‘യുറോപ്പിലല്ല, ഇവിടെ ഭൂമിയിലെ പറുദീസയിൽ’; മഞ്ഞുപുതച്ച പാതയിലൂടെ ഒരു മനോഹര യാത്ര..!

February 3, 2024

മഞ്ഞുകാലത്ത് ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍ എല്ലാവരുടേയും മനസിലേക്ക് ആദ്യമോടിയെത്തുക കശ്മീരിലെ മഞ്ഞുമൂടിയ താഴ്‌വരകളും ദാല്‍ തടാകവും പഹല്‍ഗാമും സോനമര്‍ഗും അടക്കം നിരവധി കേന്ദ്രങ്ങളായിരിക്കും അല്ലേ.. എന്നാല്‍ പതിവിലും വ്യത്യസ്തമായി വളരെ വൈകിയാണ് ഇത്തവണ കശ്മീര്‍ അടക്കമുള്ള മേഖലകളില്‍ മഞ്ഞുകാലം എത്തിയത്. മഞ്ഞുവീഴ്ച ആരംഭിച്ചതോടെ സോഷ്യല്‍ മീഡിയ നിറയെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ അതിമനോഹരമായ ദൃശ്യങ്ങളാണ്. ( Baramulla to Banihal train running amid heavy snowfall )

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കശ്മീരിലേക്ക് യാത്രപോകുന്നവര്‍ ഉറപ്പായും സമയം കണ്ടെത്തി അനുഭവിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് അവിടുത്തെ മഞ്ഞിലൂടെയുള്ള ഒരു ട്രെയിന്‍ യാത്ര. ആ ട്രെയിന്‍ യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ യാത്രാപ്രേമികളുടെ മനം കീഴടക്കിയിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയില്‍വേ റൂട്ടാണ് കശ്മീരിലെ ബനിഹാല്‍ മുതല്‍ ബാരാമുല്ല വരെയുള്ളത്. ഈ റൂട്ടിലൂടെയുള്ള യാത്ര യൂറോപ്യന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. ശൈത്യകാലത്ത് മഞ്ഞുമൂടിയ റെയില്‍വേ ട്രാക്കുകളും പരിസരവും കാണാം. സാധാരണ കാലാവസ്ഥയില്‍ പൈന്‍ മരങ്ങള്‍ അതിരിട്ട ഈ റൂട്ടിലൂടെയുള്ള യാത്രയും മനോഹരമായ കാഴ്ചവിസ്മയമാണ് നല്‍കുക.

റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും ഈ മനോഹരമായ റെയില്‍വേ റൂട്ടിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ‘കശ്മീര്‍ താഴ്‌വരകളിലെ മഞ്ഞുവീഴ്ച!, ബാരാമുല്ല – ബനിഹാല്‍ വിഭാഗം’ എന്ന എന്ന കുറിപ്പോടെയാണ് അശ്വനി വൈഷ്ണവ് ഒരു വീഡിയോ എക്‌സില്‍ പങ്കുവച്ചിട്ടുള്ളത്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ഒരു പ്രദേശത്ത് കൂടി ഒരു ചുവന്ന ട്രെയിന്‍ കടന്ന് പോകുന്നതാണ് വീഡിയോയിലുള്ളത്.

Read Also : ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം; പോകാമൊരു യാത്ര, കാഴ്ചകളും കഥകളും പേറുന്ന ജഡായു പാറയിലേക്ക്

ട്രെയിന്‍ കടന്ന് പോകുമ്പോള്‍ ചെറിയ തോതിലുള്ള മഞ്ഞ് വീഴ്ചയുമുണ്ട്. റെയില്‍വേ ട്രാക്കും സമീപത്തെ പൈന്‍ മരങ്ങളുമെല്ലാം മഞ്ഞില്‍ പൊതിഞ്ഞിരിക്കുകയാണ്. ഇതിന് നിരവധിയാളുകളാണ് ഈ റെയില്‍വേ റൂട്ടിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുള്ളത്. ഇത് സ്വിറ്റ്‌സര്‍ലന്‍ഡിലാണെന്ന് തോന്നുന്നുവെന്നാണ് ഒരാള്‍ മന്ത്രിയുടെ വീഡിയോക്ക് താഴെ പ്രതികരിച്ചത്.

Story highlights : Baramulla to Banihal train running amid heavy snowfall