സഹസംവിധായകനിൽ നിന്നും സംവിധായകനിലേക്ക് ഡാർവിന്റെ പരിണാമം; ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാളെ തിയറ്ററുകളിൽ!

February 8, 2024

തൊണ്ണൂറുകളിൽ നടന്നൊരു കഥ ഈ കാലത്ത് മേക്ക് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഒന്നൂഹിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈയൊരു വെല്ലുവിളി തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിൽ തന്നെ ഏറ്റെടുക്കാൻ മനസ്സ് കാണിച്ചയാളാണ് ഡാർവിൻ കുര്യാക്കോസ്. ഡാർവിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. ആദ്യ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് ‍ഡാർവിൻ മനസ്സ് തുറക്കുന്നു. (‘Anweshippin Kandethum’ movie to hit theatres tomorrow)

”ഭയ്യ ഭയ്യ മുതൽ ജോണി ആന്‍റണി സാറിനോടൊപ്പം അസി.ഡയറക്ടറായി ഞാനുണ്ട്. ‘ആദം ജോൺ’ മുതൽ ജിനു വി എബ്രഹാമിന്‍റേയും ഒപ്പം കൂടി. ഇപ്പോൾ സ്വതന്ത്ര സംവിധാന സംരംഭവുമായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ട്. ജിനു ചേട്ടൻ കഥയുടെ ത്രെഡ് പറഞ്ഞപ്പോഴേ കണക്ടായിരുന്നു. ലോക്ഡൗൺ സമയത്ത് മൂന്ന് നാല് മാസത്തോളം പാലായിൽ ഒരു വീടെടുത്താണ് എഴുത്ത് പണികൾ നടത്തിയത്.

സന്തോഷ് നാരായണൻ മലയാളത്തിൽ ആദ്യമായി ചെയ്യുന്ന ചിത്രം കൂടിയാണിത്. 75 ദിവസമായിരുന്നു ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഷൂട്ട് നടന്നത്. പിരീഡ് സിനിമയുടെ വെല്ലുവിളികള്‍ ഞങ്ങളുടെ ടീം വര്‍ക്ക് കൊണ്ട് എളുപ്പം മറികടക്കാൻ സാധിച്ചു. സ്വന്തം സിനിമ എന്ന ചിന്തയോടെ ഏവരും ഒന്നിച്ചാണ് പ്രവർത്തിച്ചിരുന്നത്. അങ്ങനെ സിനിമയ്ക്കപ്പുറം ഒരു ആത്മബന്ധം എല്ലാവരുമായി ഉണ്ടായി. ഒരുമിച്ചുള്ള ഈ യാത്ര ഏറെ രസമുള്ളതായിരുന്നു. 9ന് തിയറ്ററുകളിൽ പ്രേക്ഷകരേറ്റെടുക്കുന്ന ചിത്രമാകും ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന് തന്നെയാണ് പ്രതീക്ഷ”, ഡാർവിൻ പറയുന്നു.

Read also: മലയാളത്തിൽ ‘ധീ’യുടെ തുടക്കം; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രത്തിലെ ആദ്യഗാനം പുറത്ത്!

ഡാർവിൻ കുര്യാക്കോസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിന് ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിലെ രണ്ട് നായികമാരും പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

Story highlights: ‘Anweshippin Kandethum’ movie to hit theatres tomorrow