ഈഫൽ ടവറിനേക്കാൾ ഉയരം; വാസ്തുവിദ്യ വിസ്മയം ചെനാബ് റെയിൽ പാലം രാജ്യത്തിന് സമർപ്പിച്ചു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം രാജ്യത്തിനായി സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെയാണ് 1.3 കിലോമീറ്റര്‍ (1315 മീറ്റർ) നീളമുള്ള പാലം സ്ഥിതി ചെയ്യുന്നത്. നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകാത്ഭുതങ്ങളില്‍ ഒന്നായ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വെ ലിങ്ക് പദ്ധതിയുടെ ഭാഗമായ കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള വരെയുള്ള 111 കിലോമീറ്റര്‍ പാതയെ ബന്ധിപ്പിക്കുന്ന ഏക മാധ്യമം ഈ പാലമാണ്. ( Chenab Rail Bridge World’s highest rail bridge )
കശ്മീരിലെ റാസി ജില്ലയില്‍ ഏറ്റവും സങ്കീര്‍ണ്ണവും ഒറ്റപ്പെട്ടതുമായ ഭൂപ്രദേശങ്ങളിലൊന്നിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പുഴയുടെ ഒഴുക്ക് തടസപ്പെടുത്താതെ പാലം നിര്‍മിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പാലത്തിന്റെ അടിത്തറയിലേക്കെത്താന് അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകള്‍ നിര്‍മിക്കേണ്ടി വന്നു.
പാലം നിര്‍മിക്കാന്‍ കേബിള്‍ ക്രെയിനുകളും ഡെറിക്കുകളും ഉപയോഗിച്ചു. പദ്ധതിക്കായി ഉപയോഗിച്ച കേബിള്‍ ക്രെയിനുകള്‍ ലോകത്തിലെ ഏറ്റവും വലിപ്പമുള്ളവയായിരുന്നു. പാലത്തിന്റെ നിര്‍മ്മാണത്തില്‍ 28,660 മെട്രിക് ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചിട്ടുണ്ട്. പാലത്തിന്റെ ആര്‍ച്ചില്‍ സ്റ്റീല്‍ ബോക്സുകളുണ്ട്. സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി ബ്ലോക്കുകളില്‍ കോണ്‍ക്രീറ്റും നിറച്ചിട്ടുണ്ട്.

ഒരു എഞ്ചിനീയറിങ് വിസ്മയമാണ് ചെനാബ് പാലം. 28,660 മെട്രിക് ടണ്‍ ഉരുക്കാണ് ഈ കൂറ്റന്‍ പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. പാലത്തിന്റെ കരുത്ത് കൂട്ടുന്നതിന് ആര്‍ച്ചിലുള്ള ഉരുക്കു പെട്ടികളില്‍ കോണ്‍ക്രീറ്റ് നിറച്ചിട്ടുണ്ട്. 10,619 മെട്രിക്ക് ടണ്ണാണ് ആര്‍ച്ചിന്റെ മാത്രം ആകെ ഭാരം. 120 വര്‍ഷമാണ് പാലത്തിന്റെ ആയുസ്സ്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനെ ചെറുക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തീവ്രതയുള്ള സോണ്‍-V യുടെ ഭൂകമ്പ ശക്തികളെ വരെ താങ്ങാന്‍ ഇതിന് കഴിയും.
2002 ലാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി 38 തുരങ്കങ്ങളാണ് നിര്‍മിക്കേണ്ടതായി വന്നത്. ഈ തുരങ്കങ്ങളുടെ നീളം മാത്രം 119 കിലോമീറ്റര്‍ വരും. ബാരാമുല്ലയേയും ശ്രീനഗറിനേയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന ഈ പാലം സഞ്ചാരയോഗ്യമാകുന്നതോടെ യാത്രാസമയത്തില്‍ ഏഴു മണിക്കൂറോളം കുറവു വരുമെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. 2021 ഏപ്രിലിലാണ് ചെനാബ് റെയില്‍ പാലത്തിന്റെ ആര്‍ച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 2022 ഓഗസ്റ്റില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു.
ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമുള്ള രാജ്യം എന്ന ബഹുമതി ചൈനയ്ക്കായിരുന്നു. ചൈനയിലെ ഗ്വേയ്ജൂ പ്രവിശ്യയിലെ ബെയ്പൻ ജിയാങ് എന്ന നദിക്ക് കുറുകെ സ്ഥിതി ചെയുന്ന 269 മീറ്റർ ഉയരമുള്ള ഡൂഗ് പാലമായുരുന്നു ഇത്. ഇതിനെക്കാൾ ഏകദേശം 90 മീറ്റർ ഉയരത്തിലാണ് ചെനാബ് റെയിൽ പാലം.
Story highlights : Chenab Rail Bridge World’s highest rail bridge