‘കളിക്കാം, ഉറങ്ങാം, കഥകൾ കേൾക്കാം’; കുട്ടിക്കാലം തിരിച്ച് പിടിക്കാൻ വിചിത്രമായ ‘ഡയപ്പർ സ്പാ’!

February 3, 2024

ഹെയർ സ്പാ, ബോഡി സ്പാ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പേരിൽ ഏറെ കൗതുകമുള്ളൊരു സ്പായാണ് ഇപ്പോൾ ചർച്ചകൾക്ക് ഇടം കൊടുക്കുന്നത്. പേരിൽ മാത്രമല്ല ഈ സ്പായിൽ കിട്ടുന്ന സേവനങ്ങൾക്കും കൗതുകം ഏറെയുണ്ട്. ന്യൂ ഹാംഷെയറിലെ അറ്റ്കിൻസണിലുള്ള ‘ഡയപ്പർ സ്പായാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്’. (Diaper Spa for adults flare up controversies)

പ്രായം അമ്പതായാലും അറുപതായാലും എല്ലാവരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ടെന്ന് കേട്ടിട്ടില്ലേ? ചിലരൊക്കെ ഉള്ളിലെ ഈ കുട്ടിയെ ഉറക്കി തന്നെ കിടത്തും. എന്നാൽ മറ്റ് ചിലർക്ക് കുട്ടിക്കാലത്ത് നഷ്ടപ്പെട്ട ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ നേടാൻ അടങ്ങാത്ത ആഗ്രഹം ഉണ്ടായിരിക്കും. അല്ലെങ്കിൽ, കുട്ടിക്കാലത്തേക്ക് ഒന്ന് കൂടെ പോകണം എന്ന് ആഗ്രഹമുണ്ടാകും. അക്ഷരാർത്ഥത്തിൽ അത്തരക്കാരുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കുന്ന സ്ഥലമാണ് ഈ ഡയപ്പർ സ്പാ.

ഫിസിഷ്യനായ ഡോ കോളിൻ മർഫിയാണ് ഈ സ്പാ ആരംഭിച്ചത്. ഇവിടെ ഇഷ്ടം പോലെ നടക്കാം. കുട്ടികളെ പോലെ വസ്ത്രം ധരിക്കാം, പെരുമാറാം, കരയാം, ചിരിക്കാം, പാട്ട് പാടാം എന്ന് വേണ്ട കുട്ടിയുടുപ്പ് ധരിച്ച് നടക്കണമെങ്കിൽ അതുമാകാം. പ്ലേ ടൈം, സ്റ്റോറി ടൈം, നാപ് ടൈം, കഡിൽ ടൈം, ചേഞ്ചിം​ഗ് ടൈം, കളറിം​ഗ്, നേഴ്സറി പാട്ടുകൾ എന്നിവയെല്ലാം ഇവിടെ ഉണ്ട്. ഉറങ്ങാൻ തൊട്ടിലും കളിക്കാൻ കളിപ്പാട്ടങ്ങളും ഉൾപ്പടെ ആകെ കളർഫുള്ളാണ് ഡയപ്പർ സ്പാ.

Read also: കോടികളുടെ സ്വത്തുക്കൾക്ക് അവകാശി വളർത്തുമൃഗങ്ങൾ; മക്കൾക്ക് വയോധികയുടെ തിരിച്ചടി!

പക്ഷെ ഈ സേവനങ്ങൾ ഒക്കെ ലഭിക്കണമെങ്കിൽ നല്ല കാശ് കൂടെ കൊടുക്കണം. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വരെയാണ് ചിലവായി വരുന്നത്. സ്പായുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഡയപ്പർ ധരിക്കാനാ​ഗ്രഹിക്കുന്ന, കുഞ്ഞുങ്ങളെ പോലെ പെരുമാറാൻ ആ​ഗ്രഹിക്കുന്നവർക്കായി ന്യൂ ഹാംഷെയറിൽ തുടങ്ങിയ ഡയപ്പർ സ്പാ’ എന്ന കുറിപ്പും അതിനൊപ്പമുണ്ട്.

എന്നാൽ ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിൽ പലരും എതിരഭിപ്രായങ്ങളും അറിയിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ബിസിനസ് എങ്ങനെ നടത്താനാകുമെന്നാണ് പലരുടെയും ചോദ്യം. പ്രദേശവാസികളായ ചിലർ സ്പാ പ്രവർത്തനങ്ങൾ തടയുന്നതിനായി നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Story highlights: Diaper Spa for adults flare up controversies