400 വർഷം കടലിൽ മറഞ്ഞിരുന്നു; പകിട്ടൊട്ടും കുറയാതെ കണ്ടെത്തിയ കോടിക്കണക്കിന് വില വരുന്ന നിധി ശേഖരം

February 5, 2024

ഇംഗ്ലണ്ടിലെ ഒന്നാം എലിസബത്ത് രാജ്ഞിയുടെ സാമ്രാജ്യം തകർക്കാൻ സ്പെയിനിൽ നിന്നും 1588ൽ 130 കപ്പലുകൾ പുറപ്പെട്ടിരുന്നു. സ്‌പാനിഷ്‌ അർമാഡ എന്ന് വിശേഷിപ്പിച്ച കപ്പൽവ്യൂഹത്തിൽ ആയിരക്കണക്കിനാളുകളാണ് യുദ്ധത്തിന് സന്നാഹരായി പുറപ്പെട്ടത്. എന്നാൽ ഇംഗ്ലണ്ടിൽ പരാജയം മാത്രം നേടി അവർക്ക് മടങ്ങേണ്ടി വന്നു. തിരികെ പോകുന്ന വഴിയിൽ കൊടും കാറ്റും തിരമാലയും കാരണം കപ്പലുകൾ അപകടത്തിൽ പെട്ടു. കടലാക്രമണത്തിൽ രക്ഷപ്പെട്ടത് ജിറോണ എന്ന കപ്പൽ മാത്രമാണ്.

121 നാവികരും 186 സൈനികരുമടങ്ങുന്ന ജിറോണയിൽ മറ്റു കപ്പലുകളിൽ നിന്നും രക്ഷപ്പെട്ടവരെയും കയറ്റേണ്ടിവന്നു. 1300 പേരുമായി അധികം ദൂരം യാത്ര ചെയ്യാനാകാതെ ജിറോണയും മുങ്ങി. പാറക്കെട്ടിൽ ഇടിച്ചാണ് കപ്പൽ തകർന്ന് മുങ്ങിയത്. വടക്കൻ അയർലന്റിന്റെ വടക്കേ തീരത്ത് വെച്ച് അപകടത്തിൽപെട്ട കപ്പൽ പിന്നീട് ഒട്ടേറെ ഗവേഷകർ കണ്ടെത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല.

എന്നാൽ നൂറ്റാണ്ടുകൾക്ക് ശേഷം 1967ൽ ബെൽജിയംകാരനായ റോബർട്ട് സ്റ്റെനുവി ഈ നിധി കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ അയർലൻഡ് തീരത്തെത്തി. പ്രൊഫഷണൽ ഡ്രൈവറായിരുന്ന അദ്ദേഹം സ്ഥലത്തിന്റെ ഭൂപടവും പേടിച്ചു പ്രദേശവാസികളോട് കൂടുതൽ വിശദമായി ചോദിച്ചറിയുകയും ചെയ്തു. അങ്ങനെ സഹപ്രവർത്തകനും ഭാര്യക്കുമൊപ്പം കടലിനടിയിലെ കാഴ്ചകൾ പകർത്താനെത്തിയ ടി വി സംഘമാണെന്ന വ്യാജേന നിധി തേടിയിറങ്ങി. കപ്പലിടിച്ച പാറക്കൂട്ടം കണ്ടെത്തുകയും ചെയ്തു.

കടലിനടിയിലെ നിധി ശേഖരത്തിലേക്കാണ് അവർ എത്തിയത്. ദിവസങ്ങൾക്കുള്ളിൽ സ്‌പാനിഷ്‌ വെള്ളി നാണയങ്ങളുടെ വലിയ ശേഖരം കണ്ടെത്തി. പിന്നാലെ കപ്പലിന്റെ നങ്കൂരത്തിന്റെ ഭാഗവും. വമ്പൻ നിധി ശേഖരം ഉണ്ടെന്നു കണ്ടെത്തിയതോടെ അവയെല്ലാം ഒരു ഗുഹയിൽ ഒളിപ്പിച്ച് റോബർട്ട് കൂടുതൽ സന്നാഹവുമായി എത്താൻ മടങ്ങി. കണ്ടെത്തിയ നിധിയുടെ അവകാശം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ഇവർ രഹസ്യമായി സൂക്ഷിച്ചത്. എന്നാൽ രണ്ടാം വരവിൽ ജനങ്ങളും പത്രങ്ങളുമെല്ലാം അറിഞ്ഞു. കണ്ടെത്തിയ നിധികൾക്ക് വേണ്ടി പോരാട്ടമായി.

സ്പെയിനിന്‌ അവകാശപ്പെട്ടതെന്നു അവരും, കണ്ടെത്തിയ അയർലന്റിനാണ് അവകാശമെന്ന് അവരും വാദിച്ചു. വിട്ടുകൊടുക്കാൻ റോബർട്ടും തയ്യാറായില്ല. ഒടുവിൽ നിധി വിൽക്കാൻ തീരുമാനമായി. അന്നത്തെ മൂല്യത്തിനനുസരിച്ച് ഒന്നേകാൽ കോടിയുടെ നിധിയാണ് അവർ കണ്ടെത്തിയത്. അത് റോബർട്ടും സംഘവും വടക്കൻ അയർലാന്റിലെ അലിസ്റ്റർ മ്യൂസിയത്തിന് വിറ്റു.

Read also: കൈകാലുകളില്ലാതെ ജനിച്ചതിനാൽ ഉപേക്ഷിക്കപ്പെട്ടു; ഇന്ന് മേക്കപ്പ് ആർട്ട് വർക്കിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായ ജീവിതം

400 വര്ഷം കടലിൽ കിടന്നിട്ടും വെള്ളി, സ്വർണ നാണയങ്ങൾക്കോ ശില്പങ്ങൾക്കോ ഒന്നും ഒരു കേടുപാടും സംഭവിച്ചിരുന്നില്ല. പഞ്ചസാര ചാക്കിന്റെ വലിപ്പമുള്ള ഒരു സ്വർണ മാലയാണ് കണ്ടെത്തിയ നിധികളിൽ പ്രധാനം.

Story highlights- hidden treasure found