ഇന്ത്യയിൽ 718 ഹിമപ്പുലികൾ; ചരിത്രത്തിലെ ആദ്യ സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ..!

February 1, 2024

ഇന്ത്യയില്‍ 718 ഹിമപ്പുലികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സ്നോ ലെപ്പേഡ് പോപ്പുലേഷന്‍ അസെസ്മെന്റ് ഇന്‍ ഇന്ത്യ നടത്തിയ സര്‍വേയിലാണ് ഹിമപ്പുലികളുടെ എണ്ണം കണ്ടെത്തിയത്. വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഡബ്ല്യഐ), ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ () അടക്കമുള്ള സംഘടനകളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. ഡല്‍ഹിയില്‍ നടന്ന ദേശീയ വന്യജീവി ബോര്‍ഡ് യോഗത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടു. ( First scientific count of Snow Leopards released in India )

2019-2023 വരെയുള്ള കാലയളവില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഹിമപ്പുലികളുടെ ആവാസവ്യവസ്ഥയിലെ 70 ശതമാനം മേഖലകളിലാണ് സര്‍വെ നടത്തിയത്. ലഡാക്, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ മേഖലകളിലായി 120,000 ചതുരശ്ര കിലോമീറ്ററിലാണ് പര്യവേക്ഷണം നടത്തിയത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ശാസ്ത്രീയമായ രീതിയില്‍ ഹിമപ്പുലികളുടെ എണ്ണം രാജ്യത്ത് തിട്ടപ്പെടുത്തുന്നത്. ഈ പഠനം നടത്തുന്നതിന്റെ മുമ്പായി ഇന്ത്യയിലെ ഹിമപ്പുലികളുടെ പരിധി നിര്‍വചിക്കപ്പെട്ടിരുന്നില്ല. അവയുടെ ആവാസ വ്യവസ്ഥയുടെ വലിയൊരു ഭാഗവും പഠനം നടത്തിയിട്ടില്ലെങ്കിലും സമീപകാല സര്‍വെകള്‍ തങ്ങളുടെ അറിവ് വിപുലീകരിക്കുന്നതിന് സഹായകമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഷ്യയിലുടനീളമുള്ള 12 മേഖലകളില്‍ ഹിമപ്പുലികളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവയെ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് ചൈനയിലാണ്. കൂടാതെ ഡബ്ല്യുഡബ്ല്യുഎഫ് ഇവയെ ദുര്‍ബല ഇനമായി തരംതിരിച്ചിട്ടുമുണ്ട്.

Read Also: ഇതാണ് പൂച്ചകളുടെ രാജ്യം! ജപ്പാനിലെ ആഷിമ

സ്‌പൈ റിപ്പോര്‍ട്ട് പ്രകാരം ലഡാക്കില്‍ 477 ഹിമപ്പുലികളെ കണ്ടെത്തിയപ്പോള്‍ ഉത്തരാഖണ്ഡില്‍ ഇത് 124 ആയിരുന്നു. ഹിമാചല്‍ പ്രദേശ് (51), അരുണാചല്‍ പ്രദേശ് (36), സിക്കിം (21) ജമ്മു കശ്മീര്‍ (9) എന്നിങ്ങനെയാണ് കണക്കുകള്‍. നിരീക്ഷണ സംവിധാനങ്ങളില്‍ ഇതുവരെ തിരിച്ചറിയാതിരുന്ന 241 പുതിയ ഹിമപ്പുലികളെയും പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാമറ ട്രാപ്പ് സംവിധാനങ്ങളുടെ സഹായത്തടെയാണ് നിരീക്ഷണം നടത്തിയത്.

Story highlights : First scientific count of Snow Leopards released in India