പഠിച്ചത് ഒരുമിച്ച്, പഠിപ്പിച്ചതും ഒരേ സ്കൂളിൽ, വിരമിക്കുന്നതും ഒരേ ദിവസം; ഇത് അപൂർവ സൗഹൃദത്തിന്റെ കഥ..!
മലപ്പുറം ചേരൂര്‍ പിപിടിഎംവൈ PPTM YH ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പാളും വിരമിക്കുകയാണ്. എന്താണ് പ്രത്യേകത എന്നല്ലേ..? എട്ടാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. പഠനത്തിന് ശേഷം അധ്യാപകരായി ജോലി ചെയ്തത് ഒരേ സ്കൂളില്‍, ഇനി ആത്മസുഹൃത്തുക്കളായ ഇവര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതും ഒരേ ദിവസമാണ്. ( Friends who studied worked and retiring together )
1980-ല്‍ വേങ്ങര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസിലേക്ക് എത്തിയപ്പോഴാണ് അബ്ദുല്‍ മജീദും ഗഫൂര്‍ കാപ്പനും ആദ്യമായി നേരില്‍ കാണുന്നത്. ഇരുവരുടെയും പിതാക്കന്മാര് പരസ്പരം അറിയുന്നവരായിരുന്നു എന്നതിലുപരി വേറേ ബന്ധങ്ങളൊന്നും അതുവരെ ഇരുവര്‍ക്കിടയിലും ഉണ്ടായിരുന്നില്ല. എന്നാല്‍ എട്ടാം ക്ലാസില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന് കണക്കും ശാസ്ത്രവുമെല്ലാം ഗൗരവത്തോടെ പഠിച്ചുതുടങ്ങിയ കാലം മുതല്‍ നീണ്ട സൗഹൃദത്തിനുള്ള തുടക്കമാകുകയായിരുന്നു.
1983-ലാണ് വേങ്ങര ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് ഇരുവരും എസ്എസ്എല്‍സി പരീക്ഷ പാസാകുന്നത്. പിതാക്കന്മാര് തമ്മിലുള്ള പരിചയം മക്കളും തുടരുകയായിരുന്നു. കൗമാര കുസൃതികളും അനുഭവങ്ങളും പ്രീഡിഗ്രി കാലം വരെ തുടര്‍ന്നു. എന്നാല്‍ കോളജ് കാലത്തിലേക്ക് കടന്ന ഇരുവരെയും വേര്പിരിക്കാനായിട്ടുള്ള വിധിയാണ് കാലം കാത്തുവച്ചിരുന്നത്. പിജി പഠനത്തിന് ചേരുന്ന സമയത്താണ് ഇരുവരും രണ്ട് കോളജുകളിലേക്ക് മാറിയത്.
പിജി പഠനത്തിനായി അബ്ദുല്‍ മജീദ് ഫാറൂഖ് കോളജില്‍ ചേര്‍ന്നപ്പോള്‍ ഗഫൂര്‍ കാപ്പന് എംഇഎസ് മണ്ണാര്‍ക്കാട് കോളജിലാണ് സിറ്റ് കിട്ടിയത്. ദീര്‍ഘകാലമായി ഇഴപിരിയാത്ത സുഹൃത്തുക്കളായിരുന്ന ഇരുവര്‍ക്കും ഏറെ ദുഖം നല്കിയതായിരുന്നു ഈ വേര്‍പിരിയല്‍. ഇന്നത്തെപ്പോലെ മൊബൈല്‍ അടക്കമുള്ള സൗകര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടും നേരില്‍ കാണാന്‍ പാറ്റാത്തുകൊണ്ടും.. ഭൂമിയുടെ രണ്ടറ്റങ്ങളിലായി ഒറ്റപ്പെട്ട തോന്നല്‍ ഉണ്ടായിരുന്നുവെന്ന് ഇരുവരും സമ്മതിക്കുന്നു.\
പിജി പഠനത്തിന്റെ രൂപത്തില്‍ ഇരുവരെയും വേര്പിരിയിച്ച കാലം തന്നെ അവരെ അധ്യാപകവേഷത്തില്‍ വീണ്ടും ഒന്നിപ്പിച്ചു. 34 വര്‍ഷത്തെ അധ്യാപക ജീവിതത്തിന് ശേഷം ഇരുവരും കലാലയമുറ്റത്ത് നിന്നും പടിയിറങ്ങുകയാണ്. അബ്ദുല്‍ മജീദ് ഹെഡ്മാസ്റ്ററായും ഗഫൂര്‍ കാപ്പന് പ്രിന്സിപ്പാളുമായിട്ടാണ് വിരമിക്കുന്നത്.
വിരമിക്കുന്നതിന് ശേഷം പല ഓഫറുകളും ലഭിച്ചിട്ടുണ്ടെങ്കിലും ശിഷ്ടകാലം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് തീരുമാനമെന്നാണ് ഗഫൂര്‍ കാപ്പന് പറയുന്നത്. ദുഖവും സന്തോഷവും തമാശയും ഒരുപോലെ പങ്കുവയ്ക്കുന്ന ഈ നല്ല സൗഹദം ഇനിയും തുടരും.
Story highlights : Friends who studied worked and retiring together