ദക്ഷിണേന്ത്യയിലെ ആദ്യ സിനിമ തിയേറ്റർ ‘ഡിലൈറ്റ്’ ഇനി ഓർമ..!
സൗത്ത് ഇന്ത്യയിലെ ആദ്യ സിനിമ തിയേറ്റര്‍ ഡിലൈറ്റ് ഇനി ഓര്മ. 2023 ജൂണില്‍ രജനികാന്ത് ചിത്രം മനിതന് ആണ് അവസാനമായി പ്രദര്‍ശിപ്പിച്ചത്. ആദ്യ കാലങ്ങളില്‍ ദിവസവും നാല് ഷോകളും ചില വിശേഷ ദിവസങ്ങളില്‍ മിഡ്നൈറ്റ് ഷോകളും പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി പുതിയ ചിത്രങ്ങളുടെ റിലീസ് നിര്‍ത്തിയിരുന്നു. പഴയ സിനിമകളുടെ പ്രദര്‍ശനവും റീറിലീസുകളും മാത്രമാണ് ഉണ്ടായിരുന്നത്. ( First theater in South India Delite theatre was demolished )
1914-ല്‍ സാമിക്കണ്ണ് വിന്‍സന്റും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേര്‍ന്നാണ് ഡിലൈറ്റ് തിയറ്റര്‍ സ്ഥാപിച്ചത്. ആദ്യകാലത്ത് വെറൈറ്റി ഹാള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1930-കളില്‍ പെഡല്‍ പ്രിന്റിങ് മെഷീനില്‍ പ്രിന്റ് ചെയ്ത സിനിമ ടിക്കറ്റുകള്‍ നല്കിയ ആദ്യ തിയേറ്ററും വെറൈറ്റി ഹാളാണ്. 1920കളുടെ അവസാനത്തില്‍ കോയമ്പത്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ റാന്തലുകളാണ് ഉപയോഗിച്ചതെങ്കില്‍ ഡിലൈറ്റ് തിയേറ്റര്‍ വൈദ്യുതി വിളക്കുകളാല്‍ പ്രകാശിക്കപ്പെട്ടിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് ജനറേറ്റര്‍ എത്തിച്ച് വിളക്ക് തൂണും വിന്‍സന്റ് സ്ഥാപിച്ചിരുന്നു.
വിന്‍സന്റിന്റെ മരണശേഷം 1960കളില്‍ കൊച്ചിയിലെ ജോഹാര്‍സ് ഗ്രൂപ്പ് ഹാള്‍ വിലയ്ക്ക് വാങ്ങി. പിന്നീടാണ് വെറൈറ്റി ഹാള്‍ എന്ന പേര് ഡിലൈറ്റ് തിയേറ്റര്‍ എന്നാക്കി മാറ്റുന്നത്. ഇനി ഇവിടെ വാണിജ്യ സമുച്ചയം ഉടന്‍ ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി തിയേറ്റര്‍ കെട്ടിടം പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Story highlights : First theater in South India Delite theatre was demolished