ചതുരംഗക്കളത്തിലെ സുൽത്താൻ; മാലിക് മിർ സുൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി..!
മാലിക് മിർ സുൽത്താൻ ഖാൻ, വിഭജനത്തിന് മുമ്പെയുള്ള പഞ്ചാബിൽ നിന്നും യുറോപ്പിലെത്തി പ്രമുഖ താരങ്ങളെ മുട്ടുകുത്തിച്ച് ചെസ് കളിക്കളങ്ങൾ പിടിച്ചടക്കി ലോകത്തെ ഞെട്ടിച്ച അത്ഭുത പ്രതിഭ, മൂന്ന് തവണ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് ജേതാവായതോട അന്താരാഷ്ട്ര ചെസിന്റെ ഉന്നതിയിലെത്തിയ വ്യക്തി. ആധുനിക ചെസിന്റെ മുൻനിരയിലെത്തിയ ആദ്യ ഏഷ്യക്കാരനായ സുൽത്താൻ ഖാന് മരണാനന്തരം ഗ്രാൻഡ് മാസ്റ്റർ പദവി. ചെസ് ഇതിഹാസം മരണപ്പെട്ട് 58 വർഷങ്ങൾക്ക് ശേഷമാണ് ലോക ചെസ് സംഘടന (ഫിഡെ) ഈ പദവി സമ്മാനിക്കുന്നത്. ഇതോടെ പാകിസ്ഥാനിൽ നിന്നും ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ വ്യക്തിയും കൂടിയാവുകയാണ് മാലിക് മിർ സുൽത്താൻ ഖാൻ. ( Chess player Mir Sultan Khan with honorary Grandmaster )
മുസ്ലിം ഭൂവുടമയുടെയും പ്രസംഗകൻ്റെയും മകനായി 1903-ൽ അവിഭക്ത ഇന്ത്യയുടെ പഞ്ചാബ് പ്രവിശ്യയിലാണ് മാലിക് മിർ സുൽത്താൻ ഖാന്റെ ജനനം. നവാബ് സർ ഉമർ ഹയാത്ത് ഖാന്റെ ആശ്രിതനായിട്ടായിരുന്നു സുൽത്താൻ ഖാന്റെ ജീവിതം. ആധുനിക ഗെയിമിൻ്റെ നിയമങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമായ പരമ്പരാഗതമായ ഇന്ത്യൻ ചെസിന്റെ ബാലപാഠങ്ങൾ പിതാവിൽ നിന്നും സ്വയത്തമാക്കി. 1926-ൽ സുൽത്താൻ ഖാന്റെ ചെസ് ബോർഡിലെ വൈദഗ്ധ്യം കേട്ടറിഞ്ഞ നവാബ്, പരിശീലകരുടെ സഹായത്തോടെ രാജ്യന്തര ചെസ് നിയമങ്ങൾ സുൽത്താൻ ഖാനെ പഠിപ്പിച്ചു.
രാജ്യന്തര ചെസിന്റെ നിയമങ്ങളെല്ലാം സ്വയത്തമാക്കിയ ശേഷം 1929-ൽ നവാബിനൊപ്പം സുൽത്താൻ ഖാൻ ഇംഗ്ലണ്ടിലെത്തി. അതേ വർഷം തന്നെ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയാണ് സുൽത്താൻ ഖാൻ ചെസ് ലോകത്തെ ഞെട്ടിച്ചത്. അന്നത്തെ ബ്രീട്ടിഷ് ഭരണാധികാരിയായിരുന്ന ജോർജ്ജ് അഞ്ചാമനുമായി നവാബിനുണ്ടായിരുന്ന ദൃഢമായ ബന്ധമാണ് സുൽത്താൻ ഖാന് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
ബെൽജിയൻ നഗരമായ ലീജിൽ നടന്ന ടൂർണമെന്റിൽ ചെസ് ഇതിഹാസം സാവിയേലി ടർടാകോവറിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഖാൻ ഫിനിഷ് ചെയ്തത്. ഹേസ്റ്റിങ്സിൽ നടന്ന ടൂർണമെന്റിൽ മാക്സ് ഈവ്, കാപബ്ലാങ്ക എന്നീ ചെസ് ഇതിഹാസങ്ങൾക്ക് പിന്നിൽ മൂന്നാമതെത്തി. 1932, 1933 വർഷങ്ങളിൽ ബ്രിട്ടിഷ് ചാമ്പ്യൻഷിപ് നേടി. 1930ൽ ഹാംബർഗിൽ നടന്ന ചെസ് ഒളിംപ്യാഡിൽ ഇംഗ്ലണ്ടിനായി കളിച്ച ഖാൻ ഒമ്പത് ജയവും നാലു സമനിലയും നേടി.
ആധുനിക ചെസിലെ നിയമങ്ങളെക്കുറിച്ച് നിരക്ഷനായിരുന്ന ഖാൻ ബോധവാനായിരുന്നില്ല. എന്നാൽ അതീവശ്രദ്ധ കൊണ്ടും വിജയിക്കാനുള്ള ത്വരയും കൊണ്ടാണ് ആ ദൗർബല്യത്തെ അതിജീവിച്ചത്. എന്നാൽ ലോക ചാമ്പ്യൻ അലക്സാണ്ടർ അലഖൈൻ, മുൻ ലോക ചാമ്പ്യൻ ജോസ് റൗൾ കാപബ്ലാങ്ക എന്നിവരെയെല്ലാം തോൽപിച്ച നാല് വർഷത്തെ ചെസ് ജീവിതത്തിന് വളരെ പെട്ടന്നാണ് വിരാമമായത്. 1933-ൽ നവാബും
സുൽത്താൻ ഖാനും ഇന്ത്യയിലേക്ക് മടങ്ങിയതോടെ അദ്ദേഹത്തിന്റെ അവിസ്മരണീയമായ ചെസ് ജീവിതത്തിന് തിരശീല വീണു.
Read Also : ഡാക്കർ റാലി; ബൈക്ക് റാലി 2ൽ പോഡിയത്തിലേറി മലയാളി ഹാരിത് നോവ..!
ചെസ് ബോർഡിനോട് എന്നന്നേക്കുമായി ചെസ് ബോർഡുമായി ബന്ധം ഉപേക്ഷിച്ച സുൽത്താൻ ഖാൻ, കർഷകനായിട്ടാണ് തന്റെ ശിഷ്ടകാലം ജീവിച്ചത്. 1944-ൽ നവാബ് മരണപ്പെടുന്നതിന് മുമ്പ് നൽകിയ സ്ഥലത്തായിരുന്നു സുൽത്താൻ ഖാന്റെ ജീവിതം. ക്ഷയം ബാധിതനായിരുന്ന സുൽത്താൻ ഖാൻ 1966 ഏപ്രിൽ 25ന് ഇന്ന് പാക്കിസ്ഥാനിലുള്ള സരഗോഡയിൽ വച്ചാണ് വിഭജനത്തിന് മുമ്പെയുള്ള ഇന്ത്യ കണ്ട ചെസ് ഇതിഹാസം മരണപ്പെട്ടത്.
Story highlights : Chess player Mir Sultan Khan with honorary Grandmaster