ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രം പൊളിച്ച് ഇന്ത്യ; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യൻ ജയം 106 റൺസിന്
ഹൈദരാബാദിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ എത്തിയ ഇംഗ്ലണ്ടിനെ വിശാഖപട്ടണത്ത് തകർത്തെറിഞ്ഞ് ഇന്ത്യ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 106 റൺസിനാണ് ഇന്ത്യയുടെ ജയം. 399 റൺസിന്റെ റെക്കോഡ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 292 റൺസിന് പുറത്താകുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുമ്രയും ആർ അശ്വിനുമാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. ( India defeated England in Visakhapattanam test )
73 റൺസെടുത്ത ഓപ്പണർ സാക് ക്രാലി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഒലി പോപ്പ് (23), ജോ റൂട്ട് (16), ജോണി ബെയർസ്റ്റോ (26), ബെൻ സ്റ്റോക്സ് (11) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ബുമ്ര മത്സരത്തിലെ ആകെ വിക്കറ്റ് നേട്ടം ഒമ്പതാക്കി. ഇതോടെ കളിയിലെ താരമായും ബുമ്ര തെരഞ്ഞെടുക്കപ്പെട്ടു.
നാലാം ദിനം 67-1 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 28 കൂട്ടിച്ചേർക്കുന്നതിനിടെ റിഹാൻ അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായി. അക്സർ പട്ടേലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് നൈറ്റ്ബാറ്റ്സ്മാനായി ഇറങ്ങിയ റിഹാൻ പുറത്തായത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറിയുമായി തിളങ്ങിയ ഒലി പോപ്പിനേയും ജോ റൂട്ടിനേയും അശ്വിൻ മടക്കി. അർധ സെഞ്ച്വറി നേടിയ സാക് ക്രൗളിയെ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുരുക്കി. സമാന രീതിയിൽ ജോണി ബെയർസ്റ്റോ ജസ്പ്രീത് ബുമ്രയുടെ പന്തിൽ പുറത്തായി. ആദ്യ സെഷനിൽ വീണ അഞ്ചിൽ നാലു വിക്കറ്റും സ്പിന്നർമാർ സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിയിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം ബെൻ സ്റ്റോക്സും ബെൻ ഫോക്സും ഇംഗ്ലണ്ടിനായി പൊരുതാനിറങ്ങി. ടീം സ്കോർ 220-ൽ നിൽക്കേ കാര്യമായ മുന്നേറ്റം നടത്താനാകാതെ സ്റ്റോക്സ് മടങ്ങി. ഉജ്ജ്വല ഫീൽഡിങ് പ്രകടനത്തിലൂടെ ശ്രേയസ് അയ്യറാണ് ഇംഗ്ലണ്ട് ക്യാപ്റ്റനെ പുറത്താക്കിയത്. ടീം സ്കോർ 250 കടന്നതിന് പിന്നാലെ 36 റൺസുമാ ഫോക്സ് മടങ്ങി. വാലറ്റതാരങ്ങളുടെ ചെറുത്ത് നിൽപ്പ് വേഗത്തിൽ അവസാനിപ്പിച്ച ബുമ്ര പരമ്പരയിൽ ഇന്ത്യക്ക് ആദ്യ വിജയം സമ്മാനിച്ചു.
നേരത്തെ ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് കരുത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 253ൽ അവസാനിച്ചിരുന്നു. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിൽ 255 റൺസാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ കുറിച്ചത്. യശ്വസി ജയ്സ്വാളിവന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 396 റൺസ് നേടിയത്.
Story highlights : India defeated England in Visakhapattanam test