‘സ്നേഹം വാരിവിതറി ഷെഫ് പിള്ള’; നിഖിലിന്റെ വീട്ടിലെ ആദ്യ സന്ദർശനം!

February 15, 2024

ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന ചെറുപ്പക്കാരൻ നിഖിലിനെ അറിയാത്തവരായി ആരും തന്നെ ഇന്ന് കേരളത്തിലുണ്ടാകാൻ സാധ്യതയില്ല. ഈ ചെറിയ പ്രായത്തിനുള്ളിൽ ജീവിതം അവന് മുന്നിൽ വെച്ച പ്രതിസന്ധികൾ ചില്ലറയല്ല. സമപ്രായക്കാരായ കുട്ടികൾക്ക് ഒരുപക്ഷെ ചിന്തിക്കാൻ പോലും കഴിയാത്തത്ര ഉത്തരവാദിത്തങ്ങളാണ് 18 വയസ്സിനുള്ളിൽ നിഖിൽ ഏറ്റെടുത്തത്. (Chef Pillai visits Nikhil at home)

സമൂഹമാധ്യമങ്ങളിലൂടെ നിഖിലിന്റെ വാർത്ത നാടെങ്ങും പരന്നപ്പോൾ കേൾവിക്കാരിൽ പ്രശസ്തനായ ഷെഫ് പിള്ളയുമുണ്ടായിരുന്നു. ഒരു ഷെഫ് ആകുക എന്നത് നിഖിലിന്റെ ജീവിതാഭിലാഷമാണെന്ന് അറിഞ്ഞത് മുതൽ നിരവധി പേരാണ് നിഖിലിന്റെ വൈറൽ വിഡിയോ ഷെഫ് പിള്ളയ്ക്ക് അയച്ച് കൊടുത്തത്.

ഒടുവിലിതാ, നിഖിലിനെ ആദ്യമായി വീട്ടിൽ പോയി സന്ദർശിച്ചിരിക്കുകയാണ് ഷെഫ് പിള്ള. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെഫ് പിള്ള തന്നെയാണ് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആർസിപിയുടെ കോട്ടും, ഷെഫുമാരുടെ സ്വപ്നമായ വിക്ടോറിനോക്സിന്റെ കത്തിയുടെ സെറ്റും, കുറച്ചധികം അടുക്കള ഉപകരണങ്ങളും കയ്യിൽ സമ്മാനമായി കരുതിയയായിരുന്നു ഷെഫിന്റെ പോക്ക്.

പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം നിഖിലിന്റെ ഉപരിപഠനവും, ആർസിപിയിൽ ഒരു ജോലിയും ഷെഫ് പിള്ള വാഗ്ദാനം ചെയ്തു. തൻ്റെ അമ്മയ്ക്കും അനുജനും ഏറെ സ്നേഹത്തോടെ ഉണ്ടാക്കി കൊടുക്കുന്ന നൂഡിൽസ് ഉണ്ടാക്കിയാണ് നിഖിൽ ഷെഫ് പിള്ളയെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്. പാചകലോകത്ത് നിഖിലിന് മികച്ചൊരു ഭാവിയുണ്ടാകുമെന്നാണ് ഷെഫ് പിള്ള പറയുന്നത്. നിഖിലിനാകട്ടെ സന്തോഷവും നന്ദിയും അറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല.

Read also: ഓട്ടിസം ബാധിച്ച സഹോദരൻ, പാർക്കിൻസൺ രോഗവുമായി അമ്മ; പ്രതിസന്ധിയിലൂടെ പൊരുതുന്ന നിഖിൽ വിനോദിന് കൈത്താങ്ങായി ട്വന്റിഫോർ

ആറ് വര്‍ഷം മുമ്പാണ് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നിഖിലിന്റെ പിതാവ് മരിച്ചത്. ഇതോടെയാണ് നിഖിലിന്റെയും കുടുംബത്തിന്റെയും ജീവിതം മാറി മറിയുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മാതാവിന്റേയും ഓട്ടിസം ബാധിതനായ സഹോദരന്റെയും പൂർണ ഉത്തരവാദിത്തം അതോടെ നിഖിൽ ഏറ്റെടുക്കുകയായിരുന്നു. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ഒരു കൗമാരക്കാരന് താങ്ങാവുന്നതിലുമധികം സമ്മർദ്ദങ്ങളിലൂടെ കടന്നുപോയിട്ടും നിഖില്‍ തളരാതെ പിടിച്ചു നിന്നു.

തന്റെ മുന്നിലുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ വളരെ ആത്മവിശ്വാത്തോടെ ഏറ്റെടുത്ത് മുന്നോട്ടുപോകുകയായിരുന്നു നിഖില്‍. അനിയന്‍ അപ്പുവിന്റേയും അമ്മയുടേയും കാര്യങ്ങള്‍ നോക്കി വീട്ടുജോലികളും ചെയ്തുതീര്‍ത്ത ശേഷമാണ് നിഖില്‍ സ്‌കൂളില്‍ പോകുന്നത്. പ്രതിസന്ധികളില്‍ തളരാതെ, കഷ്ടതകളെ എങ്ങനെ ചിരിച്ചുകൊണ്ട് നേരിടണമെന്ന വലിയൊരു മാതൃകയാണ് നിഖില്‍ ലോകത്തെ പഠിപ്പിക്കുന്നത്.

Story highlights: Chef Pillai visits Nikhil at home