കോടികളുടെ സ്വത്തുക്കൾക്ക് അവകാശി വളർത്തുമൃഗങ്ങൾ; മക്കൾക്ക് വയോധികയുടെ തിരിച്ചടി!

January 27, 2024

പൂച്ചകളും പട്ടികളും വളർത്ത് മൃഗങ്ങളിൽ പ്രധാനികളാണ്. അവരോടുള്ള ആഴത്തിലുള്ള സ്നേഹവും കരുതലും ഒരിക്കലും പാഴായി പോകില്ല എന്നതാണ് വാസ്തവം. എത്ര സ്നേഹമുണ്ടെന്ന് പറഞ്ഞാലും വളർത്തുമൃഗങ്ങളെ അനന്തരാവകാശികൾ ആക്കാൻ നമ്മൾ മുതിരാറുണ്ടോ? എന്നാൽ ഒരു മടിയും കൂടാതെ കോടികൾ വിലമതിക്കുന്ന തൻ്റെ സ്വത്തുക്കളെല്ലാം വളർത്ത് മൃഗങ്ങൾക്ക് എഴുതി കൊടുത്തിരിക്കുകയാണ് ചൈനയിലെ ഒരു വയോധിക. (Elderly woman leaves crores worth assets for pets )

ലിയു എന്ന് പേരുള്ള വയോധികയാണ് ഏവരെയും അതിശയിപ്പിച്ച് കൊണ്ട് ഇങ്ങനൊരു തീരുമാനം എടുത്തത്. എന്നാൽ ലിയുവിൻറെ പക്കൽ അതിന് കൃത്യമായ കാരണങ്ങളുമുണ്ട്. വർഷങ്ങളോളം അവശനിലയിൽ ആയിരുന്ന ലിയുവിനെ നോക്കാൻ കുടുംബക്കാരോ വീട്ടുകാരോ ആരും വന്നിരുന്നില്ല. അതുകൊണ്ടാണ് സ്വത്തുക്കളെല്ലാം തൻ്റെ അരുമയായ പൂച്ചകളുടെയും നായ്ക്കളുടെയും പേരിൽ ലിയു എഴുതി വെച്ചത്.

Read also: മുത്തശ്ശിയുടെ ഡയറി കയ്യിലെത്തി; യുവതിക്ക് തിരികെ കിട്ടിയത് കാണാമറയത്തെ കുട്ടിക്കാലം!

റിപ്പോർട്ടുകൾ അനുസരിച്ച്, ലിയു വിൽപ്പത്രം വരെ തയ്യാറാക്കിയിരിക്കുന്നു എന്നാണ് വിവരങ്ങൾ. സോംഗ്ലാൻ ന്യൂസ് റിപ്പോർട്ട് പ്രകാരം ആദ്യം ലിയു തയ്യാറാക്കിയ വില്ലിൽ മൂന്ന് മക്കളുടെയും പേര് ചേർത്തിരുന്നു. എന്നാൽ അവശനിലയിൽ താങ്ങായി ആരും ഇല്ലാതെ വന്നപ്പോൾ ലിയു ആകെ തളർന്നു. മക്കളോ മറ്റ് മിത്രങ്ങളോ സഹായത്തിനായി എത്താഞ്ഞതോടെയാണ് ദുഃഖത്തിൽ ആകെ ആശ്വാസമായിരുന്ന പൂച്ചകൾക്കും നായ്ക്കൾക്കും സ്വത്തുക്കൾ നൽകാനുള്ള തീരുമാനം എടുത്തത്.

തൻ്റെ പൂച്ചയ്ക്കും നായ്കൾക്കും ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ ക്ഷേമത്തിന് ഈ തുക ഉപയോഗിക്കണം എന്നാണ് ലിയുവിന്റെ തീരുമാനം. ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ അടുത്തുള്ള വെറ്റിറിനറി ക്ലിനിക്കിനെ ഏൽപ്പിച്ചിട്ടുമുണ്ട് ലിയു. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച്, വളർത്തുമൃഗങ്ങളുടെ പേരിൽ സ്വത്തുക്കൾ എഴുതി വെയ്ക്കാൻ നിയപരമായ തടസ്സങ്ങളുണ്ട്. പക്ഷെ ലിയുവിന് ഏറ്റവും വിശ്വാസമുള്ള ആരെയെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാൻ ഏർപ്പാടാക്കാം എന്ന ഉറപ്പ് അധികൃതർ നൽകിയിട്ടുണ്ട്.

Story highlights: Elderly woman leaves crores worth assets for pets