാധാരണമായ മേക്കിങ്ങ് കൊണ്ട് ഡാർവിനും സംഘവും മറികടന്നിട്ടുണ്ട്. വിന്റേജ് കളർടോണോടുകൂടിയുള്ള ദൃശ്യങ്ങള്‍ ഒരുക്കിയ ഗൗതം ശങ്കറിന്റെ ക്യാമറയും സന്തോഷ് നാരായണന്റെ സംഗീതവും പശ്ചാത്തല സംഗീതവും ദിലീപ് നാഥിന്റെ ആർട്ടും സൈജു ശ്രീധറിന്റെ എഡിറ്റിംഗും എല്ലാം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്നു നിൽക്കുന്നതാണ്.
ഒരു സ്ലോ ബേണിങ്ങ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ തീർച്ചയായും കുറ്റാന്വേഷണ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായുള്ള ലക്ഷണമൊത്തൊരു ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.
Story highlights: ‘Anweshippin Kandethum’ Movie Review